
ദുബൈ: ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ വളയം ദുബൈയില്‍ സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തു. ‘ഐന്‍ ദുബൈ’ അഥവാ ദുബൈയുടെ കണ്ണ് എന്നാണ് ഈ കുറ്റന്‍ ചക്രത്തിന്റെ പേര്. ഇതിന് മുകളിലേറി ദുബൈ കിരീടാവകാശി കാപ്പി കുടിക്കുന്ന വീഡിയോ വൈറലാവുകയാണ്.


ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് ഐന്‍ ദുബൈക്ക് മുകളിലിരുന്ന് കാപ്പി ആസ്വദിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ദുബൈ നഗരത്തിലെ ബ്ലൂവാട്ടര്‍ ഐലന്റിലാണ് ഐന്‍ ദുബൈ നിര്‍മിച്ചിരിക്കുന്നത്. 250 മീറ്ററാണ് ഇതിന്റെ ഉയരം. വളയത്തിലൊരിക്കിയ കാബിനിലിരുന്ന് ദുബൈ നഗരത്തിന്റെ കണ്ണായ മേഖലയിലെ കാഴ്ചകളെല്ലാം കാണാം എന്നതാണ് ഇതിന്റെ പ്രത്യേകത. 1750 പേര്‍ക്ക് ഒരേ സമയം ഇതില്‍ കയറാം. മൂന്ന് തരം കാബിനുകളുണ്ട്. നിരീക്ഷണത്തിനും, ഒത്തുചേരലുകള്‍ക്കും, പുറമെ സ്വകാര്യ ആവശ്യത്തിനും ഉപയോഗിക്കാവുന്നവ. 38 മിനിറ്റ് കൊണ്ടാണ് ഐന്‍ ദുബൈ ഒരു കറക്കം പൂര്‍ത്തിയാക്കുക. വിനോദസഞ്ചാരികള്‍ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഒരു കറക്കമോ, രണ്ട് കറക്കമോ തെരഞ്ഞെടുത്ത് ഇതില്‍ പ്രവേശിക്കാം. ദുബൈയിലേക്ക് എത്താന്‍ വിനോദസഞ്ചാരികള്‍ക്ക് മറ്റൊരു കാരണം കൂടിയാവുകയാണ് ഐന്‍ ദുബൈ.
