
(ജലീല്‍ രാമന്തളി റമദാന്‍ രണ്ടിന് എഴുതിയ എഫ് ബി പോസ്റ്റ്)

പശ്ചാത്താപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും പൊന്‍കവാടങ്ങള്‍ സര്‍വ്വതും തുറന്നിട്ട പരിശുദ്ധ റമദാന്‍.

സര്‍വ്വലോകനാഥന്റെ അനന്തമായ കാരുണ്യത്തിന്റെ മഹാ ഖജനാവുകളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്, വേദന വിങ്ങുന്ന ഹൃദയങ്ങളില്‍ സമാശ്വാസത്തിന്റെ തേന്മഴ ചൊരിഞ്ഞു കൊണ്ടു റമദാന്‍ വിളിക്കുന്നു. അളവറ്റ പ്രതിഫലത്തിന്റെയും അതിരറ്റ അനുഗ്രഹത്തിന്റെയും കരകവിയുന്ന ദയാവായ്പ്പിന്റെയും തുല്യതയില്ലാത്ത റമദാന്‍.
ഖുദ്‌സിയായ ഒരു ഹദീസില്‍ ഇങ്ങനെ കാണാം. (ഖുദ്‌സിയായ ഹദീസ് എന്നാല്‍ ഖുര്‍ആനില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടില്ലാത്തതും എന്നാല്‍ വിശുദ്ധ ഖുര്‍ആന് സാമ്യം നില്‍ക്കുന്നതുമായ പ്രവാചക വചനം.) ‘മനുഷ്യന്റെ എല്ലാ സദ് കര്‍മ്മങ്ങളുടെയും പ്രതിഫലം ഒന്നിനു പത്ത് മുതല്‍ 700 വരെ ഇരട്ടിക്കപ്പെടും; വ്രതം ഒഴികെ. അല്ലാഹു പറഞ്ഞു: വ്രതം എനിക്കുള്ളതാകുന്നു. അതിന് പ്രതിഫലം കൊടുക്കുന്നത് ഞാനാണ്. കാരണം എനിക്ക് വേണ്ടിയാണ് നോമ്പുകാരന്‍ അവന്റെ ഭക്ഷണവും വികാരവും വെടിഞ്ഞത്. ഒരു നോമ്പുകാരന് രണ്ട് സന്തോഷമുണ്ട്. ഒന്ന് നോമ്പു തുറക്കുമ്പോഴും മറ്റൊന്ന് അവന്‍ തന്റെ രക്ഷിതാവിനെ കണ്ടു മുട്ടുമ്പോഴും വിശ്വഗുരുവായ മുഹമ്മദ് മുസ്തഫ (സ) അരുളി: റമദാന്‍ സമാഗതമായാല്‍ സ്വര്‍ഗ്ഗകവാടങ്ങള്‍ തുറക്കപ്പെടും.’
രോഗികള്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല. എന്നാല്‍ രോഗം മാറുമെന്ന് പ്രത്യാശ ഉള്ളവര്‍ക്ക് തല്‍ക്കാലം നോമ്പ് ഉപേക്ഷിക്കാവുന്നതാണ്. അസുഖം ഭേദമായാല്‍ അത് വീട്ടിത്തീര്‍ക്കണമെന്നേയുള്ളൂ. അസുഖം കൂടുകയോ രോഗവിമുക്തിക്ക് കാലതാമസം നേരിടുകയോ ചെയ്യുമെങ്കിലും നോമ്പ് ഒഴിവാക്കാവുന്നതാണ്. വീട്ടിത്തീര്‍ക്കണം എന്നേയുള്ളൂ. ആരോഗ്യമില്ലാത്ത വൃദ്ധ ജനങ്ങളും രോഗശമനം പ്രതീക്ഷയില്ലാത്തവരും നോമ്പ് നോക്കേണ്ടതില്ല. പകരം ‘ഫിദ്‌യ’ കൊടുക്കണം. ഫിദ്‌യ എന്നാല്‍ ഒരു ദരിദ്രന്റെ ഒരു ദിവസത്തെ ആഹാരമാണ്.
പാലൂട്ടുന്നവളും ഗര്‍ഭിണിയും നോമ്പ് ഉപേക്ഷിച്ചാല്‍ പകരം നോമ്പ് നോക്കേണ്ടതും ഫിദ്‌യ നല്‍കേണ്ടതുണ്ട്. ഇത് പക്ഷേ കുട്ടിയുടെ പ്രയാസം കണക്കിലെടുത്താണെങ്കില്‍ മാത്രമാണ്. അതേസമയം സ്വന്തം ആരോഗ്യമാണ് കണക്കിലെടുക്കുന്നതെങ്കില്‍ ഫിദ്‌യ നല്‍കേണ്ടതില്ല താനും.
യാത്രയും വ്രതവും ഒരുപാട് വിശദീകരണം ആവശ്യമുള്ള വിഷയമാണ്. ചുരുക്കിപ്പറയട്ടെ. യാത്രാ കാരണത്താല്‍ ചുരുക്കി നമസ്‌കരിക്കുന്നതിന് ഇളവുണ്ട്. പ്രയാസകരമായ യാത്രയാണെങ്കില്‍ നോമ്പ് എടുക്കണമെന്നില്ല. പിന്നീട് നോറ്റു വീട്ടണം എന്നേയുള്ളൂ.
