

അരയന്‍കാവ്: കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ 30 വര്‍ഷത്തിലേറെയായി കൃത്യതയോടെയും ആത്മാര്‍ഥതയോടെയും സേവനം നിര്‍വഹിച്ച എ ഷൗക്കത്ത് ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടിയിറങ്ങി. 1992 മെയ് മാസത്തില്‍ മീറ്റര്‍ റീഡറായി സര്‍വീസില്‍ പ്രവേശിച്ച ഷൗക്കത്ത് വാട്ടര്‍ അതോറിറ്റിയില്‍ 1993-ല്‍ പമ്പ് ഓപ്പറേറ്ററായും 1995-ല്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായും സേവനം ചെയ്തു. 1997-ല്‍ പി എസ് സി വഴി കെ എസ് ഇ ബിയില്‍ വീണ്ടും മീറ്റര്‍ റീഡറായി നിയമിതനായി. 2005-ല്‍ സബ് എഞ്ചിനിയറായും 2014-ല്‍ അസിസ്റ്റന്റ് എഞ്ചിനിയറായും സ്ഥാനക്കയറ്റം ലഭിച്ചു.

സേവന ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അദ്ദേഹം നേടിയ നേട്ടങ്ങള്‍ അഭിനന്ദനാര്‍ഹമായിരുന്നു. 2019-ല്‍ ഉദയംപേരൂര്‍ സെക്ഷനില്‍ സന്‍സദ് ആദര്‍ശ് ഗ്രാമീണ്‍ യോജന പദ്ധതിയുടെ സമയബന്ധിത സമാപനം വിജയകരമായി പൂര്‍ത്തിയാക്കിയതിന് എറണാകുളം ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറുടെ പ്രത്യേക പ്രശംസ ലഭിച്ചു. 2022-ല്‍ പെരുവ സെക്ഷനില്‍ 100 ശതമാനം കളക്ഷന്‍ എഫിഷ്യന്‍സി നിലനിര്‍ത്തിയതിനു കോട്ടയം ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറുടെ അവാര്‍ഡും 2023-ല്‍ കരുവാരക്കുണ്ട് സെക്ഷനിലും തുടര്‍ച്ചയായി 100 ശതമാനം കളക്ഷന്‍ നിലനിര്‍ത്തിയതിനു നിലമ്പൂര്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറുടെ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. 2024-ല്‍ ദ്യുതി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ 100 ശതമാനം പൂര്‍ത്തിയാക്കിയതിനു തൃപ്പൂണിത്തുറ എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ പ്രത്യേക അവാര്‍ഡും ലഭിച്ചു. അതുപോലെ തന്നെ 2022, 2023 വര്‍ഷങ്ങളില്‍ അപകടരഹിത സെക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹത്തിന്റെ പ്രവര്‍ത്തനക്ഷമതയുടെ തെളിവാണ്.

വൈദ്യുതി ബോര്‍ഡിന്റെ വിവിധ യൂണിറ്റുകളില്‍ സേവനം നല്‍കിയിട്ടുള്ള ഷൗക്കത്ത് ജോലിക്ക് മാത്രമല്ല, സഹപ്രവര്‍ത്തകരോടും ഉപഭോക്താക്കളോടും നിര്‍മലമായ ബന്ധം പുലര്‍ത്തിയ ഉദ്യോഗസ്ഥനായിരുന്നു. ജീവിതത്തിലുടനീളം കൃത്യതയും ഉത്തരവാദിത്തബോധവുമുള്ള സേവനമാണ് അദ്ദേഹം നല്‍കിയത്. ഇതോടൊപ്പം തന്നെ സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും പ്രശംസ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഭാര്യ ആബിദയും മക്കളായ ഫാതിമത്തു സുഹ്‌റ, അനീസ ഷഹനാസ്, സുമയ്യ നസ്‌റിന്‍ എന്നിവരും അദ്ദേഹത്തിന്റെ ജീവിതയാത്രയില്‍ പങ്കാളികളായിത്തന്നെ നിലകൊണ്ടു. കീച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും സ്വതന്ത്ര കര്‍ഷക സംഘം പിറവം മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ കെ എ നൗഷാദ്, കെ എ ടി എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് മാഹിന്‍ ബാഖവി എന്നിവര്‍ അദ്ദേഹത്തിന്റെ സഹോദരങ്ങളാണ്.

