മഹാത്മാഗാന്ധി: പ്രവാസജീവിതം രൂപപ്പെടുത്തിയ ജനകീയ വിപ്ലവകാരി

Web Desk
3 Min Read

ഇന്ന് ഒക്ടോബര്‍ 2- രാഷ്ട്രപിതാവ് മഹാത്മജിയുടെ നൂറ്റി അന്‍പത്തി അഞ്ചാമത് ജന്മദിനം.പ്രാര്‍ഥനാഗീതങ്ങളാലും ഗാന്ധി സൂക്തങ്ങളാലും മുഖരിതമായ അന്തരീക്ഷത്തില്‍ ഭക്തിനിര്‍ഭരമായമനസ്സുമായി രാജ്യം ഗാന്ധി ജയന്തി സമുചിതമായി ആഘോഷിക്കുന്നു.

city exchange

ഒരു ജനതയുടെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യമെന്ന സ്വപ്‌ന സാക്ഷാത്ക്കാരത്തിനായി ജീവിതം ഉഴിഞ്ഞുവച്ച് അഹിംസയുടേയും അക്രമരാഹത്യത്തിന്റേയും പ്രത്യയശാസത്രങ്ങളിലൂന്നി മഹത്തായ ഉപവാസ സഹന സത്യാഗ്രഹ സമരങ്ങളിലൂടെ ഇന്ത്യന്‍ സ്വാതന്ത്രസമര പോരാട്ടങ്ങളെ നയിച്ച മഹാത്മഗാന്ധിയെ വീരോചിതമായ സ്മരണകളോടെ ലോകം ഇന്നും സ്മരിക്കുന്നു.സത്യവും സ്‌നേഹവും നീതിയും സമത്വവും നന്മയും കാരുണ്യവും കൊണ്ട് ഹൃദയം നിറച്ച് അപരനില്‍ ദൈവത്തെ ദര്‍ശിച്ച് ജീവിച്ച പുണ്യാത്മവായ ഗാന്ധിജിയെപോലെ ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന് ലോകത്തോട് വിളിച്ചു പറയുവാന്‍ കെല്പുള്ള ഒരു നേതാവ് ഭാരതത്തിന്റെ മഹാത്മാ ഗാന്ധിയെയല്ലാതെ മറ്റൊരാളെ ചരിത്രം ഇന്നേവരെ രേഖപ്പെടുത്തിയിട്ടില്ല.

ജാതിയും മതവും അയിത്തവും അടിമത്വവും സാമൂഹ്യ ഉച്ചനീചത്വങ്ങളും കൊടികുത്തി വാണിരുന്ന സാമൂഹ്യാന്തരീക്ഷത്തില്‍ ഒരു യാഥാസ്ഥിക കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന മോഹന്‍ദാസ്‌ കരംചന്ദ് ഗാന്ധിയുടെ ബാല്യവും കൗമാരവും ആചാരങ്ങളേയും അനുഷ്ടാനങ്ങളേയും അന്ധവിശ്വാങ്ങളേയും മുറുകെപിടിച്ചിരുന്ന ഒരു കുടുംബത്തിലും സമൂഹത്തിലുമായിരുന്നു.

- Advertisement -
Ad image

പൊരുത്തപ്പെടാനവാത്ത വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും ശൈശവ ബാല്യവിവാഹാചരങ്ങളുടെ സമ്മര്‍ദ്ദങ്ങളിലും അനാചാരങ്ങളിലും അടിമപ്പെട്ട ആത്മസംഘര്‍ഷങ്ങളുടെ കാലങ്ങളായിരുന്നു ഗാന്ധിക്ക് കൗമാരദശ.ഇരുപത്തി ഒന്നാം വയസ്സില്‍ നിയമ പഠനം പൂര്‍ത്തിയാക്കി വക്കീല്‍ പണിക്ക് പോകുമ്പോഴേക്കും പൊരുത്തപ്പെടാനാവാത്ത ജീവിത സാഹചര്യങ്ങളുടെ ആത്മസംഘര്‍ങ്ങളുടെ പാശ്ചാത്തലത്തില്‍ സത്യത്തിനും നീതിക്കും മാനൂഷിക അവകാശങ്ങള്‍ക്കും വേണ്ടി പോരാടുനുള്ള ഒരു വിപ്ലവാകാരി ഗാന്ധിയുടെ മനസ്സില്‍ രൂപപ്പെട്ടിരിക്കാമെന്ന് അദ്ദേഹത്തിന്റെ ആത്മസംഘര്‍ഷങ്ങളുടെ നാളുകളിലൂടെ സഞ്ചരിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാം.

