

മൈക്രോ ഹെല്‍ത്ത് ലബോറട്ടറികളുടെ സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ ഡോ. സി കെ നൗഷാദ് എയര്‍പോര്‍ട്ടുകളിലെ കോവിഡ് പരിശോധനയെ കുറിച്ച് സംസാരിക്കുന്നു. സൂക്ഷ്മജീവി ശാസ്ത്രത്തില്‍ ഗോള്‍ഡ് മെഡലോടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റില്‍ ഡോക്ടറേറ്റും നേടി. നിരവധി ഗവേഷണ പ്രബന്ധങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റല്‍, യു എ ഇയിലെ അറബ് കമ്പനി ഫോര്‍ ആനിമല്‍ പ്രൊഡക്ഷന്‍, ഖത്തറിലെ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് എന്നിവിടങ്ങളിലെ 10 വര്‍ഷത്തെ സേവനത്തിന് ശേഷം 2009ല്‍ ഖത്തറിലെ രാജകുടുംബാംഗമായ ശൈഖ് ജാസിം ബിന്‍ അഹമ്മദ് ബിന്‍ ഖലീഫ അല്‍താനിയുമായി ചേര്‍ന്ന് ദോഹയില്‍ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് സ്ഥാപിച്ചു. പിന്നീട് ദോഹയിലും ദുബൈയിലും ഇന്ത്യന്‍ കോഫി ഹൗസ് എന്ന പേരില്‍ റസ്റ്റോറന്റ് ശൃംഖല സ്ഥാപിച്ചു. ക്യാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന ഗ്രൂപ്പിനു കീഴില്‍ അഞ്ച് രാജ്യങ്ങളിലായി വിവിധങ്ങളായ പന്ത്രണ്ട് കമ്പനികള്‍ സ്ഥാപിക്കുകയും ദോഹ ആസ്ഥാനമായ പ്രസ്തുത ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമാണ്.

? കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ മൊത്തം വിദേശ യാത്രയ്ക്കാരുടെ എത്ര ശതമാനം പേരാണ് പോസിറ്റീവ് ആവുന്നത്? എല്ലാ എയര്‍പോര്‍ട്ടുകളിലും ഈ ശതമാനക്കണക്ക് ഒരേപോലെയാണോ?
= മൊത്തം യാത്രയ്ക്കാരുടെ വളരെ ചെറിയ ശതമാനം മാത്രമാണ് റാപ്പിഡ് പരിശോധനയില്‍ പോസിറ്റീവ് ആവുന്നത്. വിവിധ എയര്‍പോര്‍ട്ടുകള്‍ തമ്മിലുള്ള ശതമാനക്കണക്കിലെ അന്തരവും ചെറുതാണ്. ഒമിക്രോണിന്റെ സാമൂഹിക വ്യാപനത്തോടെ കഴിഞ്ഞ മാസം മുതല്‍ പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും സമീപ ആഴ്ചകളില്‍ ഇതില്‍ കുറവു വന്നിട്ടുണ്ട്.
? രോഗമോ രോഗലക്ഷണമോ രോഗവാഹകരുമായി ഒരുവിധ സമ്പര്‍ക്കമോ ഇല്ലാതെ പോലും എങ്ങനെയാണ് ചിലര്‍ എയര്‍പോര്‍ട്ടുകളില്‍ വെച്ച് പോസിറ്റീവ് ആവുന്നത്?
= ഒരാള്‍ കോവിഡ് ടെസ്റ്റില്‍ പോസിറ്റീവ് ആയി എന്നതു കൊണ്ട് അയാള്‍ കോവിഡ് രോഗിയാണെന്ന് അര്‍ഥമില്ല. അദ്ദേഹത്തിന്റെ പരിശോധനയ്ക്കെടുത്ത സാമ്പിളില്‍ കോവിഡ് വൈറസിന്റെ ജനിതക ഘടകം ഉണ്ടെന്ന് മാത്രമെ അര്‍ഥമുള്ളൂ. ഒമിക്രോണിന്റെ സാമൂഹിക വ്യാപനം സംഭവിച്ച സാഹചര്യത്തില്‍ ആരില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും പ്രസ്തുത വൈറസുകള്‍ നമ്മുടെ മൂക്കിലേക്കോ വായിലേക്കോ കടക്കാം. ആ വൈറസ്, സ്രവം എടുക്കുന്ന സമയത്ത് സ്വാബിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടാല്‍ ടെസ്റ്റ് പോസിറ്റീവ് ആവാം. അതുകൊണ്ടാണ് പോസിറ്റീവ് ആവാനുള്ള സാധ്യതകള്‍ ഊഹിക്കാന്‍ പോലും കഴിയാത്തവര്‍ വരെ ചിലപ്പോള്‍ എയര്‍പോര്‍ട്ടുകളില്‍ വെച്ച് പോസിറ്റീവ് ആവുന്നത്.
