ആറാമത് ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയ്ക്ക് കൊച്ചിയില്‍ തുടക്കം

Web Desk
3 Min Read

കൊച്ചി: രാജ്യത്തെ പ്രമുഖ ബോട്ടിംഗ്, മറൈന്‍, വാട്ടര്‍സ്പോര്‍ട്സ് വ്യവസായങ്ങളുടെ പ്രദര്‍ശനമായ ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐ ബി എം എസ്) ആറാമത് പതിപ്പിന് കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ തുടക്കമായി. ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് ഡി ഐ ജി എന്‍ രവി ഉദ്ഘാടനം ചെയ്തു.

city exchange

സ്പീഡ്ബോട്ടുകള്‍, മറൈന്‍ എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, മീന്‍പിടുത്ത ഉപകരണങ്ങള്‍, അനുബന്ധ സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെ 60ഓളം സ്ഥാപനങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മിക്കുന്നവയും ഇറക്കുമതി ചെയ്തതുമായ ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്.

തൃശൂര്‍ മുണ്ടൂരിലെ സെല്‍സെര്‍ പോളിമേഴ്സ് നിര്‍മിക്കുന്ന മോഡുലാര്‍ ഫ്ളോട്ടറുകളാണ് പ്രദര്‍ശനത്തിലെ ആകര്‍ഷണങ്ങളിലൊന്ന്. ഇവയുപയോഗിച്ച് ചുരുങ്ങിയ സമയത്തില്‍ ബോട്ട് ജട്ടികള്‍, കേജ് ഫിഷ് ഫാമുകള്‍, ഫ്ളോട്ടിംഗ് വാക്ക് വേയ്സ്, ഒഴുകുന്ന ചെറുദ്വീപുകള്‍, ഫ്ളോട്ടിംഗ് സോളാര്‍ പവര്‍ പ്ലാന്റുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ നിര്‍മിക്കാന്‍ കഴിയുമെന്ന് ഡയറക്ടറും സി എം ഒയുമായ സുബിന്‍ സണ്ണി പറഞ്ഞു. പെലാജിക് ഔട്ട്ഡോര്‍ എക്വിപ്മെന്റിന്റെ സ്റ്റാളില്‍ ഫിഷിംഗ് റോഡുകള്‍, റീല്‍സ്, ലൈന്‍സ്, ഹുക്ക്സ്, ല്യൂര്‍സ്, ടെര്‍മിനല്‍ ടാക്ക്ള്‍ എന്നിവയാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

ലിഷര്‍ ഫിഷിംഗിന് കേരളത്തില്‍ വലിയ വളര്‍ച്ചാ സാധ്യതയാണുള്ളതെന്ന് കമ്പനി വക്താവ് ഡെറിക് ഡിസൂസ പറഞ്ഞു. ഇലക്ട്രിക് ഔട്ട്ബോഡ് മോട്ടോര്‍, ബോട്ടുകള്‍, ചാര്‍ജറുകള്‍ തുടങ്ങിയവയാണ് അഹമ്മദാബാദില്‍ നിന്നെത്തിയിട്ടുള്ള കിന്‍ടെക് ഇലക്ട്രികയാന്‍സിന്റെ സ്റ്റാളിലുള്ളത്. സിനിര്‍ജി ശ്രേണിയില്‍ കെളാചന്ദ്ര പ്രെസിഷിന്‍ എന്‍ജിനീയേഴ്സ് പുതുതായി വിപണിയിലറക്കിയ ഇലക്ട്രിക് ബോട്ടും ഏറെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഇവയ്ക്കു പുറമെ കളകള്‍, പ്ലാസ്റ്റിക് മാലിന്യം എന്നിവ നീക്കം ചെയ്യുന്ന ബോട്ടുകളും കമ്പനിയുടേതായുണ്ട്. കള നീക്കം ചെയ്യുന്ന സവിശേഷ ബോട്ടുകളുമായി ക്ലിയര്‍ റോബോട്ടിക്സും പ്രദര്‍ശനത്തിനുണ്ട്.