ഇന്ത്യന്‍ വംശജനായ അബ്ദുല്ല മേമന്‍ സേട്ടിന്റെ ക്ഷണപ്രകാരം 1893ല്‍ ഇരുപത്തിരണ്ടാം വയസ്സില്‍ ബോംബെയിലെ വക്കീല്‍ പണി ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കയിലേക്ക് കപ്പല്‍ കയറിയ ഗാന്ധി ദര്‍ബനില്‍ കപ്പലിറങ്ങുന്നത് വംശീയ വിവേചനവും അവശതകളുമനുഭവിക്കുന്ന അസംഘടിതരായ ഒരു വലിയ ജനതയുടെ രക്ഷകനായിട്ടായിരിക്കുമെന്ന് ലോകം അറിഞ്ഞിരുന്നില്ല.

തന്നില്‍ മുളയിട്ട വിപ്ലവകാരിയെ ഗാന്ധിയും അറിഞ്ഞിരുന്നൊ? ഗാന്ധി എത്തും മുമ്പെ പതിറ്റാണ്ടുകളായി ഇന്ത്യയില്‍ നിന്നും വ്യത്യസ്ഥ തൊഴിലുകള്‍ക്കായി ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയ ലക്ഷക്കണക്കിന് ഇന്ത്യക്കാരടങ്ങുന്ന വലിയൊരു രാജ്യത്താണ് ഗാന്ധിയും വന്നിറങ്ങിയത്.ദക്ഷിണാഫ്രിക്കയിലെ ദര്‍ബനില്‍ നിന്നും പ്രിട്ടോറിയയുലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കായി ഒന്നാം ക്ലാസ്സ് ടിക്കറ്റെടുത്ത് യാത്ര ചെയ്ത ഗാന്ധിയെ ഇന്ത്യക്കാരനായതുകൊണ്ട് വെള്ളക്കാരനോടൊപ്പം യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന കാരണത്താല്‍ പുറത്താക്കാന്‍ ശ്രമിക്കുകയും ചെറുത്തുനിന്ന ഗാന്ധിയെ അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്റെ ബാഗുകളുള്‍പ്പെടെ പുറത്തേക്കെറിഞ്ഞ് ബ്രിട്ടീഷുകാര്‍ ചവിട്ടി പുറത്താക്കുകയുമായിരുന്നു.

തുടക്കത്തിലെ വംശീയ വിദ്വേഷത്തിന്റെ രൂക്ഷത അനുഭവപ്പെട്ട ഈ സംഭവത്തോടെ വെള്ളക്കാരുടെ വര്‍ണ്ണ വര്‍ഗ വിവേചനത്തിന്റെ ഭീകരമുഖം നേരിട്ടനുഭവിച്ച ഗാന്ധി, ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ പ്രവാസ സമൂഹം അനുഭവിക്കുന്ന വിവേചനത്തിന്റെ, ദുരിതത്തിന്റെ കാഠിന്യം മനസ്സിലാക്കി.മറ്റൊരവസരത്തില്‍ മുടി മുറിക്കാന്‍ ക്ഷൗരക്കടയിലിരുന്ന ഗാന്ധിയെ പുറത്താക്കിയതും അതില്‍ പ്രതിഷേധിച്ച് സ്വയം അലക്ഷ്യമായി മുടി മുറിച്ച് കോടതിയില്‍ ഹാജരാകുകയും ഇത് കണ്ട് രോഷാകുലനായ വെള്ളക്കാരനായ ജഡ്ജി ഗാന്ധിയെ കോടതിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.ഈ സംഭവങ്ങളെല്ലാം ഇന്ത്യന്‍ സമൂഹമനുഭവിക്കുന്ന ദുരിതങ്ങളുടേയും വംശീയ വര്‍ണ്ണ വിവേചനങ്ങളുടേയും നേര്‍കാഴ്ചയായി ഗാന്ധിക്കനുഭവപ്പെട്ടു.