അല്ലാഹു ആരെയും ബുദ്ധിമുട്ടിക്കാനോ കടുത്ത പ്രയാസത്തിലാക്കാനോ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് ബുദ്ധിമുട്ടേറെയുള്ള യാത്രകളില്‍ നോമ്പിനു ഇത്തരം ഇളവുകള്‍ അനുവദിച്ചത്. ശരീരത്തെ അതിനു താങ്ങാവുന്നതിലധികം പീഡിപ്പിക്കുന്നത് മതം ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നതേയില്ല തന്നെ.
ആത്മപീഡനവും ഇസ്ലാം അനുവദിക്കുന്നില്ല. അതുപോലെതന്നെയാണ് സ്വശരീരങ്ങള്‍ക്കു മേലുള്ള അതിക്രമങ്ങളും. അത്യുദാരനും പരമകാരുണികനുമായ നാഥന്‍ മാനവരാശിക്ക് അനുഗ്രഹമായിട്ടല്ലാതെ യാതൊന്നും നിര്‍ദേശിച്ചിട്ടില്ല.
പല തവണ അക്കാര്യം സുതാര്യമാം വിധം വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. മാനവ ലോകത്തു നിന്നും ഭൂമിയിലേക്ക് ഇറങ്ങിയ ദൈവവചനത്തിന്റെ മറയില്ലാത്ത തെളിഞ്ഞ വിശദീകരണമായിരുന്നു ആരമ്പ നബിയുടെ ജീവിതമത്രയും. ഒരിക്കലും ഉറവ വറ്റാത്ത ആ ജീവിതചര്യയുടെ കാലടിപ്പാടുകള്‍ പിന്തുടരാന്‍ ഓരോ വിശ്വാസിയും ബാധ്യസ്ഥനാണ്.
ഒരിക്കല്‍ പ്രവാചക ശ്രേഷ്ഠന്‍ സഹചരോടൊപ്പം ഒരു യാത്രയിലായിരുന്നു. അപ്പോള്‍ ഒരാള്‍ക്ക് ചുറ്റും മറ്റുള്ളവര്‍ കൂടിനിന്ന് അദ്ദേഹത്തിന് തണലേകുന്നത് അവിടുന്ന് കാണാനിടയായി. ‘എന്ത് പറ്റി’ എന്ന് ചോദിച്ചപ്പോള്‍ ‘നോമ്പുകാരനാണ്’ എന്ന മറുപടിയാണ് കിട്ടിയത്. അതുകേട്ട പ്രവാചകന്‍ അരുളി: ‘യാത്രയിലെ വ്രതം പുണ്യമല്ല.’ ഈ സംഭവം പ്രാമാണികമായ ഹദീസ് ഗ്രന്ഥങ്ങളില്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.
കാലം മാറിയതനുസരിച്ച് ലോകം വളരെയേറെ മുന്നോട്ടു പോയി. ഇക്കാലത്ത് ദുരിത പൂര്‍ണ്ണവും അപകടകരവുമായ ഒരു യാത്രയുടെയും ആവശ്യമില്ല. ജീവന്‍ പണയം വെച്ചുള്ള യാത്ര ഒരു ഓര്‍മ്മ മാത്രമാണ്. അതുകൊണ്ടുതന്നെ ഏതാനും മണിക്കൂറുകള്‍ക്കകം പ്രയാസമൊന്നും കൂടാതെ ആയിരക്കണക്കിന് കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള യാത്രാസൗകര്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. യാതൊരു ബുദ്ധിമുട്ടുകളും നേരിടേണ്ടതുമില്ല.
അതിനാല്‍ തന്നെ ഇക്കാലത്ത് യാത്രയില്‍ വ്രതം ഉപേക്ഷിക്കുന്നത് അഭിലഷണീയം ആണെന്നു തോന്നുന്നില്ല. കഴിയുന്നതും നോമ്പ് നീട്ടി വയ്ക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്. പിന്നെത്തേക്കു മാറ്റിവെക്കുന്നത് പലതും പലപ്പോഴും നാം ബോധപൂര്‍വ്വമോ അല്ലാതെയോ മറക്കുന്നതാണല്ലോ പതിവ്. മനസ്സ് വിസ്മൃതിയുടെ പണയപ്പണ്ടമാണെന്നാണല്ലോ അറബിപ്പഴമൊഴി.
വളരെ പ്രധാനപ്പെട്ട ഒരു ഹദീസ് കൂടി ഉദ്ധരിക്കട്ടെ: ‘ഭൂമിയിലുള്ള സര്‍വ്വമാന ജീവികളും ഒരുമിച്ചു പ്രാര്‍Lിച്ചാലും അല്ലാഹുവിന്റെ ശക്തിയോ പ്രതാപമോ ഒട്ടും തന്നെ കൂടുകയില്ല. അതുപോലെ തന്നെ എല്ലാ ജീവജാലങ്ങളും ഒരുമിച്ചു എതിര്‍ത്താലും അവനു യാതൊരു ശക്തിക്ഷയവും സംഭവിക്കാന്‍ പോകുന്നുമില്ല’. അതു തന്നെയാണ് മഹാകവി അല്ലാമ മുഹമ്മദ് ഇഖ്ബാല്‍ വളരെ ലളിതമായി പാടിത്തന്നതും.
‘കൊടുങ്കാറ്റ് വീശുമ്പോള്‍ നീയെന്തിനു ഭയപ്പെടണം. വഞ്ചിയും വഞ്ചിക്കാരനും നീ തന്നെ. (സ്വര്‍ഗ്ഗം വേണമോ, നരകം വേണമോ എന്നു നീ തന്നെ തീരുമാനിക്കുക’) ഏവര്‍ക്കും റമദാന്‍ കരീം

