Business
ആയിരങ്ങള്‍ക്ക് മിഡ്‌നൈറ്റ് മാര്‍ക്കറ്റിന്റെ അനുഭവം പങ്കുവെച്ച വെന്‍ഡര്‍ലാന്റ് സമാപിച്ചു

കൊച്ചി: കൊച്ചി കായല്‍ കാറ്റുകൊണ്ട് കഥ പറഞ്ഞ വെന്‍ഡര്‍ലാന്റ് മിഡ്‌നൈറ്റ് മാര്‍ക്കറ്റിന് സമാപനം. വുമണ്‍ എന്റര്‍പ്രണേഴ്‌സ് നെറ്റ്വര്‍ക്ക് കൊച്ചിന്‍ ചാപ്റ്റര്‍ എറണാകുളം രാജേന്ദ്ര മൈതാനിയില്‍ ഒരുക്കിയ വെന്‍ഡര്‍ലാന്റ് മിഡ്‌നൈറ്റ് മാര്‍ക്കറ്റില്‍ പങ്കാളികളാകാന്‍ രണ്ടു ദിവസങ്ങളിലായി ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്.


വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി സംഘടിപ്പിച്ച വെന്‍ഡര്‍ലാന്റ് മിഡ്‌നൈറ്റ് മാര്‍ക്കറ്റ് പാതിരാത്രികളിലെ ഷോപ്പിംഗിന്റെ പുതിയ അനുഭവമാണ് സമ്മാനിച്ചത്. അതോടൊപ്പം വേദിയില്‍ ആട്ടവും പാട്ടും നിശ്ശബ്ദ നൃത്തവിരുന്നായ സൈലന്റ് ഡിസ്‌കോയും ചേര്‍ന്നപ്പോള്‍ അറബിക്കടലിന്റെ റാണിക്ക് പാതിരാവിന്റെ യൗവ്വനം കൈവന്ന അനുഭവമായിരുന്നു.

പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള ജനക്കൂട്ടമാണ് വെന്‍ഡര്‍ലാന്റ് മിഡ്‌നൈറ്റ് മാര്‍ക്കറ്റിന് എത്തിച്ചേര്‍ന്നതെന്നും തുടര്‍ വര്‍ഷങ്ങളിലും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ തങ്ങള്‍ക്ക് ഈ അനുഭവം പ്രചോദനം നല്‍കുന്നതായും വെന്‍ കൊച്ചി ചാപ്റ്റര്‍ ചെയര്‍ നിമിന്‍ ഹിലാല്‍ പറഞ്ഞു.


വനിതാ സംരംഭകര്‍ ഒരുക്കിയ സ്റ്റാളുകളില്‍ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, രുചിയൂറുന്ന വിഭവങ്ങള്‍ തുടങ്ങിയവയാണ് ജനങ്ങള്‍ക്കായി തയ്യാറാക്കിയിരുന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി സഞ്ചരിക്കാനും ജീവിക്കാനുമുള്ള ഇടം കൂടിയാണ് കൊച്ചിയെന്ന അവബോധം ജനങ്ങളിലേക്ക് എത്തിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് വെന്‍ഡര്‍ലാന്റ് സംഘടിപ്പിച്ചത്.


