ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസ്സും

Web Desk
2 Min Read

ആരോഗ്യവും ദീര്‍ഘായുസ്സും എല്ലാവരുടേയും ആഗ്രഹമാണ്. ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ഊര്‍ജസ്വലതയുള്ള മനസ്സിന് നിലനില്പ്പുള്ളൂ. ഇവ രണ്ടും ചേര്‍ന്നാലേ ക്രിയാത്മകതയുള്ള പൗരനും അതിലൂടെ ഒരു ശക്തമായ സമൂഹവും സൃഷ്ടിക്കപ്പെടുകയുള്ളു.

city exchange

ഒരു ഭരണകൂടം ആരോഗ്യമുള്ള ഒരു സമൂഹത്തേയും അതിന്റെ ശക്തമായ അതിജീവനത്തേയും ലക്ഷ്യമിട്ടുകൊണ്ട് ഒരു ദിവസം മാറ്റിവയ്ക്കുന്നത് വളരെ അപൂര്‍വമായ കാഴ്ച്ചയാണ്. ഖത്തര്‍ ദേശീയ കായിക ദിനം രാജ്യത്തെ ജനങ്ങളെ കായിക മേഖലയുമായി കൂടുതല്‍ അടുപ്പിക്കാനും അതുവഴി അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെകുറിച്ചു കൂടുതല്‍ ബോധവാന്മാരാക്കാനും ഖത്തര്‍ ഭരണാധികാരികള്‍ കാണിക്കുന്ന ഉത്സാഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ലോകത്തിന് മാതൃകയാണ് ഖത്തറിന്റെ ദിശാബോധമുള്ള ഭരണകൂടത്തിന്റെ ഈ പ്രതിബദ്ധത.

ഒരു കായിക സംസ്‌കാരവും അതിലൂടെ കായിക ക്ഷമതയും സ്വന്തം പൗരന്മാരിലും ഇവിടെ ചേക്കേറിയ പ്രവാസ സമൂഹത്തിലും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2012 മുതലാണ് ഖത്തര്‍ ദേശീയ കായിക ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ച്ചയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും ഖത്തറിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പുറമേ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളേയും തൊഴിലാളികളേയും ഉള്‍പ്പെടുത്തി വളരെ വിപുലമായ രീതിയിലാണ് ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തുവരുന്നത്.

ലോകത്തിലെ ഒട്ടുമിക്ക കായിക വിഭാഗങ്ങളുടേയും ഫെഡറേഷനുകള്‍ ഖത്തറില്‍ സജീവമാണ്.ഒപ്പം ലോകത്തിന്റെ കായിക ഭൂപടത്തില്‍ ഇതിനോടകം തന്നെ തങ്ങളുടെ കൈയ്യൊപ്പ് ചാര്‍ത്താന്‍ ഈ ചെറിയ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനുള്ള അംഗീകാരമാണ് 2022ലെ ലോകകപ്പ് ഫുട്ബാളിനുമുള്ള വേദിയൊരുക്കുവാനുള്ള അപൂര്‍വ അവസരം കൈവന്നത്.

- Advertisement -
Ad image

2023 ഏഷ്യന്‍ കപ്പ്, വേള്‍ഡ് ജൂഡോ, അക്വാട്ടിക് ചാംപ്യന്‍ഷിപ് ഉള്‍പ്പെടെ നിരവധി ആഗോള കായിക മത്സരങ്ങളെല്ലാം പുതിയ അനുഭവങ്ങള്‍ നല്കി കടന്നുപോയവയാണ്.

എല്ലാവരിലും ഉറങ്ങിക്കിടക്കുന്ന കായിക വാസന ഉണര്‍ത്തുന്നതിനോടൊപ്പം ജീവിക്കാനുള്ള കായിക ക്ഷമത ഉണ്ടാക്കുകയുമെന്നതാണ് ഈ ദിനത്തിന്റെ സന്ദേശം. എല്ലാ പ്രവാസി സംഘടനകളും കായിക സംഘടനകളും ഈ ദിനത്തില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു കായിക ദിനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യപിക്കുന്നു. സ്‌കൂളുകളിലും കോളേജുകളിലും തുടങ്ങി കമ്പനി സ്റ്റാഫുകള്‍ വരെ ഈ ദിനത്തെ അത്യുത്സാഹത്തോടെ വരവേല്‍ക്കുന്നു എന്നതാണ് ഖത്തര്‍ ദേശീയ ദിനത്തിന്റെ പ്രത്യേകത.

Share This Article
Leave a Comment
error: Content is protected !!