

ദോഹ: ആകാശത്ത് ശവ്വാലമ്പിളി പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ഖുര്‍ആന്‍ മുഴുവന്‍ പിന്നേയും പിന്നേയും ഓതിത്തീര്‍ക്കണം, റമദാനിന്റെ പുണ്യം മുഴുവന്‍ തന്നോടൊപ്പം ചേര്‍ത്തുവെക്കണം… ഓരോ വിശ്വാസിയും റമദാന്‍ അവസാനിക്കുമ്പോള്‍ മനസ്സില്‍ കണക്കു കൂട്ടുന്ന കാര്യങ്ങളാണിവ.

സൂഖ് വാഖിഫിലെ മസ്ജിദില്‍ നിറം ചേര്‍ന്ന കണ്ണാടി ജാലകങ്ങള്‍ക്കപ്പുറത്തും കാഴ്ച അതുതന്നെയായിരുന്നു. രാത്രിയുടെ അന്ത്യയാമങ്ങളെ ‘ഹയാത്താക്കുന്ന’ ഖിയാമുല്ലൈലുകള്‍ക്കു മുമ്പും ശേഷവുമെല്ലാം ഖുര്‍ആന്‍ പാരായണം ചെയ്യുന്ന എത്രയെങ്കിലും പേരെ മസ്ജിദുകളില്‍ കാണാനാവും. അവര്‍ക്ക് ‘റയ്യാന്‍’ കവാടങ്ങളിലൂടെ കടന്നു പോകാനുള്ള സ്വപ്‌നങ്ങളുണ്ട്.

കണ്ണാടി ജാലകത്തിനപ്പുറത്തും ഇപ്പുറത്തുമായി വെളിച്ചം നടത്തുന്ന മാന്ത്രിക പ്രകടനത്തില്‍ ഫോട്ടോഗ്രാഫറുടെ കണ്ണുടക്കുന്ന അതേ നിമിഷത്തില്‍ തന്നെ ക്യാമറയില്‍ ചിത്രം പതിഞ്ഞിരിക്കും. ഫോട്ടോ പതിയുന്നത് ഡിജിറ്റല്‍ ക്യാമറയിലെ മെമ്മറിയിലേക്കല്ല, ഫോട്ടോഗ്രാഫറുടെ ഹൃദയത്തിലേക്കാണ്, പിന്നെയത് കാഴ്ചക്കാരനിലേക്ക് കുടിയേറും.
വിശ്വാസിയുടെ ആകാശത്തേക്ക് വെളിച്ചത്തിന്റെ വ്യത്യസ്ത മാനങ്ങള്‍ സന്നിവേശിപ്പിക്കുന്ന ഈ ചിത്രമല്ലാതെ മറ്റെന്താണ് ഈദാശംസയോടൊപ്പം കൈമാറേണ്ടത്. നന്ദി.. ഷിറാസ് സിതാരയെന്ന ഫോട്ടോഗ്രാഫറുടെ പതിവ് കയ്യൊപ്പിന്.

