
- ഷഫീക്ക് കബീര്‍
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്…. ലോക രക്ഷിതാവായ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്കി അവര്‍ പരിശുദ്ധ മക്കയില്‍ ഒത്തുചേര്‍ന്നിരിക്കുന്നു. കഅബ തവാഫ് ചെയ്യുമ്പോള്‍ മുട്ടിയിരുമ്മി തിരക്കിട്ട് നടന്നതും സഫയുടേയും മര്‍വയുടേയും ഇടയില്‍ പരസ്പരം തട്ടി നടന്നതും പിശാചിനു നേരെ കല്ലെറിയാനോങ്ങുമ്പോള്‍ തിക്കിലും തിരക്കിലും പെട്ടതുമെല്ലാം ചരിത്രം.
കണ്ണില്‍ കാണാനാവാത്ത കൊറോണയെന്ന വൈറസ് ലോകത്തെ മുഴുവന്‍ അനാങ്ങാവാത്ത അവസ്ഥയില്‍ നിര്‍ത്തിയ സാഹചര്യത്തില്‍ ഹജ്ജിലും നിയന്ത്രണങ്ങള്‍ വന്നു. പരിശുദ്ധ ഹറമിലെത്താനുള്ള ലോകത്തിലെ ലക്ഷക്കണക്കിന് മനുഷ്യരുടെ ആഗ്രഹങ്ങള്‍ കേവലം ആഗ്രഹങ്ങള്‍ മാത്രമായി.
ഹജ്ജ് സ്വപ്നം മാത്രമായി ബാക്കിയായി എത്രയോ പേര്‍ മരണത്തിലേക്ക് യാത്രപോയി. പണവും പ്രതാപവും ആരോഗ്യവും മാത്രമല്ല, ദൈവത്തിന്റെ മഹത്തായ ഔദാര്യം കൂടിയുണ്ടെങ്കിലേ ഹജ്ജ് ഉള്‍പ്പെടെ ലോകത്തില്‍ മനുഷ്യര്‍ക്ക് ചെയ്യാനാവുന്ന എന്തു കാര്യവും നിര്‍വഹിക്കാനാവുകയുള്ളു എന്നു മനസ്സിലാക്കിത്തന്ന ഒന്നര വര്‍ഷക്കാലമാണ് കടന്നുപോയത്.
ഈ വര്‍ഷവും ഹജ്ജ് ഏതാനും പേരിലേക്ക് ചുരുങ്ങി. ലോകത്തിലെ മനുഷ്യവംശത്തിലെ ലക്ഷക്കണക്കിന് ആളുകളെ പ്രതിനിധീകരിച്ച് ഏതാനും പേര്‍ മാത്രം കഅബയെ തവാഫ് ചെയ്യും, സഫയുടേയും മര്‍വയുടേയും ഇടയിലൂടോടും, മുസ്ദലിഫയില്‍ രാപാര്‍ക്കുകയും മദീനയിലൈ പ്രവാചകന്റെ പള്ളിയിലെ ബാങ്കിന് കാതോര്‍ക്കുകയും ചെയ്യും- ഹാ അവരെത്ര ഭാഗ്യവാന്മാര്‍.
ലോകത്തിലെ കോടാനുകോടി മുസ്ലിംകളെ പ്രതിനിധികരിച്ച് ഹജ്ജിന് പോകാന്‍ സാധിച്ച മഹാഭാഗ്യവാന്മാരെ, ഈ ഹജ്ജ് ലോകത്തിനു വേണ്ടി നിങ്ങള്‍ നിര്‍വഹിക്കുക. ഇസ്മാഈലിന്റേയും ഹാജറയുടേയും വിജനമായ മക്കയല്ല, സംസം പരന്നൊഴുകി സാംസ്‌ക്കാരിക വഴികളൊരുക്കിയ മക്കയിലാണ് നിങ്ങള്‍ നിലകൊള്ളുന്നത്. ഇരുകൈകളുമുയര്‍ത്തി നാഥനോട് തേടുക- പ്രപഞ്ചത്തിന്റെ സൃഷ്ടാവേ, കോവിഡെന്ന മഹാരോഗത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കേണമേ.
അടുത്ത ഹജ്ജിനെങ്കിലും ലക്ഷക്കണക്കിന് ഹൃദയങ്ങളിലെ മിടിക്കുന്ന ആഗ്രഹത്തെ സഫലമാക്കാനുള്ള വഴികളൊരുക്കേണമേ..


(സി ഇ ഒ അസീം ടെക്‌നോളജീസ്)
