ബ്രിട്ടീഷ് സര്‍ക്കാറിന്റെ ജോലി നരേന്ദ്ര മോദി സര്‍ക്കാര്‍ ഏറ്റെടുത്തുവെന്ന് വി ഡി സതീശന്‍

Web Desk
1 Min Read

തിരുവനന്തപുരം: 1921ലെ മലബാറിലെ മാപ്പിള കലാപത്തില്‍ പങ്കെടുത്ത 387 രക്തസാക്ഷികളുടെ പേരുകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമം ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു ഈ രാജ്യത്തിന്റെ ചരിത്രം തന്നെയാണ്. ഏതൊരു ഏകാധിപതിയും ചെയ്യുന്ന പോലെ നരേന്ദ്ര മോദിയുടെ ശ്രമവും ചരിത്രത്തെ വക്രീകരിച്ചു തങ്ങളുടേതാക്കി മാറ്റുക എന്നതാണ്.

city exchange

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് പട്ടാളത്തോട് സന്ധിയില്ലാത്ത യുദ്ധം ചെയ്ത ധീര സ്വാതന്ത്ര്യ സമര സേനാനിയാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് സര്‍ക്കാര്‍ വധിക്കാന്‍ വിധിച്ചപ്പോള്‍ തന്റെ കണ്ണുകള്‍ കെട്ടരുതെന്ന് ആവശ്യപ്പെട്ട നിര്‍ഭയനായ പോരാളിയെന്നാണ് ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തിയത്. ജയിലില്‍ നിന്ന് മോചിതനാവാന്‍ ആറ് മാപ്പ് അപേക്ഷകള്‍ നല്കിയവരുടെ പിന്മുറക്കാര്‍ക്ക് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെതും ആലി മുസല്യാരുടേയും ഓര്‍മകള്‍ പോലും ഭയണാണ് ഉണ്ടാക്കുന്നത്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേത് പോലെ ആയിരക്കണക്കിന് ചെറുത്തുനില്‍പ്പുകളും ശ്രീനാരായണ ഗുരുവും മഹാത്മാ അയ്യങ്കാളിയും തുടങ്ങിയ ഒട്ടേറെ സാമൂഹിക പരിഷ്‌ക്കര്‍ത്താക്കള്‍ മുന്നോട്ടുവെച്ച സാമൂഹിക നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളുമെല്ലാം ചെറുഅരുവികള്‍ പോലെ ഒഴുകിയെത്തിയാണ് ദേശീയ പ്രസ്ഥാനം രൂപം കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image


ബ്രിട്ടീഷുകാരന്റെ കൂടെ നിന്ന് ദേശീയ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞവര്‍ ഇപ്പോള്‍ അതിന്റെ പ്രൗഢമായ ചരിത്രത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാര്‍ ചെയ്ത ജോലിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്നത് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!