
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി ബി ജെ പിയിലേക്ക് പോയവര്‍ അധികാരമില്ലാതായതിനെ തുടര്‍ന്ന് മടങ്ങി വരുന്നത് തുടരുന്നു. ബാഗ്ദ മണ്ഡലത്തിലെ ബി ജെ പി എം എല്‍ എ ബിസ്വജിത്താണ് ബി ജെ പിയില്‍ നിന്നും തൃണമൂലിലേക്ക് മടങ്ങിയെത്തിയത്.

2021 ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിസ്വജിത്ത് ബി ജെ പിയിലെത്തിയത്. അധികാരം മമതാ ബാനര്‍ജിയില്‍ തന്നെ എത്തിയതോടെ ബി ജെ പി വിട്ട് പഴയ പാര്‍ട്ടിയിലേക്ക് മടങ്ങുകയായിരുന്നു.


ബിഷ്ണുപൂരിലെ ബി ജെ പി എം എല്‍ എ തന്മയി ഘോഷ് കഴിഞ്ഞ ദിവസമാണ് തൃണമൂലില്‍ ചേര്‍ന്നത്. പ്രതികാര രാഷ്ട്രീയം കളിക്കുന്ന ബി ജെ പി ബംഗാളിലെ ജനങ്ങളുടെ അവകാശങ്ങള്‍ പിടിച്ചുപറിക്കുകയാണെന്നും തന്മയി ഘോഷ് ആരോപിച്ചിരുന്നു. ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയി ഉള്‍പ്പെടെയുള്ളവര്‍ ഈയിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരികെപ്പോയത്. ഇതോടെ ബംഗാള്‍ നിയമസഭയില്‍ 77 അംഗങ്ങളുണ്ടായിരുന്ന ബി ജെ പിക്ക് ഇപ്പോഴത്തെ നില 72 ആയി.

