

മനുഷ്യന് ഉള്‍പ്പെടെ ജീവജാലങ്ങളുടെ ജീവന് നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്ക. ശരീരത്തിലെ മാലിന്യങ്ങള്‍ ശുദ്ധീകരിക്കുന്നതും രക്തസമ്മര്‍ദ്ദ നില നിലനിര്‍ത്തുന്നതിലുമെല്ലാം വലിയ പങ്കുവഹിക്കുന്ന അവയവമാണ്. ഈ വര്‍ഷത്തെ വൃക്ക ദിനത്തിന് ഒരു പ്രത്യേകത വിശുദ്ധ റമദാന് മാസത്തോടനുബന്ധിച്ച് മുസ്ലിം ജനത നോമ്പ് നോറ്റു കൊണ്ടിരിക്കുന്ന സന്ദര്‍ഭം കൂടിയാണിത്. പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കിയാണ് നോമ്പെടുക്കുന്നത്.

നല്ല വശങ്ങള് ഒരുപാടുണ്ടെങ്കിലും ശ്രദ്ധിച്ച് നോമ്പ് നോറ്റില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും എന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഈ വൃക്ക ദിനത്തില്‍ വൃക്ക രോഗങ്ങളും നോമ്പും എന്ന വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്.

നോമ്പ് ആരോഗ്യത്തിനും ആത്മീയതക്കും!
മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കുക എന്നതിലുപരിയായി സഹനത്തിന്റെയും ഒത്തുചേരലിന്റെയും ആത്മീയതയുടെയുമെല്ലാം ആഘോഷമാണ് റമദാനിലെ വ്രതാരംഭം. ഈ വര്‍ഷം കേരളത്തില്‍ 13 മണിക്കൂറോളമാണ് നോമ്പിന്റെ ദൈര്‍ഘ്യം. കേവലം പട്ടിണി കിടക്കുന്നതിലുപരിയായി വ്രതാനുഷ്ഠാനത്തിന് ഏതാനും ആരോഗ്യവശങ്ങള്‍ കൂടി ഉണ്ടെന്നതാണ് വസ്തുത. അതുകൊകാണ്ടു തന്നെ ഇതരമതസ്ഥരും വ്രതാനുഷ്ഠാനത്തില്‍ പങ്കെടുക്കാറുണ്ട്.
നോമ്പെടുക്കുന്നതിലൂടെ ദഹന വ്യവസ്ഥയ്ക്ക് ഇടവേള ലഭിക്കുകയാണ് ചെയ്യുന്നത്. ഇത് ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ വിഷ വസ്തുക്കളെ പുറന്തള്ളാനും ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇതിലൂടെ കഴിയും. ഭക്ഷണത്തിന്റെ ഉപയോഗം കുറയുന്നതിനാല്‍ ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പ് കത്തി തീരാനും അതുവഴി ശരീരഭാരം കുറക്കാനും സഹായിക്കും. നോമ്പ് നോല്‍ക്കുന്ന പലരിലും മാനസികാരോഗ്യം മെച്ചപ്പെടുന്നതായി കാണാറുണ്ട്. നോമ്പിന്റെ ആത്മീയ വശങ്ങള് വ്യക്തികളില്‍ ആത്മനിയന്ത്രണവും അച്ചടക്കവും സഹനശക്തിയും വര്‍ധിപ്പിക്കുന്നുണ്ട്.
ആര്‍ക്കൊക്കെ നോമ്പെടുക്കാം?
ശാരീരിക ക്ഷമതയുള്ള ആര്‍ക്കും നോമ്പ് എടുക്കാവുന്നതാണ്. അതേസമയം വൃക്ക രോഗം ഉള്‍പ്പെടെ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ഒഴിവാക്കുന്നതാണ് ഉത്തമം. ദീര്‍ഘനേരം ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുന്നത് ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ് ഇതിന് കാരണം. അതേസമയം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം ഭക്ഷണവും വെള്ളവും മരുന്നും ക്രമീകരിച്ച് നോമ്പ് എടുക്കാവുന്നതുമാണ്. എന്തായാലും വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ നോമ്പെടുക്കുന്നതിനു മുന്‍പ് ആരോഗ്യ വിദഗ്ധരുടെ സഹായം തേടുന്നത് ഏറ്റവും അഭികാമ്യമാണ്.
