
അബുദാബി: വാടാനപ്പള്ളി വെല്‍ഫെയര്‍ അബുദാബി (വേവ്) സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം അബുദാബിയിലെ ഇന്ത്യന്‍ സോഷ്യല്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി)യില്‍ നടത്തി. വാടാനപ്പള്ളിയില്‍ നിന്നുള്ള 200ലേറെ പേര്‍ പങ്കെടുത്ത ചടങ്ങ് ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായി മാറി. കുടുംബങ്ങളെയും കുട്ടികളെയും ഉള്‍പ്പെടുത്തിയുള്ള സംഗമം സാമൂഹിക ഐക്യത്തിന് കൂടുതല്‍ ശക്തി പകര്‍ന്നു.

വാടാനപ്പള്ളിയിലെ നിര്‍ധനരായവരുടെ ഉന്നമനത്തിനായി കൂട്ടായ്മയുടെ പ്രാധാന്യം എടുത്തുകാട്ടുന്നതായിരുന്നു പരിപാടി. 45 വര്‍ഷങ്ങള്‍ക്ക് മുമ്പ് പരേതനായ എം എം ദാവൂദ് ഹാജിയും സുഹൃത്തുക്കളും ചേര്‍ന്ന് ആരംഭിച്ച വേവ് ഇന്ന് അല്‍ നൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റുമായി ലയിച്ച് യു എ ഇയിലെ പ്രതിനിധി സംഘടനയായി പ്രവര്‍ത്തിച്ചുവരികയാണ്. ഈ ലയനം കൂടുതല്‍ വിപുലമായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റമദാനിലെ ആത്മീയാന്തരീക്ഷത്തില്‍ നടന്ന ഇഫ്താര്‍ സംഗമം നോമ്പുതുറയുടെ സന്തോഷം പങ്കിടുന്നതിനൊപ്പം സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ കൈപിടിച്ച് ഉയര്‍ത്തേണ്ട ഉത്തരവാദിത്വം ഓര്‍മ്മിപ്പിച്ചു.
ജാതി- മത ഭേദമന്യേ വാടാനപ്പള്ളി പ്രദേശവാസികളുടെ സമഗ്ര ക്ഷേമത്തിനായി വേവിന്റെ നേതൃത്വത്തില്‍ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ വിജയകരമായി നടപ്പിലാക്കി വരുന്നു. പാര്‍പ്പിട സൗകര്യമില്ലാത്ത കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മാണ സഹായം, നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം, വിധവകള്‍ക്ക് സാമ്പത്തിക പിന്തുണ, ചികിത്സാ സഹായം എന്നിവ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ വേവ് കൈത്താങ്ങായി നില്‍ക്കുന്നു. സമൂഹത്തിലെ ഏറ്റവും പിന്നാക്കവിഭാഗങ്ങള്‍ക്കും പ്രതീക്ഷയുടെ വെളിച്ചമായി മാറുകയാണ് ഈ സംഘടന.
വാടാനപ്പള്ളി സമൂഹത്തിന്റെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള പ്രതിജ്ഞ പുതുക്കിയോടെയാണ് പരിപാടി സമാപിച്ചത്. ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ സമൂഹത്തില്‍ സ്‌നേഹവും ഐക്യവും വളര്‍ത്തുന്നതിനും സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതിനും സഹായകരമാണെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് വേവ് ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി. വരും വര്‍ഷങ്ങളിലും ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും വാടാനപ്പള്ളി സമൂഹത്തിന്റെ ക്ഷേമത്തിനായി തുടര്‍ച്ചയായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും എം ഡി നൗഷാദ്, അജ്മല്‍ റഹ്മത്തുള്ളാ, റസാഖ് വാടാനപ്പള്ളി, അമീന്‍ എം എ എന്നിവര്‍ അറിയിച്ചു.

