ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരികെയെത്തി

Web Desk
1 Min Read

തിരുവനന്തപുരം: ഇടത് സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരികെയെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. ചെറിയാന്‍ ഫിലിപ്പിന്റെ രണ്ട് പതിറ്റാണ്ട് കാലത്തെ ഇടത് സഹവാസത്തിനാണ് ഇതോടെ അവസാനമായത്. രാജ്യസഭാ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ അദ്ദേഹം സി.പി.എം നേതൃത്വവുമായി അകന്നു തുടങ്ങിയിരുന്നു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറായില്ല. മഴക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് വിമര്‍ശനവും ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയുമായി വേദി പങ്കിട്ടതിനു പിന്നാലെയാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതായി ഉറപ്പാക്കിയത്. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കും യുവനേതാക്കള്‍ക്കും വിജയസാധ്യതയില്ലാത്ത സീറ്റ് നല്‍കിയെന്ന് കുറ്റപ്പെടുത്തിയായിരുന്നു അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും പടിയിറങ്ങിയത്. പുനസ്സംഘടനയെ ചൊല്ലി കലഹിച്ച് കെ.പി അനില്‍കുമാര്‍ അടക്കമുള്ളവര്‍ സി.പി.എം പാളയത്തിലേക്ക് ചേക്കേറിയപ്പോള്‍ ചെറിയാന്‍ ഫിലിപ്പിനെ തിരികെ എത്തിക്കാനായത് കോണ്‍ഗ്രസിന് നേട്ടമായി. നേരത്തെ ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി സ്വാഗതം ചെയ്തിരുന്നു. കോണ്‍ഗ്രസ് പ്രവേശനം പ്രഖ്യാപിക്കും മുമ്പ് ആന്റണിയുടെ വസതിയിലെത്തി ചെറിയാന്‍ ഫിലിപ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു. ചെറിയാന്‍ ഫിലിപ്പ് അടുത്ത സുഹൃത്തെന്നും മടങ്ങിവരവില്‍ സന്തോഷമെന്ന് ആന്റണി പറഞ്ഞു. 20 വര്‍ഷം സിപിഎമ്മിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടും ഒരിക്കല്‍ പോലും സിപിഎമ്മില്‍ ചേരാന്‍ അദ്ദേഹത്തിന് തോന്നിയില്ലെന്നും ആന്റണി പറഞ്ഞു. ചെറിയാന്‍ തിരിച്ചുവരുന്നത് അദ്ദേഹത്തിന്റെ തറവാടായ കോണ്‍ഗ്രസിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!