? ഒരാളെ അനധികൃതമായി പോസിറ്റീവ് ആക്കിയാല്‍ പരിശോധന നടത്തുന്ന ലാബിനോ എയര്ലൈനിനോ എന്തെങ്കിലും നേട്ടമുണ്ടോ?
= നേട്ടമില്ലെന്നു മാത്രമല്ല നഷ്ടവുമാണത്. നാട്ടിലെത്തി തിരിച്ചു പോരുമ്പോള്‍ ടെസ്റ്റ് പോസിറ്റീവ് ആവുമോ എന്ന ഭീതിയില്‍ നാട്ടിലേക്കുള്ള യാത്രകള്‍ വലിയ തോതില്‍ ക്യാന്‍സല്‍ ചെയ്യപ്പെടുന്ന പ്രവണത ഇപ്പോള്‍ തന്നെ ഉള്ളതിനാല്‍ പോസിറ്റീവിറ്റി നിരക്ക് കൂടുന്നത് എയര്‍ലൈനുകള്‍ക്ക് ഭീമമായ നഷ്ടമാണുണ്ടാക്കുന്നത്.

? ടെസ്റ്റ് പോസിറ്റീവ് ആവുന്നവരുടെ പരിശോധനാ വിവരങ്ങള്‍ ആവശ്യമെങ്കില്‍ അധികൃതര്‍ക്ക് റീചെക്ക് ചെയ്യാന്‍ കഴിയുമോ?
= കഴിയും. പരിശോധനയുമായി ബന്ധപ്പെട്ട ടെക്നിക്കല്‍ ഡാറ്റകള്‍ പരിശോധന നടത്തിയ ഉപകരണത്തില്‍ നിന്നും ഒരു നിശ്ചിത കാലം വരെ റിട്രീവ് ചെയ്ത് പരിശോധനയുടെ ആധികാരികത ഉറപ്പു വരുത്താന്‍ അധികാരികള്‍ക്ക് കഴിയും. എന്നു മാത്രമല്ല, എല്ലാ എയര്‍പോര്‍ട്ടുകളിലും സംസ്ഥാന ഗവര്‍മെന്റ് നിയമിക്കുന്ന ഹെല്‍ത്ത് ഓഫീസറാണ് ഞങ്ങള്‍ നടത്തുന്ന ടെസ്റ്റുകള്‍ അടക്കം എല്ലാവിധ ആരോഗ്യ സംബന്ധമായ കാര്യങ്ങളും നിയന്ത്രിക്കുന്നത്.
? റാപ്പിഡ് പരിശോധനയില്‍ തെറ്റുവരാനുള്ള സാധ്യതയുണ്ടോ?
= സാമ്പിള്‍ കളക്ഷനില്‍ മിസ്റ്റേക്ക് വന്നാലും മേല്‍ പറഞ്ഞ മറ്റു കാരണങ്ങളാലും ഫാള്‍സ് നെഗറ്റീവ് റിസല്‍ട്ട് കിട്ടാം. എന്നാല്‍ തെറ്റായി ഫാള്‍സ് പോസിറ്റീവ് ഫലം വരാനുള്ള സാധ്യത തീരെയില്ല.

? പരിശോധനകളുടെ ഗുണനിലവാരത്തിലെ കണിശതയില്‍ അല്‍പ്പ സ്വല്പ്പം വിട്ടുവീഴ്ചകള്‍ ചെയ്ത്, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മനസ്സിലാക്കി, കോവിഡ് മഹാമാരിയുടെ ദുരിതമനുഭവിക്കുന്ന നിരാലംബരായ പ്രവാസികളോടും എയര്‍പോര്‍ട്ടുകളിലെത്തുന്ന സ്ത്രീജനങ്ങളോടും പിഞ്ചു കുഞ്ഞുങ്ങളോടുമൊക്കെ അല്‍പ്പം കൂടെ ‘കരുണ’ കാണിക്കാന്‍ ലാബുകള്‍ക്ക് കഴിയില്ലേ?
