

അങ്ങ് അയര്‍ലന്റിലാണ്. എന്നിട്ടും അയാളുടെ സ്വപ്‌നത്തില്‍ നിറയെ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് സിനിമകളാണ്. അല്ലെങ്കിലും സിനിമയെ സ്‌നേഹിച്ച് സ്‌നേഹിച്ചാണയാള്‍ റയാന്‍ എയറിലെ കാബിന്‍ ക്രൂവിനെ ആകാശത്തു തന്നെ നിര്‍ത്തി ക്യാമറയുടെ മുമ്പില്‍ ഭൂമിയിലേക്ക് ഇറങ്ങിവന്നത്.

സ്വരൂപ്- മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതമാണ് ആ മുഖമെങ്കിലും എപ്പോഴും ആളെ കണ്ടുകിട്ടമെന്നില്ല. അയര്‍ലാന്റിലെ ഒരു കൗണ്ടിയില്‍ ശാന്തമായി വായിച്ചും എഴുതിയും സിനിമ കണ്ടും അതിലേറെ സ്വപ്‌നങ്ങള്‍ നെഞ്ചോടു ചേര്‍ത്തും ജീവിക്കുന്നു.
പ്രഭു സോളമന്‍ സംവിധാനം നിര്‍വഹിച്ച് ധനുഷും കീര്‍ത്തി സുരേഷും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച തൊടരി കണ്ടവരാരും സ്വരൂപിനെ മറക്കില്ല. കീര്‍ത്തിയുടെ മുറൈമാമനായി അഭിനയിച്ചു തകര്‍ത്ത വേഷമാണത്.


മലയാളി താരം മെറീന മൈക്കിള്‍ ആദ്യമായി തമിഴില്‍ വേഷമിട്ട ഡല്‍ഹി ഗണേഷ് സംവിധാനം നിര്‍വഹിച്ച എന്നുള്‍ ആയിരത്തില്‍ മെറീനയുടെ സഹോദരനായിരുന്നു സ്വരൂപ്. കോവിഡിനെ തുടര്‍ന്ന് പോസ്റ്റ് പൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിയ ധര്‍മപതിനിയാണ് സ്വരൂപിന്റെ അടുത്ത സിനിമ. അതിന്റെ ഡബ്ബിംഗാണ് ഇനി തീര്‍ക്കാനുള്ളത്.
രാഘവേന്ദ്ര റാവുവിന്റെ തിരുപ്പതി വെങ്കിടാചലപതി അന്നമയ സീരിസില്‍ ദേവേന്ദ്ര വേഷത്തില്‍ പ്രത്യക്ഷപ്പെട്ട സ്വരൂപ് മലയാളത്തില്‍ പത്മവ്യൂഹത്തിലെ അഭിമന്യുവിലാണ് ഒടുവില്‍ അഭിനയിച്ചത്.
മാണി സി കാപ്പന്‍ നിര്‍മ്മിച്ച് ജോഷി മാത്യു സംവിധാനം ചെയ്ത മാന്‍ ഓഫ് ദ് മാച്ച് എന്ന ചിത്രത്തില്‍ വിദ്യാര്‍ഥി നേതാവിന്റെ വേഷത്തിലായിരുന്നു സ്വരൂപിന്റെ അരങ്ങേറ്റം. അക്ബര്‍ കക്കട്ടിലിന്റെ ‘അധ്യാപകന്റെ ഡയറി’ മുഹമ്മദ് കുട്ടി സംവിധാനം ചെയ്ത് തിരുവനന്തപുരം ദൂരദര്‍ശന്‍ ‘സ്‌കൂള്‍ ഡയറി’ എന്ന പേരില്‍ സീരിയലാക്കിയപ്പോള്‍ എം ആര്‍ ഗോപകുമാറിന്റെ കുഞ്ഞിരാമന്‍ മാഷുടെ മകന്‍ ദിവാകരനായി ടി വിയിലെത്തി സ്വരൂപ്.

പിന്നെ പഠനകാലമായിരുന്നു. 2005ല്‍ യു കെയിലേക്ക് വിമാനം കയറിയ സ്വരൂപിന് ഐറിഷ് സിനിമകളും സീരിയലുകളുമായിരുന്നു അടുത്ത തട്ടകം.
കീരോണ്‍ ജെ വാല്‍ഷ് സംവിധാനം ചെയ്ത് ഐറിഷ് ചാനല്‍ ആര്‍ ടി ഇ സംപ്രേഷണം ചെയ്ത സീരിയല്‍ സാവേജ് ഐ, സൈമണ്‍ മാസേ സംവിധാനം ചെയ്ത ആര്‍ ഇ ടി ചാനലിലെ അക്കാലത്ത് റേറ്റിംഗില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സീരിയല്‍ റോ, സ്റ്റീവ് ബാറോണ്‍ സംവിധാനം ചെയ്ത സിനിമ ട്രഷര്‍ ഐലന്റ്, കോണര്‍ സ്ലാറ്ററി സംവിധാനം ചെയ്ത ന സ്‌കോയിറ്റീര്‍ (നോ വേ ഔട്ട്), ആന്‍ഡ്രീ ആണ്ടനോഫ് സംവിധാനം ചെയ്ത ബള്‍ഗേറിയന്‍ ഷോര്‍ട്ട് ഫിലിം ഈഗോ ട്രിപ്, സ്റ്റീവന്‍ പാട്രിക്കും ഫ്ളോറിയന്‍ സാപ്രയും ചേര്‍ന്നൊരുക്കിയ ഐറിഷ് ചിത്രം ക്ലൗണ്‍സ്, സ്റ്റീവന്‍ ബ്രാഡി സംവിധാനം നിര്‍വഹിച്ച ടെലിഫിലിം ലിസ എന്നിവയിലെല്ലാം വേഷമിട്ട സ്വരൂപ് ഏറെ ശ്രദ്ധിക്കപ്പെട്ടു.