വൃക്ക രോഗികള്‍ നോമ്പെടുക്കണോ?
വൃക്കയുടെ പ്രവര്‍ത്തനക്ഷമത അടിസ്ഥാനപ്പെടുത്തിയാണ് നോമ്പ് എടുക്കണോ എന്ന് തീരുമാനിക്കേണ്ടത്. നിര്‍ജലീകരണവും മറ്റും മൂലം വൃക്കരോഗം മൂര്‍ച്ഛിക്കുന്നത് തടയുന്നതിന് വേണ്ടിയാണിത്. രക്തത്തില്‍ ക്രിയാറ്റിന്റെ അളവ് പരിശോധിച്ചാണ് വൃക്കയുടെ പ്രവര്‍ത്തനം വിലയിരിക്കുന്നത്.
സാരമായ വൃക്ക രോഗം ഉള്ളവരും ട്രാന്സ്പ്ലാന്റേഷന് കഴിഞ്ഞവരും നോമ്പ് എടുക്കാതിരിക്കുന്നതാണ് നല്ലത്. അഥവാ നോമ്പ് എടുക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് കൃത്യമായ നിര്‍ദ്ദേശ പ്രകാരം മാത്രം വ്രതം അനുഷ്ഠിക്കുക. മൂത്രത്തില്‍ പഴുപ്പ്, മൂത്രത്തില്‍ കല്ല് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ നോമ്പ് ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്.
ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ!
വൃക്കരോഗം ഉള്ളവര്‍ വ്രതാനുഷ്ഠാനത്തിനു മുമ്പ് തന്നെ ഡോക്ടറുമായി സംസാരിച്ച് നോമ്പിന് അനുസരിച്ച് മരുന്നുകളുടെ സമയം പുന:ക്രമീകരിക്കാന്‍ ശ്രദ്ധിക്കേണ്ടതും നിര്‍ബന്ധമാണ്. നോമ്പ് സമയത്ത് ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുമെങ്കിലും നോമ്പ് മുറിച്ച ശേഷം മതിയായ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഒരുമിച്ച് കുറെയധികം വെള്ളം കുടിക്കുന്നതിലും നല്ലത്, ഇടവേളകളില്‍ ചെറിയ അളവില്‍, കൂടുതല്‍ വെള്ളം കുടിക്കുന്നതാണ്. നോമ്പ് തുറക്കുമ്പോള്‍ ധാരാളമായി പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നവരാണെങ്കില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറവുള്ള പഴങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
നോമ്പ് എടുക്കുന്നത് മൂലം എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്. ഡോക്ടര്‍മാരുടെ അഭിപ്രായം തേടിയ ശേഷം മാത്രം നോമ്പ് തുടരാന്‍ ശ്രദ്ധിക്കുക. നോമ്പ് തുറന്നശേഷം ഉടന്‍ തന്നെ കൂടിയ അളവില്‍ വെള്ളം കുടിക്കുന്നത് ശ്വാസംമുട്ടലിനും നീര് വീക്കത്തിനുമെല്ലാം കാരണമായേക്കാം. ഇത് ഒഴിവാക്കാന്‍ സാധാരണ കുടിക്കുന്നതുപോലെ തന്നെ വെള്ളം കുടിക്കാന്‍ ശ്രമിക്കുക. അമിതമായി ഭക്ഷണം കഴിക്കുന്നതും എണ്ണ പലഹാരങ്ങള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇത് വിവിധതരം ആരോഗ്യപ്രശ്നങ്ങള്‍ക്കും അമിതവണ്ണത്തിനും കാരണമായേക്കാം.
ഈ റമദാനില്‍ നോമ്പ് നോല്‍ക്കാം. ആരോഗ്യത്തിന് കൂടി പരിഗണന നല്‍കിക്കൊണ്ട്. എല്ലാവര്ക്കും വിശുദ്ധ റമദാന് ആശംസകള്‍ നേരുന്നു.