= ഏത് ദുരിത സാഹചര്യങ്ങളിലും എത്രയൊക്കെ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായാലും അര്‍പ്പിതമായ ഉത്തരവാദിത്വങ്ങളില്‍ നിന്ന് വ്യതിചലിക്കുക എന്നത് ഒരു പ്രൊഫഷണല്‍ സ്ഥാപനത്തിന് ചെയ്യാന്‍ കഴിയുന്ന ഒന്നല്ല. കൂടാതെ വ്യക്തികളുടെ പ്രശ്ന പരിഹാരത്തിനായി സിസ്റ്റത്തിന്റെ ക്വാളിറ്റിയില്‍ വരുത്തുന്ന ഏത് കോംപ്രമൈസും ആത്യന്തികമായി ബാധിക്കുക നമ്മുടെ രാജ്യത്തെയും അതിന്റെ പ്രതിച്ഛായെയും അതുവഴി മൊത്തം ജനങ്ങളെയുമാണ്. നിശ്ചയിക്കപ്പെട്ട പരിധിയിലധികം പേര് വിദേശങ്ങളിലെത്തിയ ശേഷം പോസിറ്റീവാവുന്ന സാഹചര്യം തുടര്‍ച്ചയായുണ്ടായാല്‍ ഒരുപക്ഷെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വീണ്ടും വിലക്ക് വരാനുള്ള സാധ്യതപോലുമുണ്ട്. ദൗര്‍ഭാഗ്യവശാല്‍ അത്തരം ഒരു സാധ്യതയുടെ ആശങ്കയിലാണ് നിലവില്‍ പല വിമാനക്കമ്പനികളും ചില എയര്‍പോര്‍ട്ടുകളും.
? യാത്രക്കാര്‍ അസ്വാഭാവികമായി പോസിറ്റീവ് ആവുന്നു എന്ന ആരോപണം ഏതെങ്കിലും ചില എയര്‍പോര്‍ട്ടുകളില്‍ മാത്രമാണോ നിലവിലുള്ളത്?
= അല്ല. ഈ പരിശോധന നടത്തപ്പെടുന്ന എല്ലാ എയര്പോര്ട്ടുകള്ക്കെതിരിലും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. ചിലയിടങ്ങളില്‍ യാത്രയ്ക്കാരില് നിന്നുണ്ടാവുന്ന മോശം പെരുമാറ്റങ്ങള്‍ കാരണം, സുരക്ഷ ഉറപ്പുവരുത്താനായി സി ഐ എസ് എഫിനെ ചുമതല ഏല്‍പ്പിക്കേണ്ടി വരുന്ന സാഹചര്യവും നിലവിലുണ്ട്.
ഒരു ടെസ്റ്റിംഗ് ഏജന്‍സി എന്ന നിലയില്‍ പോസിറ്റീവായി തിരിച്ചു പോവേണ്ടി വരുന്ന യാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങളില്‍ കാഴ്ചക്കാരായി നില്ക്കുക എന്നതിനപ്പുറം അവരെ സഹായിക്കാന്‍ മറ്റൊന്നും ചെയ്യാന്‍ കഴിയാത്ത ഞങ്ങളുടെ നിസ്സഹായത കൂടി മനസ്സിലാക്കുക.
? കോവിഡ് മഹാമാരിയുടെ ആവിര്‍ഭാവത്തിന് ശേഷം ആ സാഹചര്യം മുതലെടുക്കാന്‍ വേണ്ടി രൂപം കൊണ്ട ഒരു ലബോറട്ടറിയാണോ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ്?
= അല്ല. 1998 മുതല്‍ ഇരുപത്തിയഞ്ചു വര്‍ഷക്കാലമായി അഞ്ചു രാജ്യങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്ന, പതിനഞ്ചിലധികം രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം ലബോറട്ടറി എക്സ്പേര്‍ട്ടുകള്‍ ജോലി ചെയ്യുന്ന ഒരു പ്രൈവറ്റ് ഷെയര്‍ ഹോള്‍ഡിംഗ് ലബോറട്ടറി ശൃംഖലയാണ് മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ്. മൈക്രോ ഹെല്‍ത്തിന്റെ ദുബൈ, ഖത്തര്‍ ലാബുകള്‍ ലോകത്തെ ഏറ്റവും മികച്ച ഹെല്‍ത്ത് കെയര്‍ അക്രഡിറ്റേഷനായ JCI-USA അംഗീകാരം നേടിയ ലബോറട്ടറികളാണ്. മൈക്രോ ഹെല്‍ത്തിന്റെ കോഴിക്കോട് ബ്രാഞ്ച് ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പു