പഠനത്തിന് പിന്നാലെ നിരവധി കമ്പനികളില്‍ ജോലി ചെയ്ത അദ്ദേഹം മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയുടെ കീഴില്‍ എയര്‍ഹോസ്റ്റസ് ട്രെയിനിംഗ് നടത്തി. ഈ കാലയളവില്‍ പാരീസിലേക്കുള്ള ഒരു വിമാന യാത്രയില്‍ റുമാനിയന്‍ സിനിമാ നിര്‍മാതാവ് ഫ്ളോറിയനെ പരിചയപ്പെട്ടത് ജീവിതത്തിലെ വഴിത്തിരിവായി. കാമുകിയോടൊപ്പം യാത്ര പോവുകയായിരുന്ന ഫ്ളോറിയന്‍ സ്വരൂപിലെ നടനെ ആദ്യനോട്ടത്തില്‍ തന്നെ മനസ്സിലാക്കിയതോടെ ഐറിഷ് വെള്ളിത്തിരയിലെ ഇന്ത്യന്‍ മുഖമായി അദ്ദേഹം.

നിലമ്പൂരില്‍ ജനിച്ച സ്വരൂപ് പരേതനായ കെ പി ഗോപാലകൃഷ്ണന്റേയും തദ്ദേശ സ്വയംഭരണ വകുപ്പിലെ സൂപ്രണ്ടായിരുന്ന കോഴിക്കോട് സ്വദേശി പി പ്രേമയുടേയും മകനാണ്. കോഴിക്കോട് പഠിച്ചു വളര്‍ന്ന ഇദ്ദേഹം സ്‌കൂള്‍തല ക്വിസ്, ലളിതഗാന മത്സരങ്ങളില്‍ മികവ് പ്രകടമാക്കിയിരുന്നു. അച്ഛന്റെ മരണത്തിന് ശേഷം അവസരോചിതമായി ഇടപെട്ട അച്ഛന്റെ സുഹൃത്തും മുന്‍മന്ത്രിയുമായ എ സി ഷണ്‍മുഖദാസാണ് സ്വരൂപിന് പുതിയ വഴികള്‍ തുറന്നുകൊടുത്തത്. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ സ്വരൂപിനും പ്രത്യേക പരിഗണന നല്കിയിരുന്നു. അദ്ദേഹവുമായുള്ള ബന്ധമായിരുന്നു മാന്‍ ഓഫ് ദ് മാച്ച് എന്ന സിനിമയിലേക്ക് പ്രവേശനം ലഭ്യമാക്കിയത്.
പ്രസിദ്ധ തെന്നിന്ത്യന്‍ സംവിധായകന്‍ ലിസ ബേബി സ്വരൂപിന്റെ കുടുംബത്തിലാണ് വിവാഹം ചെയ്തിരുന്നത്. കുടുംബത്തിലെ സിനിമാക്കാരന്‍ തന്നെയാവണം സിനിമ സ്വപ്‌നമാക്കാന്‍ സ്വരൂപിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.
ആലുവ സ്വദേശിനിയും അയര്‍ലന്റില്‍ ക്ലിനിക്കല്‍ നഴ്‌സ് മാനേജരുമായ സ്മിത നായരാണ് സ്വരൂപിന്റെ ഭാര്യ. വിദ്യാര്‍ഥി അലോക് കാര്‍ത്തിക് ഏകമകനാണ്.
ഫിനാന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന അജിത്, ബിസിനസുകാരനായ രാജീവ് എന്നിവരാണ് സ്വരൂപിന്റെ സഹോദരങ്ങള്‍.

തേടിയെത്തുന്നവയില്‍ കാമ്പില്ലാത്ത കഥാപാത്രങ്ങള്‍ സ്വീകരിക്കാതിരിക്കുന്നതിനാല്‍ മലയാളത്തില്‍ സിനിമകളുടെ എണ്ണം കുറവാണ്. താമസിക്കുന്നത് അയര്‍ലന്റിലോ ഇന്ത്യയില്‍ ചെന്നൈയിലോ ആകുന്നതിനാല്‍ പലപ്പോഴും മലയാള സിനിമയ്ക്ക് അദ്ദേഹത്തെ അടുത്തറിയാനുള്ള അവസരം ലഭിച്ചിട്ടുമില്ല.
സ്വയം സംതൃപ്തി നല്കുന്ന കഥാപാത്രങ്ങളെ മാത്രം കാത്തിരിക്കുന്നതുകൊണ്ടുതന്നെ സ്വീകരിക്കുന്നവ ഏറ്റവും മനോഹരമാക്കാന്‍ പൂര്‍ണമായും അതില്‍ മുഴുകുകയെന്നതാണ് സ്വരൂപിന്റെ രീതി. ശബ്ദക്രമീകരണത്തിലും സംഭാഷണം അവതരിപ്പിക്കുന്നതിലും സ്വരൂപ് കാണിക്കുന്ന മിടുക്ക് പലവട്ടം സഹപ്രവര്‍ത്തകരുടെ അഭിനന്ദത്തിന് പാത്രമായിട്ടുണ്ട്.

