NEWS
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ഇന്‍സ്റ്റാഗ്രാം റീല്‍ മലയാളി യുവാവിന്റേത്
മലപ്പുറം: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇന്‍സ്റ്റാഗ്രാം റീല്‍ ഏതാണെന്നറിയുമോ. മലയാളിയായ റിസ്‌വാന്‍ വെള്ളച്ചാട്ടത്തിലേക്ക് ഫുട്ബാള്‍ അടിച്ചകറ്റുന്നത്. എത്രപേര്‍ കണ്ടെന്നറിയാമോ? ജര്‍മനി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ ജനസംഖ്യ കൂട്ടിയാല്‍ അതിനേക്കാള്‍ കൂടുതലാണ് റിസ്‌വാന്റെ റീല്‍ കണ്ടവര്‍- 554 മില്യന്‍!


മലപ്പുറത്തെ കേരളംകുണ്ട് വെള്ളച്ചാട്ടത്തിലേക്ക് റിസ്‌വാന്‍ അടിച്ച പന്ത് ഒരു ഭാഗത്തെ പാറയില്‍ തട്ടി അടുത്ത പാറയിലേക്ക് തെറിച്ച് അവിടുന്ന് വെള്ളച്ചാട്ടത്തിനകത്തേക്ക് തെറിച്ച് വെള്ളത്തിലേക്ക് മുങ്ങി തിരികെ എത്തുന്നതാണ് വീഡിയോ.


ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ ഈ റീല്‍ 2023 നവംബറിലാണ് പോസ്റ്റ് ചെയ്തത്. തനിക്കം ഇത് അവിശ്വസനീയമായിരുന്നെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും റിസ്‌വാന്‍ പറയുന്നു. റീല്‍ പോസ്റ്റ് ചെയ്ത് 10 മിനിറ്റിനുള്ളില്‍ രണ്ടു ലക്ഷം പേരാണ് വീഡിയോ കണ്ടത്. റിസ്‌വാന്‍ മടങ്ങി വീട്ടിലെത്തിയപ്പോഴേക്കും കാഴ്ചക്കാരുടെ എണ്ണം ഒരു മില്യന്‍ തികച്ചിരുന്നു.


റീലിന് 92 ലക്ഷം ലൈക്കുകളും 42,000-ലധികം കമന്റുകളുമാണ് ലഭിച്ചത്. പിന്നാലെ ജനുവരി എട്ടിന് റിസ്വാനെ തേടി ഗിന്നസ് ലോക റെക്കോര്‍ഡുമെത്തി. വെള്ളച്ചാട്ടത്തിന് സമീപം ലോക റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റും ഒരു ഫുട്ബാളും കൈയില്‍ പിടിച്ച് നിന്ന് തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തി റിസ്വാന്‍ മറ്റൊരു വീഡിയോ കൂടി ചെയ്തു.


