
കൊച്ചി:മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരണത്തില്‍ പ്രമുഖ ചാനല്‍ മേധാവിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സത്യവാങ്മൂലം. മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രദീപിന്റെ മാതാവ് ആര്‍ വസന്തകുമാരി സമര്‍പ്പിച്ച ഹരജിയിലാണ് അധിക സത്യവാങ്മൂലം നല്‍കിയത്.


ആരോപിക്കപ്പെടുന്ന ചാനലിനെതിരെ പ്രദീപ് നേരത്തെ ചില വാര്‍ത്തകള്‍ നല്‍കിയിരുന്നതായി സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ വാര്‍ത്തകളെത്തുടര്‍ന്ന് ചാനലിലെ ജീവനക്കാരനില്‍നിന്ന് പ്രദീപിന് ഭീഷണി ഉണ്ടായിരുന്നു. ഇതേക്കുറിച്ച് നേരത്തെ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴിനല്‍കിയിരുന്നതാണ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഒരുതരത്തിലുമുള്ള അന്വേഷണമുണ്ടായില്ലെന്ന് മാതാവിന്റെ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചാനലിന്റെ ഭാഗത്തുനിന്നുള്ള ഭീഷണികളെക്കുറിച്ച് പ്രദീപ് മുന്‍പ് മുഖ്യമന്ത്രിക്കും ബിജെപിക്കും പരാതി നല്‍കിയിരുന്നു. അന്ന് കരമന പൊലീസ് സ്റ്റേഷനില്‍ ചാനല്‍ ജീവനക്കാരനെ വിളിച്ചുവരുത്തി മാപ്പെഴുതി വാങ്ങി കേസ് അവസാനിപ്പിക്കുകയാണ് ചെയ്തതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. അതേസമയം, വസന്തകുമാരിയുടെ ഹരജി പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റിസ് കെ ഹരിപാല്‍ പിന്മാറി. കേസ് പിന്നീട് മറ്റൊരു ബെഞ്ച് പരിഗണിക്കും. കഴിഞ്ഞ ഡിസംബര്‍ 14നാണ് തിരുവനന്തപുരം കാരക്കാമണ്ഡപത്തുണ്ടായ വാഹനാപകടത്തില്‍ പ്രദീപ് മരിച്ചത്. പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറിനെ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മീഡിയവണ്‍, മനോരമ ന്യൂസ്, ന്യൂസ് 18, ജയ്ഹിന്ദ്, കൈരളി, മംഗളം ചാനലുകളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു പ്രദീപ്. മരണത്തില്‍ ചാനലിലെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ ആരോപണവുമായി ഇതേ സ്ഥാപനത്തിലെ ജീവനക്കാരന്റെ ഭാര്യയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
