
മനാമ: സെന്റ് പീറ്റേഴ്സ് യാക്കോബായ ദേവാലയം ബൂസൈതീനില്‍ നടന്ന സെന്റ് പീറ്റേഴ്സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ എസ് എം ഐ ഒ സി ഫാല്‍ക്കണ്‍സ് ചാമ്പ്യന്മാരായി.

സിറില്‍ കെ ജോണ്‍ ക്യാപ്റ്റനായും റിജിന്‍ വര്‍ഗീസ് വൈസ് ക്യാപ്റ്റനായും ടീമിനെ നയിച്ചു. ബഹ്റൈനിലെ വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് 8 പ്രമുഖ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ആതിഥേയരായ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയിലെ ‘സെന്റ് പീറ്റേഴ്സ് ഹിറ്റേഴ്സ് ടീമിനെതിരെ 9 വിക്കറ്റുകളുടെ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയാണ് സെന്റ് മേരീസ് ഫാല്‍ക്കണ്‍സ് വിജയകിരീടം ചൂടിയത്.

വിജയികള്‍ക്കുള്ള സെന്റ് പീറ്റേഴ്സ് എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും മറ്റ് പുരസ്‌കാരങ്ങളും സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി വികാരിയും കെ സി ഇ സി പ്രസിഡന്റുമായ വെരി റെവ. സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പയും മറ്റ് ഭാരവാഹികളും ചേര്‍ന്ന് സമ്മാനിച്ചു.
വ്യക്തിഗത പുരസ്‌കാരങ്ങളില്‍ സെന്റ് മേരീസ് ഫാല്‍ക്കണ്‍സ് കായിക താരങ്ങളായ ജോജി എബ്രഹാം ‘മാന്‍ ഓഫ് ദി ടൂര്‍ണമെന്റ്’ പുരസ്‌കാരവും ടൂര്‍ണമെന്റിലെ ‘ബെസ്റ്റ് ബാറ്റ്സ്മാന്‍’ പുരസ്‌കാരവും നേടിയപ്പോള്‍ റൈജു മാത്യു ഫൈനലിലും സെമി ഫൈനലിലുമുള്ള ‘മാന്‍ ഓഫ് ദി മാച്ച്’ പുരസ്‌കാരങ്ങളും ടൂര്‍ണമെന്റിലെ ‘ബെസ്റ്റ് ബൗളര്‍’ പുരസ്‌കാരവും കരസ്ഥമാക്കി.

