എറണാകുളം ജില്ലയില്‍ മലേറിയ വിമുക്തമാകുന്ന ആദ്യ നഗരം ആലുവ

Web Desk
2 Min Read

ആലുവ: മലേറിയ ഉന്‍മൂലന പരിപാടിയുടെ ഭാഗമായി ആലുവ നഗരസഭ ജില്ലയിലെ ആദ്യ മലേറിയ വിമുക്ത നഗരമായി മാറി. കഴിഞ്ഞ അഞ്ച് വര്‍ഷകാലയളവില്‍ മലേറിയ മൂലം ആരും മരണപ്പെട്ടിട്ടില്ല.

city exchange

തദ്ദേശീയമായി പകരുന്ന മലേറിയയും അഞ്ച് വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മലേറിയ പകര്‍ത്തുന്ന അനോഫിലിസ് ഇനത്തില്‍പെട്ട കൊതുകുകളുടെ സാന്നിധ്യം ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ആലുവയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളാണ് 2022 മാര്‍ച്ച് മാസത്തില്‍ മലേറിയ വിമുക്തമായി പ്രഖ്യാപിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സുസ്ഥിര വികസനലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമാണിത്. സമയബന്ധിതമായി നിരവധി പ്രവര്‍ത്തനങ്ങള്‍ ചിട്ടയായി സംഘടിപ്പിച്ചതിന്റെ പൂര്‍ത്തീകരണമായാണ് ആലുവയെ മലേറിയ വിമുക്ത നഗരമായി പ്രഖ്യാപിക്കുന്നത്. 26 വാര്‍ഡുകളിലും കൗണ്‍സിലര്‍മാരുടെ അധ്യക്ഷതയില്‍ വാര്‍ഡ്തല മലേറിയ സ്‌പെഷ്യല്‍ ഗ്രൂപ്പ് കമ്മിറ്റി യോഗങ്ങള്‍ രണ്ടു ദിവസം കൊണ്ട് പൂര്‍ത്തിയാക്കി.

- Advertisement -
Ad image

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ 17 മലേറിയ രക്തപരിശോധന ക്യാമ്പുകള്‍ മൂന്ന് ദിവസം കൊണ്ടും പൂര്‍ത്തിയാക്കി.

നഗരത്തിലെ മുഴുവന്‍ ആശ പ്രവര്‍ത്തകര്‍ക്കും ആര്‍ ഡി ടി കിറ്റ് ഉപയോഗിച്ച് മലേറിയ രക്തപരിശീലനം നടത്തി. ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലും നഗരവാസികളില്‍ മലേറിയ ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടി പ്രത്യേക മലേറിയ രക്തപരിശോധനകള്‍ തെരഞ്ഞെടുത്ത വീടുകളില്‍ നടത്തി.

മുഴുവന്‍ വിദ്യാലയങ്ങളിലേയും വിദ്യാര്‍ഥി പ്രാതിനിധ്യം ഉറപ്പ് വരുത്തി മലേറിയ വിഷയത്തെ ആസ്പദമാക്കി ഉപന്യാസ മത്സരം സംഘടിപ്പിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും ലാബുകളിലും നടത്തുന്ന മലേറിയ പരിശോധന വിവരങ്ങള്‍ ലഭിക്കുന്നതിന് ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തി.

ശക്തമായ പനിയോടൊപ്പം വിറയല്‍, പേശീ വേദന, മനം പുരട്ടല്‍, ഛര്‍ദ്ദി, െതാലിപ്പുറത്തും കണ്ണിലും മഞ്ഞ നിറം എന്നിവയാണ് മലേറിയയുടെ രോഗ ലക്ഷണങ്ങള്‍.
മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്ത് തിരികെ എത്തുന്നവര്‍ പനി ലക്ഷണങ്ങള്‍ കണ്ടാല്‍ നിര്‍ബന്ധമായും മലേറിയ പരിശോധന നടത്തേണ്ടതാണ്.
മലേറിയക്കുള്ള മരുന്നുകള്‍ ആലുവ ജില്ലാ ആശുപത്രിയില്‍ സൗജന്യമായി ലഭിക്കുന്നതാണ്.

ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, വി ആര്‍ രശ്മി, ലിഡിയ സെബാസ്റ്റ്യന്‍, വിജി ഡാലി, ആശ പ്രവര്‍ത്തകര്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആലുവയെ മലേറിയ വിമുക്ത നഗരം പ്രഖ്യാപനം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ബ്ലഡ് ബാങ്ക് ഹാളില്‍ നഗരസഭ ചെയര്‍മാന്‍ എം ഒ ജോണ്‍ നിര്‍വ്വഹിക്കും.

Share This Article
Leave a Comment
error: Content is protected !!