തന്നെ, ഇന്ത്യയിലെ ഏറ്റവും വലിയ ലബോറട്ടറി അക്രഡിറ്റേഷനായ NABL നേടിയിരുന്നു. ഇപ്പോള്‍ ഈ ലാബും JCI-USAയുടെ ഓഡിറ്റിംഗിന് വേണ്ടി അപേക്ഷ നല്കി കാത്തിരിക്കുകയാണ്. സമീപ ഭാവിയില്‍ തന്നെ കേരളത്തിലെ JCI അംഗീകാരമുള്ള ഏക ലബോറട്ടറിയായി കോഴിക്കോട് മൈക്രോ ഹെല്‍ത്ത് മാറും. ഖത്തറിലെ പ്രൈവറ്റ് ലബോറട്ടറികളില്‍ ഏറ്റവും വലുതും വര്‍ഷങ്ങളായി ഗുണനിലവാരത്തില്‍ ഏറ്റവും മികച്ചെതെന്ന് ഖത്തര്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് സാക്ഷ്യപ്പെടുത്തിയതുമായ ലാബോറട്ടറിയുമാണ് മൈക്രോ ഹെല്‍ത്ത് ഖത്തര്‍. മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രസ്റ്റീജിയസ്സായ റിസര്‍ച്ച് സെന്ററുകളിലൊന്നായ ഖത്തര്‍ ഫൗണ്ടേഷന് പലപ്പോഴും അവരുടെ റിസര്‍ച്ച് സാമ്പിള്‍ അനാലൈസിസ് ചെയ്യാന്‍ ഖത്തര്‍ മൈക്രോ ഹെല്‍ത്തിനെ ഏല്‍പ്പിക്കാറുണ്ട്. ബംഗ്ലാദേശ് എയര്‍പോര്‍ട്ടുകളില്‍ കോവിഡ് റാപ്പിഡ് പരിശോധന സംവിധാനം ഏര്‍പ്പെടുത്താന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍, അവരുടെ യു എ ഇ എംബസി വഴി ഏര്‍പ്പാടാക്കിയതും മൈക്രോ ഹെല്ത്തിനെയാണ്.
ചുരുക്കത്തില്‍ കോവിഡ് രോഗനിര്‍ണ്ണയം നടത്തി, വലുതായ ഒന്നല്ല മൈക്രോ ഹെല്‍ത്ത്. മറിച്ച് കോവിഡിനു മുമ്പു തന്നെ ക്വാളിറ്റിയിലും ക്വാണ്ടിറ്റിയിലും മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉണ്ടായിരുന്നതിനാല്‍ കോവിഡ് രോഗത്തിന്റെ ആവിര്‍ഭാവത്തോടെ, കോവിഡ് നിര്‍ണ്ണയത്തിലേക്കും മറ്റു പലരും കടന്നു വരുന്നതിനു മുമ്പു തന്നെ മൈക്രോ ഹെല്‍ത്ത് കടന്നു വരികയായിരുന്നു.

? വന്‍ കോര്‍പ്പറേറ്റ് മുതലാളിമാര്‍ മാത്രം ഷെയര്‍ ഹോള്ഡര്മാരായുള്ള ഒരു കോര്‍പ്പറേറ്റ് സ്ഥാപനമാണോ മൈക്രോ ഹെല്‍ത്ത്?
= അല്ല. 2019 ഡിസംബര്‍ 31 വരെ, കുടുംബ- സുഹൃത്ത് സര്‍ക്കിളില്‍ ഉള്ളവര്‍ മാത്രം ഷെയര്‍ ഹോള്ഡര്മാരായിരുന്ന ഈ ലബോറട്ടറി ശൃംഖല, 2020 ജനുവരി മുതല്‍, അമ്പത് ശതമാനം ഓഹരികള്‍ പഴയ ആളുകളില്‍ നിലനിര്‍ത്തിക്കൊണ്ട്, ബാക്കി അമ്പത് ശതമാനം ഷെയറുകള്‍, ഒരു യൂണിറ്റിന് പത്തു ലക്ഷം രൂപ എന്ന കണക്കില്‍; ഗള്‍ഫ് മലയാളികള്‍, ഗള്‍ഫില്‍ നിന്നും ജോലി നഷ്ടപ്പെട്ടു തിരിച്ചു വന്നവര്‍, വിധവകള്‍, അടക്കമുള്ള പുതിയ ഷെയര്ഹോള്ഡമാരെ ഉള്‍പ്പെടുത്തി, ഒരു പ്രൈവറ്റ് ഷെയര്‍ ഹോള്‍ഡിംഗ് കമ്പനിയായാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ എല്ലാ മത- രാഷ്ട്രീയ- വരുമാന ചുറ്റുപാടുകളില്‍ നിന്നുള്ളവരും സ്ത്രീകളും പുരുഷന്മാരുമൊക്കെ നിലവില്‍ ഈ കമ്പനിയുടെ ഷെയര്‍ ഹോള്‍ഡര്‍മാരാണ്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

