

കോഴിക്കോട്: ജില്ലയിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരെ സി പി എമ്മിന്റെ വ്യാപക അക്രമണം നടക്കുന്നതായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം.
ജില്ലയില്‍ 12 കോണ്‍ഗ്രസ് ഓഫീസുകളാണ് സി പി എം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. നൂറോളം കൊടിമരങ്ങളും നിരവധി സ്തൂപങ്ങളും തകര്‍ക്കപ്പെട്ടു.

കൊയിലാണ്ടിയിലെ സി കെ ജിയുടെ പേരിലുള്ള ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലേക്ക് മദ്യക്കുപ്പികള്‍ എറിഞ്ഞാണ് ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ത്തത്. പോലീസ് അകമ്പടിയോടെ നടന്ന സി പി എം പ്രകടനത്തിനിടെയാണ് ഓഫീസ് തകര്‍ത്തത്. എന്നാല്‍ പോലീസ് പ്രവര്‍ത്തകരെ നിയന്ത്രിച്ചില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു.

എടച്ചേരിയിലെ കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു. കുരുവട്ടൂരിലെ മണ്ഡലം കമ്മിറ്റി ഓഫീസും കൊടിമരവും നശിപ്പിച്ചു. പേരാമ്പ്ര, മേപ്പയ്യൂരിലെ ഒഴുക്കല്ലൂര്‍, മുക്കാളി, ഓര്‍ക്കാട്ടേരി, കൊയിലാണ്ടി എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് ഓഫീസുകളും സി പി എം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. കൊയിലാണ്ടിയില്‍ തകര്‍ക്കപ്പെട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസും മുക്കാളിയിലെ ഓഫീസും എം കെ രാഘവന്‍ എം പിയും ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍കുമാറും സന്ദര്‍ശിച്ചു.
ഇടുക്കി കൊലപാതകത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരെ സി പി എം നടത്തുന്ന അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ സി പി എം നേതൃത്വം തയ്യാറാവണമെന്ന് ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു. 12ലേറെ ഓഫീസുകള്‍ക്കെതിരെ നടന്ന അക്രമത്തിലൂടെ ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമാണ് കോണ്‍ഗ്രസിന് ഉണ്ടായിരിക്കുന്നത്. പോലീസ് നോക്കി നില്‍ക്കെയാണ് പല സ്ഥലങ്ങളിലും സി പി എം അക്രമികള്‍ അഴിഞ്ഞാടുന്നത്. ആക്രമം നടത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പാര്‍ട്ടിയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു.

