
കോഴിക്കോട്: പാളയം ജുമാ മസ്ജിദില്‍ നടന്ന ബലി പെരുന്നാള്‍ നമസ്‌കാരത്തിന്ന് ചീഫ് ഇമാം ഡോ. ഹുസൈന്‍ മടവൂര്‍ നേതൃത്വം നല്‍കി. മാനവിക ഐക്യം ഉയര്‍ത്തിപ്പിടിച്ച് സൗഹാര്‍ദ്ദത്തോടെ ജീവിക്കണമെന്ന് ഖുതുബാ പ്രഭാഷണത്തില്‍ അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

രാഷ്ട്രത്തിന്റെ അഖണ്ഡതയും ഐക്യവും കാത്ത് സൂക്ഷിക്കണം. വര്‍ഗ്ഗീയതയും വംശീയ വിദ്വേഷവും ഇല്ലാതാക്കണം. ജാതി മത ചിന്തകള്‍ക്കതീതമായി മനുഷ്യരാശിയുടെ നന്മക്കായി പൗരന്മാര്‍ ഒന്നിച്ച് നില്‍ക്കണം. കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പണം. സകലമാന ചൂഷണങ്ങളില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കാനായി മതവിശ്വാസികള്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇത്തവണ കടപ്പുറത്ത് ഈദ് ഗാഹില്ലാത്തതിനാല്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വന്‍ ജനാവലിയാണ് പാളയം പള്ളിയില്‍ പെരുന്നാള്‍ നമസ്‌കാരത്തിന്നെത്തിയത്.
