കഥ പറയുന്നത് വിശാല ഇന്ത്യനര്‍ഥത്തില്‍; ജനഗണമന പാന്‍ ഇന്ത്യന്‍ സിനിമയെന്ന് അണിയറ പ്രവര്‍ത്തകര്‍

Web Desk
1 Min Read

കൊച്ചി: ജനഗണമന രാഷ്ട്രീയമല്ല പറയുന്നതെന്നും സാമൂഹ്യകാര്യങ്ങളാണ് അവതരിപ്പിക്കുന്നതെന്നും നടന്‍ പൃഥ്വിരാജ്. ജനഗണമന സിനിമ പ്രവര്‍ത്തകരുടെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ കാര്യങ്ങളില്‍ വലിയ പ്രതിസന്ധി നേരിട്ട തീര്‍ത്തും നിരാശനായ ഒരു മനുഷ്യന്റെ പ്രതികരണങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. വ്യവസ്ഥിതിയില്‍ വിശ്വാസമില്ലാത്ത ഒരാളുടെ രീതികളാണ് ട്രെയിലറില്‍ പുറത്തുവന്ന സംഭാഷണങ്ങളെന്നും പൃഥ്വിരാജ് പറഞ്ഞു.
ഏപ്രില്‍ 28ന് ലോകത്താകമാനം റീലിസ് ചെയ്യുന്ന ജനഗണമനയുടെ രണ്ടാം ഭാഗത്തിലെ ദൃശ്യങ്ങളാണ് ട്രെയിലറില്‍ പുറത്തുവന്നത്. ഒന്നാം ഭാഗം റിലീസാകുന്നതിനു മുമ്പുതന്നെ രണ്ടാംഭാഗത്തിലെ രംഗങ്ങള്‍ പുറത്തുവരുന്നത് അപൂര്‍വമായ സംഗതിയാണെന്ന് സംവിധായകന്‍ ഡിജോ ജോസ് ആന്റണി പറഞ്ഞു.
സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയമാണ് താന്‍ സിനിമയിലൂടെ പറയാന്‍ ശ്രമിച്ചതെന്നും അടുത്തകാലത്തിറങ്ങിയ ഏറ്റവും സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമയായി തനിക്കു തോന്നിയത് ആദാമിന്റെ മകന്‍ അബുവാണെന്ന് രചയിതാവ് ഷാരിസ് മുഹമ്മദ് പറഞ്ഞു. രാഷ്ട്രീയ പക്ഷത്തു നിന്നല്ല മനുഷ്യപക്ഷത്തു നിന്നാണ് സിനിമ പറയാന്‍ ശ്രമിച്ചതെന്നും അദ്ദേഹം വിശദമാക്കി.
ചോദ്യങ്ങള്‍ പലതും ചോദിക്കുന്നുണ്ടെങ്കിലും സിനിമയില്‍ അതിനുള്ള ഉത്തരങ്ങളുണ്ടോയെന്ന് പ്രേക്ഷകര്‍ കാണണമെന്നും പിന്നണി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ വിവിധ ഭാഷകളിലെ അഭിനേതാക്കളെ ഉള്‍പ്പെടുത്തി ചെയ്യുന്നതിനെയാണ് പാന്‍ ഇന്ത്യന്‍ സിനിമ എന്നു പറയാറുള്ളത്. എന്നാല്‍ വിശാല ഇന്ത്യനര്‍ഥത്തില്‍ കഥ പറയുന്നതിനാല്‍ ജനഗണമന പാന്‍ ഇന്ത്യന്‍ സിനിമയാണെന്ന് പൃഥ്വിരാജ് പറഞ്ഞു.
മലയാളത്തില്‍ ജനഗണമന എന്ന പേരിലിറങ്ങുന്ന ചിത്രം തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ ജന 22 എന്ന പേരിലായിരിക്കും റിലീസാവുക.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ജനഗണമന നിര്‍മിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകന്‍ ഡിജോ ജോസ് ആന്റണി, നായകന്മാരായ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട്, കഥാകൃത്ത് ഷാരിസ് മുഹമ്മദ്, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!