കോവിഡല്ല; പോസിറ്റീവാകേണ്ടത് ചിന്താഗതി

Web Desk
2 Min Read

ആഘോഷങ്ങളുടേയും കൂടിച്ചേരലുകളുടേയും കാഴ്ചപ്പാടുകളെ പാടേ പൊളിച്ചെഴുതിയ കാലമാണ് കോവിഡിന്റേതെന്ന് ഗ്രീന്‍ മൗണ്ടന്‍ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിന്റേയും ഗ്രീന്‍ ടീ റസ്റ്റോറന്റ് ഗ്രൂപ്പിന്റേയും തലവന്‍ സാദിഖ് അലി. കല്ല്യാണം ഉള്‍പ്പെടെയുള്ള ചടങ്ങുകളെല്ലാം ലളിതമായി നടത്താമെന്ന പാഠം പഠിപ്പിച്ചു തന്നത് കോവിഡ് കാലമാണെന്നും അദ്ദേഹം പറയുന്നു. ആഘോഷങ്ങളും കൂടിച്ചേരലുകളുമെല്ലാം വീടകങ്ങളിലേക്ക് ഒതുങ്ങിപ്പോയി.

city exchange

കോവിഡ് കാലം പലര്‍ക്കും പല രീതിയിലാണ് അനുഭവങ്ങള്‍ നല്കിയത്. ഒരു ഭാഗത്ത് ബിസിനസ് രംഗങ്ങളില്‍ കോവിഡ് വലിയ പ്രതിസന്ധികള്‍ നല്കിയപ്പോള്‍ അതേ അളവില്‍ പുതിയ സാധ്യതകള്‍ തുറന്നു നല്കുകയും ചെയ്തു. പ്രതിദിനം ഉപഭോക്താക്കള്‍ കടകളിലും സ്ഥാപനങ്ങളിലും എത്തിച്ചേര്‍ന്ന് കച്ചവടം ചെയ്യുന്ന രീതിക്ക് വലിയ മാറ്റമാണുണ്ടായത്. വിപണി സാധ്യതകള്‍ പല തരത്തില്‍ ആളുകള്‍ക്കു മുമ്പിലേക്ക് തുറന്നിടുകയായിരുന്നു കോവിഡ്- അതുകൊണ്ടുതന്നെ പ്രതിസന്ധിയോടൊപ്പം സാധ്യതകളുടെ കൂടി സമയമാണ് കോവിഡിലൂടെ ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു.
ഇനിയുള്ള ലോകം വളരെ വേഗത്തില്‍ ചലിക്കുന്നതായിരിക്കുമെന്നും അതിന് സാധ്യമാകുന്ന രീതിയില്‍ കാര്യങ്ങളെല്ലാം പുനര്‍ ചിന്തിച്ച് നടപ്പാക്കുകയും ചെയ്യുന്നവര്‍ക്ക് വിജയങ്ങളിലേക്ക് നടന്നു കയറാമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു.
കോവിഡ് പോസിറ്റീവാകുന്നതിനെ ഭീതിയോടെ കാണുന്നവരിലേക്ക് കോവിഡ് കാലത്തെ ബിസിനസ് സാധ്യതകളെ പോസിറ്റീവായി കാണാനുള്ള മനസ്സുണ്ടാക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. പ്രതിസന്ധിയുടെ പേരുപറഞ്ഞ് ഉപയോഗപ്പെടുത്തുന്നവര്‍ ഒരുപാടുണ്ട്. അവരെ മുഖവിലക്കെടുക്കാതെ മുന്നോട്ടു പോകാനാവണം.
കോവിഡ് കാലത്ത് ഈദ് ആഘോഷവും വീട്ടിലൊതുങ്ങിയെങ്കിലും സാദിഖ് അലിയുടെ മനസ്സിലുള്ളത് കുട്ടിക്കാലത്തെ നാട്ടിലെ പെരുന്നാളുകളാണ്. സുഹൃത്തുക്കളോടൊപ്പം ഒത്തുചേരുന്നതും വസ്ത്രമെടുക്കാന്‍ പോകുന്നതുമൊക്കെ ഓര്‍ക്കുമ്പോള്‍ വല്ലാത്ത മാനസിക സുഖം ലഭിക്കും. ഈദ് ഒരുക്കത്തിന്റെ ഭാഗമായി തുന്നിവെച്ച കുപ്പായമിടാനുള്ള വ്യഗ്രത മനസ്സിലൊതുക്കിയും പെരുന്നാള്‍ കോടിയെ ചങ്ങാതിമാര്‍ പരസ്പരം വിലയിരുത്തിയും മുന്നോട്ടുപോയ കാലമായിരുന്നു അത്.
സ്ഥാപനങ്ങള്‍ നടത്തുന്നതില്‍ പല വലിയ ചെലവുകളും കുറക്കാനായെന്നത് കോവിഡ് കാലത്തിന്റെ നേട്ടമായി അദ്ദേഹം കണക്കുകൂട്ടുന്നു. കോവിഡ് കാലത്താണ് തങ്ങളുടെ പുതിയൊരു സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയതെന്നും പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച രീതിയില്‍ ഓണ്‍ലൈനായി കച്ചവടം നടത്താന്‍ സാധിച്ചെന്നും സാദിഖ് അലി സാക്ഷ്യപ്പെടുത്തുന്നു.