തുടര്‍ന്നങ്ങോട്ടുള്ള ഇരുപത്തിമൂന്ന് വര്‍ഷത്തെ ദക്ഷിണാഫ്രിക്കയിലെ തന്റേയും സഹജീവികളുടേയും സംഭവബഹുലമായ പ്രവാസ ജീവിതാനുഭവങ്ങളാണ് ഗാന്ധിയിലെ വിപ്ലവകാരിയായ ജനകീയ നേതാവിനെ വാര്‍ത്തെടുത്തത്.വര്‍ണ്ണ വര്‍ഗ വംശീയ വിവേചനങ്ങള്‍ക്ക് വിധേയരായി ദുരിതമനുഭവിച്ചിരുന്ന ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ വംശജരുടെ ഇടയില്‍ അവര്‍ക്കു വേണ്ടി നടത്തിയ പോരാട്ടങ്ങളുടെ സേവനങ്ങളുടെ കരുത്തും ആത്മവിശ്വാസവുമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളിലേക്ക് ആകൃഷ്ടനാവാനുള്ള പ്രചോചനം ഗാന്ധിജിക്ക് ലഭിച്ചത്.ദക്ഷിണാഫ്രിക്കയിലെ പ്രവാസി ഇന്ത്യക്കാരുടെ ചൂഷണമനുഭവിക്കുന്ന തൊഴിലാളികളുടെ വഴികാട്ടിയായി വക്കീലായി, വൈദ്യനായി, അധ്യാപകനായി, ഉപദേശകനായി, ഗുരുവായി, പാചകക്കാരനായി, അവരുടെ പാര്‍പ്പിടങ്ങളിലെ ശുദ്ധികരണ ജോലിക്കാരനായി നിസ്വാര്‍ഥമായി സേവനം ചെയത് അവരുടെ ഹൃദയത്തില്‍ ദൈവവും രക്ഷകനുമായി മാറിയ അത്ഭുത മനുഷ്യനായിരുന്നു ഗാന്ധിജി.സേവനമാണ് സ്‌നേഹം, സ്‌നേഹത്തിലും സേവനത്തിലും സത്യത്തിലും അധിഷ്ടിതമാണ് നിസ്വാര്‍ഥമായ പൊതുപ്രവര്‍ത്തനമെന്ന് സ്വജീവിതം കൊണ്ട് കാണിച്ചു തന്ന ചരിത്ര പുരുഷനായിരുന്നു ഗാന്ധിജി.

സത്യവും ധര്‍മ്മവും മനുഷ്യസ്‌നേഹവും പൊതു പ്രവര്‍ത്തകരുടെ സന്ധി ചെയ്യാത്ത വിശ്വാസ പ്രമാണങ്ങളായിരക്കണമെന്നും ഉദ്‌ബോധിപ്പിക്കുന്ന ഗാന്ധി വെള്ളക്കാരന്റെ അടിമത്ത മനോഭാവത്തേയും വര്‍ണ്ണ വിവേചനത്തേയും സത്യവും ധര്‍മ്മവും സമത്വവുമെന്ന മുദ്രാവാക്യം കൊണ്ടാണ് നേരിട്ടത്.തൊട്ടുകൂടായ്മയും തീണ്ടലും ദൈവത്തിനെതിരെയുള്ള കുറ്റമാണെന്നും അത്തരം അപരിഷ്‌കൃത മനോഭാവങ്ങളേയും പ്രവൃത്തികളേയും സമൂഹത്തില്‍ നിന്നും തുടച്ചുനീക്കാനുള്ള പോരാട്ടങ്ങള്‍ക്ക് ഗാന്ധിക്ക് ഊര്‍ജ്ജം നല്കിയത് ദക്ഷിണാഫ്രിക്കയിലെ തന്റെ പ്രവാസ ജീവിതാനുഭവങ്ങളാണെന്ന് ‘എന്റെ സത്യാന്വേഷ്ണ പരീക്ഷണങ്ങളെന്ന’ ആത്മകഥയിലൂടെ സഞ്ചരിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാം.ഉച്ചനീചത്വങ്ങള്‍ക്കെതിരെയും അടിമത്വത്തിനെതിരെയും പോരാടി.

അടിമത്വത്തില്‍ നിന്നുള്ള മോചനവും സാമൂഹ്യ സമത്വത്തിലതിഷ്ടിതമായ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യമെന്ന ഒരുജനതയുടെ സ്വപ്‌നം സാക്ഷാല്‍ക്കരിച്ചപ്പോഴുംഅഹിംസയുടേയും അക്രമരാഹിത്യത്തിന്റേയും പാതയിലൂടെ പോരാടിയ മഹാനായ ജനകീയ വിപ്ലവകാരി, ഒരു ജനതയെകുറിച്ചുള്ള തന്റെ സ്വപ്‌നങ്ങള്‍ ബാക്കി വെച്ചിട്ടാണ് യാത്രയായത്.

ഈ ഗാന്ധി ജയന്തി ദിനത്തില്‍ എല്ലാ ഭാരതീയര്‍ക്കും ഗാന്ധിജിയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും ജീവിത രീതികളും പിന്തുടരാന്‍ കഴിയുമാറാകട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!