
കൊച്ചി: അര്‍ഹരായ രോഗികള്‍ക്ക് ആന്‍ജിയോഗ്രാം പരിശോധന സൗജന്യമായി നല്‍കുന്ന ‘ഹൃദയസ്പര്‍ശം’ പദ്ധതി അവതരിപ്പിച്ച് വി പി എസ് ലേക്ഷോര്‍ ആശുപത്രി. സാമ്പത്തിക ബുദ്ധിമുട്ടുമൂലം ആന്‍ജിയോഗ്രാം പരിശോധന നടത്താന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതാണ് വി പി എസ് ലേക്ഷോറിന്റെ ‘ഹൃദയസ്പര്‍ശം’ പദ്ധതി.

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് അവതരിപ്പിച്ച പദ്ധതിയുടെ ഉദ്ഘാടനം തൃപ്പൂണിത്തുറ എം എല്‍ എ ദീപക് ജോയി നിര്‍വഹിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആരുടെയും ജീവന്‍ അപകടത്തിലാകരുതെന്ന വലിയ സന്ദേശമാണ് പദ്ധതിയിലൂടെ വി പി എസ് ലേക്ഷോര്‍ നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് കൃത്യസമയത്ത് ചികിത്സ ലഭിക്കുകയെന്നത് പ്രധാനമാണ്. അര്‍ഹരായവരെ കണ്ടെത്തി സൗജന്യ ആന്‍ജിയോഗ്രാം പദ്ധതിയുടെ ഭാഗമാക്കുന്നതിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള ഇടപെടലാണ് വി പി എസ് ലേക്ഷോര്‍ മാനേജ്‌മെന്റ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുജനങ്ങളോടുള്ള കരുതലിന്റെ ഭാഗമായാണ് വി പി എസ് ലേക്ഷോര്‍ ഹൃദയസ്പര്‍ശം പദ്ധതി ആവിഷ്‌കരിച്ചതെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള പറഞ്ഞു.
അര്‍ഹരായ 50 പേര്‍ക്ക് സൗജന്യ ആന്‍ജിയോഗ്രാം പരിശോധന നടത്തുകയും അവരെ ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. വി ആനന്ദ് കുമാര്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ 60- 70 വയസ്സുള്ളവരില്‍ കണ്ടുവന്നിരുന്ന ഹൃദ്രോഗങ്ങള്‍ ഇന്ന് ചെറുപ്പക്കാരില്‍ വ്യാപകമായിരിക്കുകയാണ്. അതിനാല്‍ ഈ പദ്ധതി കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വി പി എസ് ലേക്ഷോര്‍ ഗ്രൂപ്പ് സി ഇ ഓ അഭിഷേക് പൊഡുരി, സി ഇ ഓ ജയേഷ് വി നായര്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. സുര്‍ത റാം വിഷ്‌ണോയ് സ്വാഗതവും കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വസ്‌കുലാര്‍ സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ. ഡി എസ് സുജിത്ത് നന്ദിയും പറഞ്ഞു. സേവനം ആവശ്യമുള്ളവര്‍ സെപ്റ്റംബര്‍ 30ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ബന്ധപ്പെടേണ്ട നമ്പര്‍: 99616 40000