വലിയ ചെലവുകളില്ലാതെ ബിസിനസ് ആരംഭിക്കാനാവുന്ന അവസ്ഥ പോലും കോവിഡ് സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നും ഭാവനയും പുതിയ ലോകത്തെ കുറിച്ചുള്ള ധാരണയുമുള്ള ആര്‍ക്കും ബിസിനസില്‍ ശോഭിക്കാനാവുമെന്നും അദ്ദേഹം പറയുന്നു.
ജോലി ചെയ്താല്‍ കിട്ടുന്ന ശമ്പളവും വരുമാനവും മാത്രം പ്രതീക്ഷിച്ച് ജീവിക്കുന്നവരുടെ കാലത്തിന് കൂടി കോവിഡ് സാഹചര്യം അന്ത്യം കുറിച്ചേക്കുമെന്ന് അദ്ദേഹം കരുതുന്നു. ശമ്പളമെന്നത് സ്ലോ പോയിസണാണെന്നും അതിന് കീഴ്‌പ്പെടുന്നവര്‍ അതുമാത്രം പ്രതീക്ഷിച്ചിരിക്കുമെന്നും ബിസിനസുകാരനായ സാദിഖ് അലിക്ക് അഭിപ്രായമുണ്ട്. പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് കൃത്യമായ രീതിയില്‍ ബിസിനസ് രംഗത്ത് മുന്നേറുന്നവര്‍ക്ക് വിജയം വരിക്കാനാവുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
പുതിയ ബിസിനസ് രീതികള്‍ പറയാനും പഠിപ്പിക്കാനും നിലവില്‍ സൗകര്യങ്ങളില്ലാത്തത് വലിയ ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഉപയോഗിച്ച് ബിസിനസുകള്‍ നടത്തുന്നവര്‍ക്ക് അതിന്റെ വിവിധ വശങ്ങള്‍ പഠിപ്പിക്കാനും പരിചയപ്പെടുത്താനുമുള്ള വേദികള്‍ കുറവാണെന്നത് പ്രധാന പരിമിതിയായി അദ്ദേഹം എണ്ണുന്നു.
സാമൂഹ്യ മാധ്യമങ്ങളെ ഗുണപ്രദമായി ഉപയോഗപ്പെടുത്തുകയും അതിന്റെ മോശം വശങ്ങളെ അവഗണിക്കുകയും ചെയ്യുന്നതിലൂടെ കോവിഡാനന്തര കാലത്തെ പോസിറ്റീവായി പ്രയോജനപ്പെടുത്താനാവും.
ഉമ്മര്‍ ഹാജിയുടേയും ആസിയയുടേയും മകനാണ് കണ്ണൂര്‍ ജില്ലയിലെ ശിവപുരം സ്വദേശിയായ സാദിഖ് അലി. റഫ്‌നയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഫറാസ്, സോയ, തഹാനി എന്നിവരാണ് മക്കള്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!