എല്‍ ഡി എഫിന് പരാജയ ഭീതിയെന്ന് യു ഡി എഫ് എം എല്‍ എമാര്‍

Web Desk
2 Min Read

അങ്കമാലി: ചാലക്കുടിയില്‍ എല്‍ ഡി എഫ് നടത്തുന്ന കുപ്രചാരണങ്ങള്‍ക്ക് മറുപടിയുമായി യു ഡി എഫ് എം എല്‍ എമാര്‍ രംഗത്തെത്തി. ചാലക്കുടി ലോക്‌സഭ മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ രവീന്ദ്രനാഥിന്റെ തോല്‍വി ഇതിനോടകം തന്നെ എല്‍ ഡി എഫ് സമ്മതിച്ചിരിക്കുകയാണ്. പരാജയ ഭീതിയാണ് യു ഡി എഫ് സ്ഥാനാര്‍ഥിക്കെതിരെയുള്ള നുണ പ്രചാരണങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കുന്നതെന്ന് യു ഡി എഫ് എം എല്‍ എമാര്‍ കുറ്റപ്പെടുത്തി.

city exchange

സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ അഞ്ചു വര്‍ഷം മണ്ഡലം സാക്ഷ്യം വഹിച്ചത്. ഏതൊരു മേഖലയെടുത്ത് പരിശോധിച്ചാലും ചാലക്കുടിയില്‍ എം പി എന്ന രീതിയില്‍ ബെന്നി ബഹനാന്‍ നടത്തിയ വികസനങ്ങള്‍ കാണാന്‍ കഴിയും. കോവിഡ് കാരണങ്ങളാല്‍ എം പി ഫണ്ട് തുക ബി ജെ പി സര്‍ക്കാര്‍ വെട്ടി കുറച്ച് 17 കോടി ആക്കിയിരുന്നു. ആ തുകയും മുന്‍ എം പി ഇന്നസെന്റ് ചെലവഴിക്കാത്ത 2.18 കോടിയും ഉള്‍പ്പെടെ 19.18 കോടി രൂപയുടെ വികസങ്ങളാണ് ബെന്നി ബഹനാന്‍ നടത്തിയിട്ടുള്ളത്. സി ആര്‍ ഐ ഫണ്ടില്‍ നിന്നും 39.75 കോടി രൂപയാണ് എം പി മണ്ഡലത്തില്‍ എത്തിച്ചത്. കൂടാതെ പ്രധാനമന്ത്രി ഗ്രാം സടക്ക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 84.37 കോടിയുടെ 21 റോഡുകളും മണ്ഡലത്തില്‍ പാസാക്കിയെടുക്കാന്‍ എം പിക്ക് കഴിഞ്ഞു.

വിവിധ റെയില്‍വേ പദ്ധതികള്‍ക്കായി അങ്കമാലിയില്‍ 12.50 കോടി രൂപയും ചാലക്കുടിയില്‍ 4.50 കോടിയും ലഭ്യമാക്കി. ആലുവ റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറന്‍ കവാടം, അങ്ങാടിക്കടവ് പീച്ചാനിക്കാട് റെയില്‍വേ അടിപ്പാത, ആലുവ- തുരുത്ത് റെയില്‍വേ നടപ്പാലം, ചമ്പന്നൂര്‍ റെയില്‍വേ മേല്‍പ്പാലം തുടങ്ങിയവയ്ക്ക് എല്ലാം അനുമതി കരസ്ഥമാക്കാന്‍ കഴിഞ്ഞത് എം പിയുടെ ശ്രമഫലമായാണ്.

- Advertisement -
Ad image

ചാലക്കുടി അണ്ടര്‍ പാസ്, കൊരട്ടി ഇ എസ് ഐ ആശുപത്രി തുടങ്ങിയവയും മണ്ഡലത്തിന് എം പിയുടെ സംഭാവനകളാണ്. ചിറങ്ങര, കൊരട്ടി, മുരിങ്ങൂര്‍, പേരാമ്പ്ര എന്നിവിടങ്ങളിലെ അടിപ്പാതയ്ക്ക് എം പിയുടെ ശ്രമഫലമായി ലഭിച്ചത് 128.47 കോടിയും ആലുവ, അത്താണി, സെമിനാരിപ്പടി കല്‍വട്ടറുകള്‍ക്ക് 6.22 കോടിയും കൈപ്പമംഗലം- മൂന്നുപീടിക അടിപാതയ്ക്ക് 3.71 കോടി, മതിലകം ബൈപ്പാസ് സര്‍വീസ് റോഡുകള്‍ക്ക് 1.27 കോടി തുടങ്ങിയവയും ബെന്നി ബഹനാന്റെ സംഭാവനകളാണ്.

കാലടി- മലയാറ്റൂര്‍- കാടപ്പാറ മുളങ്കുറ്റി റോഡിന് 22.75 കോടി സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്നും ലഭ്യമാക്കിയ എം പി ദേശം- ചൊവ്വര- ശ്രീമൂലനഗരം പുതിയേടം- പാറപ്പുറം- വല്ലംകടവ് റോഡിന് 17 കോടിയും ലഭ്യമാക്കിയിട്ടുണ്ട്.

ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും വന്‍ കുതിപ്പിനാണ് കഴിഞ്ഞ അഞ്ചുവര്‍ഷം ചാലക്കുടി മണ്ഡലം സാക്ഷ്യം വഹിച്ചിട്ടുള്ളതെന്നും ഇതൊന്നും കാണാതെ രാഷ്ട്രീയ തിമിരം പിടിച്ച എല്‍ ഡി എഫ് നടത്തുന്ന നുണ പ്രചരണത്തിന് മണ്ഡലത്തിലെ വോട്ടര്‍മാര്‍ മറുപടി നല്‍കുമെന്നും വമ്പിച്ച ഭൂരിപക്ഷത്തോട് കൂടി ബെന്നി ബഹനാന്‍ പാര്‍ലമെന്റില്‍ തിരിച്ചെത്തുമെന്നും എം എല്‍ എമാര്‍ പ്രത്യേകം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.

യു ഡി എഫ് ചാലക്കുടി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ പി ജെ ജോയ്, അങ്കമാലി എം എല്‍ എ റോജി എം ജോണ്‍, ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത്, ചാലക്കുടി എം എല്‍ എ സനീഷ് കുമാര്‍ ജോസഫ്, പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പള്ളി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!