
ചെന്നൈ: ആക്ഷന്‍ ഹീറോ വിശാലിന്റെ 32-ാമത്തെ സിനിമയായ ‘ലാത്തി’യുടെ ടീസര്‍ കഴിഞ്ഞ ദിവസം ഉദയനിധി സ്റ്റാലിന്‍, എസ് ജെ സൂര്യ എന്നിവര്‍ ചേര്‍ന്ന് ചെന്നൈയില്‍ നടന്ന പൊതുചടങ്ങില്‍ റീലീസ് ചെയ്തു. സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ കോരിത്തരിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും പഞ്ച് ഡയലോഗുകളും കോര്‍ത്തിണക്കിയ ടീസര്‍ റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കകം തന്നെ അത് ആരാധകരില്‍ ആവേശമായി ആളിപ്പടരുകയായിരുന്നു.

അഞ്ചു ഭാഷകളിലായി പുറത്തിറങ്ങിയ ടീസര്‍ ദശലക്ഷം കാഴ്ചക്കാരെ നേടി തരംഗമായി മുന്നേറുകയാണ്. പൊലീസ് കമ്മീഷണറായും എസ് പിയായും മറ്റും സ്‌ക്രീനില്‍ തകര്‍ത്താടി പ്രേക്ഷകരെ ആവേശം കൊള്ളിച്ച വിശാല്‍ ലാത്തിയില്‍ ഒരു സാധാരണ കോണ്‍സ്റ്റബിളായിട്ടാണ് എത്തുന്നതെങ്കിലും കഥാപാത്രത്തിന്റെ വീറിനും വാശിക്കും തെല്ലും കുറവില്ല എന്ന് ടീസര്‍ വെളിവാക്കുന്നുണ്ട്.


ബാലസുബ്രമണ്യന്റേയും ‘ബാഹുബലി’ ഫെയിം ബാലകൃഷ്ണ തോട്ടയുടെയും ക്യാമറകള്‍ രംഗങ്ങള്‍ക്ക് ബ്രഹ്മാ്ണ്ഡ നിലവാരം നല്‍കുന്നു.
വിശാലിന്റെ ഉറ്റസുഹൃത്തുക്കള്‍, നടന്മാരായ രമണയും നന്ദയും ചേര്‍ന്ന് റാണാ പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ പ്രഥമ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എ വിനോദ് കുമാറാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം എത്തുന്നത്. ആക്ഷനും വൈകാരികതയും സമ്മിശ്രമായി ഇഴചേര്‍ന്ന പൊലീസ് സ്റ്റോറിയാണ് ലാത്തിക്ക് അവലംബം.
സുനൈനയാണ് ചിത്രത്തില്‍ വിശാലിന്റെ നായിക. മലയാളി നടന്‍ പി എന്‍ സണ്ണിയാണ് ഇതിലെ ശക്തമായ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടന്‍ പ്രഭുവും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവന്‍ ഷങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