- Advertisement -
Ad image

കൊച്ചിയെ ഷിപ്പ് റിപ്പയര്‍, ഷിപ്പ് ബില്‍ഡിംഗ് വ്യവസായങ്ങളുടെ ഹബ്ബാക്കാന്‍ പോന്ന 4000 കോടി രൂപയുടെ പദ്ധതികള്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ആസ്ഥാനമായി കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തതതിന്റെ പശ്ചാത്തലത്തില്‍ ഐ ബി എം സിന്റെ ആറാമത് പതിപ്പിന് വര്‍ധിച്ച പ്രസക്തിയുണ്ടെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു പുറമെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും എം എസ് എം ഇ മേഖലയെ പിന്തുണയ്ക്കുന്നതിനും ഈ പദ്ധതികള്‍ വഴി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള സര്‍ക്കാരിനു കീഴിലുള്ള കെ-ബിപ്, കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള എന്‍ എസ് ഐ സി, കൊച്ചി വാട്ടര്‍ മെട്രോ, കേരളാ ടൂറിസം, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, എസ് എന്‍ സി ഡി ടി പി സി, ഐ എം യു എന്നീ സ്ഥാപനങ്ങളുടെ അംഗീകാരവും പിന്തുണയും മേളയ്ക്കുണ്ട്. ഇതിനു പുറമെ ബോട്ട് യാര്‍ഡുകള്‍, ഉപകരണ നിര്‍മാതാക്കള്‍ തുടങ്ങി കേരളത്തില്‍ നിന്നുള്ള എസ് എം ഇകളുടെ പ്രത്യേക ഇന്‍ഡസ്ട്രി പവലിയനും ഐബിഎംസിന്റെ ഭാഗമാണ്.

മേളയുടെ രണ്ടാം ദിവസമായ വെള്ളിയാഴ്ച വിവിധ പ്രതിരോധ വകുപ്പ് സ്ഥാപനങ്ങള്‍, ഷിപ്പ് യാര്‍ഡുകള്‍, തുറമുഖങ്ങള്‍ എന്നിവയ്ക്കായുള്ള വെണ്ടര്‍ ഡെവലപ്മെന്റെ പ്രോഗ്രാം (വി ഡി പി) എന്‍ എസ് ഐ സി സംഘടിപ്പിക്കും. ഈ മേഖലയില്‍ നിന്നുള്ള കൂടുതല്‍ എം എസ് എം ഇകളെ വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉത്പന്നങ്ങളും സേവങ്ങളും നല്‍കാന്‍ പ്രാപ്തമാക്കുന്നതിന് ലക്ഷ്യമിട്ടാണ് വി ഡി പിയുടെ സംഘാടനം. കേന്ദ്ര സര്‍ക്കാരിനു കീഴിലെ ആത്മ ഭാരത് സ്‌കീമിനു കീഴില്‍ ഇത്തരത്തില്‍പ്പെട്ട വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങള്‍ എം എസ് എം ഇ മേഖലയോട് അവരുടെ ഉത്പന്ന, സേവന ആവശ്യങ്ങള്‍ അവതരിപ്പിക്കണമെന്നതിന്റെ പശ്ചാത്തലത്തിലാണ് വി ഡി പി.

എം പി ടൂറിസം, യു പി ടൂറിസം, തെലങ്കാന ടൂറിസം, ലക്ഷദ്വീപ് ടൂറിസം തുടങ്ങി രാജ്യത്തെ പ്രമുഖ ടൂറിസം ബോര്‍ഡുകള്‍ മേളയ്ക്ക് പ്രതിനിധികളെ അയക്കുന്നുണ്ട്. ഇവയ്ക്കു പുറമെ മാലി, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരും മേളയ്ക്കെത്തിയിട്ടുണ്ട്. വിവിധ വാട്ടര്‍ സ്പോര്‍ട്സ്, ലീഷര്‍ ബോട്ട് ഉപകരണ നിര്‍മാതാക്കള്‍, സേവനദാതാക്കള്‍ എന്നിവരെ തെരഞ്ഞെടുക്കാനാണ് ഇവരുടെ വരവ്.

ഐ ബി എം എസിന്റെ അഞ്ച് പതിപ്പുകള്‍ വിജയകരമായി നടത്തിയ കൊച്ചി ആസ്ഥാനമായ ക്രൂസ് എക്സോപോസാണ് മേളയുടെ സംഘാടകര്‍. ബംഗ്ലാദേശ്, ശ്രീലങ്ക, മാലി എന്നിവിടങ്ങളില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ ബോട്ട് ഷോകളില്‍ ഇന്ത്യന്‍ പവലിയന്റെ സംഘാടകരുമാണ് കമ്പനി.

ഫെബ്രുവരി പത്താം തിയ്യതി ശനിയാഴ്ച മേള സമാപിക്കും.

Share This Article
Leave a Comment
error: Content is protected !!