

കോഴിക്കോട്: സ്വകാര്യ ബസുകളുടെ അമിത വേഗം നിയന്ത്രിക്കുന്നതിനും ബസ് ജീവനക്കാരുടെ അതിക്രമം തടയുന്നതിനും കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ബന്ധപ്പെട്ട സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥിന്റെതാണ് ഉത്തരവ്.

കണ്ണൂര്‍ – കോഴിക്കോട് റൂട്ടില്‍ അമിത വേഗതയില്‍ ഓടുന്ന മസാഫി എന്ന് പേരുള്ള സ്വകാര്യ ബസിലെ ജീവനക്കാരെ ചോദ്യം ചെയ്തതിന് മര്‍ദ്ദനമേറ്റ വടകര സ്വദേശി ടി.പി. വിജീഷ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

കമ്മീഷന് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. പരാതിയില്‍ ഐ.പി.സി.പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബസ് ജീവനക്കാരുടെ മര്‍ദ്ദനം കാരണം തനിക്ക് രണ്ടാഴ്ച ജോലിക്ക് പോകാനായില്ലെന്നും ചികിത്സക്കായി ഏറെ പണം ചെലവായെന്നും പരാതിക്കാരന് കമ്മീഷനെ അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തതില്‍ കമ്മീഷന് തൃപ്തി രേഖപ്പെടുത്തി.

