

രാജ്കോട്ട്: എസ് എസ് എഫ് ദേശീയ സാഹിത്യോത്സവിന് ഗുജറാത്തിലെ രാജ്‌കോട്ടില്‍ തുടക്കമായി. ഹാജി ഇബ്രാഹിം തുര്‍ക്കി ബാപ്പു മഖാം സിയാറത്തിന് ശേഷം മുഫ്തി മുജാഹിദ് അലി ബാവ (മുഫ്തി രാജ്കോട്ട്) പതാക ഉയര്‍ത്തി.

അക്കാദമിക് ചര്‍ച്ചകളും സാഹിത്യ സംവാദങ്ങളും വിവിധ കലാ- മത്സരങ്ങളും നടക്കുന്ന സാഹിത്യോത്സവില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. സാഹിത്യ അവാര്‍ഡ് ജേതാക്കള്‍, വിവിധ യൂണിവേഴ്‌സിറ്റികളിലെ പ്രൊഫസര്‍മാര്‍, റിസര്‍ച്ച് സ്‌കോളേഴ്‌സ്, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കും. മൂന്ന് കാറ്റഗറികളിലായി നടക്കുന്ന 60ല്‍ പരം മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും.

സംസ്ഥാന സാഹിത്യോത്സവുകള്‍ പൂര്‍ത്തിയാക്കിയാണ് എസ് എസ് എഫ് പ്രഥമ ദേശീയ സാഹിത്യോത്സവ് നടക്കുന്നത്. ഇന്ത്യന്‍ സാഹിത്യ ചരിത്രത്തില്‍ പുതിയൊരു ചുവടുവെപ്പാവുന്ന ദേശീയ സാഹിത്യോത്സവിനെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ദേശീയ സാഹിത്യോത്സവിന്റെ ഉദ്ഘാടന സമ്മേളനം ഫെബ്രുവരി 24 വ്യാഴാഴ്ച പ്രശസ്ത ഈജിപ്ഷ്യന്‍ കവിയും അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. ആലാ ജാനിബ് നിര്‍വ്വഹിക്കും. ഡോ. പത്മശ്രീ ശഹാബുദ്ദീന്‍ റാത്തോഡ് മുഖ്യാതിഥിയായിരിക്കും.
കവി മനോഹര്‍ ത്രിവേദി, എഴുത്തുകാരന്‍ തുഷാര്‍ എം വ്യാസ്, ഡോ. ഫാറൂഖ് നഈമി, നൗഷാദ് ആലം മിസ്ബാഹി, സുഹൈറുദ്ധീന്‍ നൂറാനി തുടങ്ങിയവര്‍ പങ്കെടുക്കും. സമാപന സംഗമം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. പത്മശ്രീ അക്തറുല്‍ വാസിഹ് മുഖ്യാതിഥിയായിരിക്കും. ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി, ഷൗക്കത്ത് നഈമി, ബഷീര്‍ നിസാമി ഗുജറാത്ത് തുടങ്ങിയവര്‍ സംബന്ധിക്കും. ദേശീയ സാഹിത്യ- രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ സമാപനത്തില്‍ പങ്കെടുക്കും.

