

കോഴിക്കോട്: ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ജൂലായ് മാസത്തില്‍ തുടങ്ങുമെന്ന് അറിയിച്ച കോഴ്സ് ലിസ്റ്റില്‍ അറബിക് അഫ്സല് ഉലമ, പി ജി, ന്യൂജെന്‍ അറബിക് കോഴ്സുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് സംസ്ഥാന കമ്മിറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദുവിന് നിവേദനം സമര്‍പ്പിച്ചു.

ഏറെ പ്രതീക്ഷകളോടെയാണ് ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയെ കേരള ജനത സ്വീകരിച്ചതെന്നും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുവാന്‍ കഴിയുന്ന ഒരു യൂണിവേഴ്സിറ്റിയായിട്ടാണ് വിദ്യാര്‍ഥികള്‍ ഇതിനെ കണ്ടതെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് ന്യൂജെന്‍ അറബിക് കോഴ്സുകളടക്കം ധാരാളം കോഴ്സുകള്‍ക്ക് അവസരം ഉണ്ടാകുമെന്ന് അറബിക് പഠിതാക്കള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും കെ എ ടി എഫ് നിവേദക സംഘം കൂടിക്കാഴ്ചയില്‍ മന്ത്രിയോട് പറഞ്ഞു. എന്നാല്‍ ജൂലായ് മാസത്തില്‍ തുടങ്ങുമെന്ന് അറിയിച്ച കോഴ്സുകളില്‍ അറബിക് ഡിഗ്രി കേഴ്സുകള്‍ മാത്രമാണ് ഇടം പിടിച്ചതെന്നും
ഏറെ പഠിതാക്കളും അനന്ത ജോലി സാധ്യതകളുമുള്ള അറബിക് ന്യൂ ജെന്‍ കോഴ്സുകളും അഫ്സല് ഉലമ, പി ജി കോഴ്സുകളും മറ്റും ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തത് ഏറെ പ്രയാസം സൃഷ്ടിക്കുമെന്നും നിവേദക സംഘം മന്ത്രിയെ ധരിപ്പിച്ചു.

കെ എ ടി എഫ് സംസ്ഥാന
ഹെഡ് ക്വാര്‍ട്ടേഴ്സ് സെക്രട്ടറി എം എ റഷീദും ജില്ലാ പ്രസിഡന്റ് എ മുഹമ്മദുമായിരുന്നു നിവേദക സംഘത്തിലുണ്ടായിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ എന്നിവര്‍ക്കും കെ എ ടി എഫ് നിവേദനം നല്കി.
പഠിതാക്കളുടെയും ഭാഷാ സ്നേഹികളുടെയും ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഈ പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് കെ എ ടി എഫ് നേതാക്കളായ ടി പി അബ്ദുല്‍ ഹഖ്, എം എ ലത്തീഫ്, മാഹിന്‍ ബാഖവി എന്നിവര്‍ ആവശ്യപ്പെട്ടു.

