

താമരശ്ശേരി: ഗ്രന്ഥകാരനും നാടകകൃത്തും താമരശ്ശേരിയുടെ ദേശചരിത്രകാരനുമായ ഹുസൈന്‍ കാരാടി അന്തരിച്ചു. 72 വയസ്സായിരുന്നു. അസുഖബാധിതനായി ചികിത്സയിലായിരുന്നു.

താമരശ്ശേരി കാരാടിയിലാണ് ഇദ്ദേഹം ജനിച്ചത്. പിതാവ്: പരേതനായ ആലി. മാതാവ്: പരേതയായ കുഞ്ഞിപ്പാത്തുമ്മ. ഭാര്യ: ആമിന. മക്കള്‍: മുനീര്‍ അലി (സിനിമാ തിരകഥാകൃത്ത്), ഹസീന. മരുമക്കള്‍: ഷിയാസ്, സുമയ്യ.

കെടവൂര്‍ മാപ്പിള എല്‍ പി സ്‌കൂള്‍, സെന്റ് മേരീസ് കോളേജ് സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലായിരുന്നു പഠനം. ആദ്യത്തെ രചന മാതൃഭൂമി ആഴ്ചപതിപ്പ് ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചു. നൂറിലധികം റേഡിയോ നാടകങ്ങള്‍ ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്തു. മുക്കുപണ്ടം, ഖുറൈശിക്കൂട്ടം, കൊച്ചരയത്തി എന്നീ നാടകങ്ങള്‍ അഖില കേരള റേഡിയോ നാടകോത്സവങ്ങളില്‍ അവതരിപ്പിച്ചു.
മലയാളത്തിലെ പ്രശസ്തരായ ഇരുപതോളം എഴുത്തുകാരുടെ നോവലുകള്‍ റേഡിയോ നാടകരൂപം നല്കി അവതരിപ്പിച്ചു. മുക്കുപണ്ടം റേഡിയോ നാടകത്തിന് ബഹ്‌റൈന്‍ ആര്‍ട്സ് സെന്റര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ആനുകാലി കങ്ങളില്‍ അന്‍പതിലധികം ചെറുകഥകള്‍ എഴുതി.
അതിനുമപ്പുറം (നാടകം), നക്ഷത്രങ്ങളുടെ പ്രണാമം (നോവല്‍), കരിമുകിലിന്റെ സംഗീതം (നോവല്‍), കായംകുളം കൊച്ചുണ്ണി (നോവല്‍), അടയാളശില (നോവല്‍), നാല് പട്ടിക്കുട്ടികള്‍ (നോവല്‍), അലാവുദ്ദീനും അത്ഭുതവിളക്കും (കുട്ടികളുടെ നോവല്‍) കാസിമിന്റെ ചെരിപ്പ് (കുട്ടികളുടെ
നോവല്‍), മുസാഫിര്‍ (നോവല്‍) മുച്ചക്ര വണ്ടി (ഓര്‍മ്മകുറിപ്പുകള്‍) എന്നിവ ഇദ്ദേഹം എഴുതിയ പുസ്തകങ്ങളാണ്.
1980ല്‍ ചന്ദ്രിക ദിനപത്രത്തില്‍ സബ് എഡിറ്ററായിരുന്നു. സര്‍ക്കാര്‍ സര്‍വിസില്‍ ജോലി ലഭിച്ചപ്പോള്‍ സജീവ പത്രപ്രവര്‍ത്തനത്തില്‍ നിന്നു പിന്മാറി. ഇരു പത്തിയേഴു വര്‍ഷം സര്‍ക്കാര്‍ സര്‍വീസില്‍ ഹെഡ് ക്ലാര്‍ക്കായാണ് വിരമിച്ചത്.
താമരശ്ശേരി നവയുഗ ആര്‍ട്സിന്റെ സ്ഥാപക സെക്രട്ടറിയും 1991 മുതല്‍ തുടര്‍ച്ചയായി താമരശ്ശേരി പബ്ലിക് ലൈബ്രറി ഭരണസമിതി അംഗവുമാണ്.
താമരശ്ശേരിയിലെ കലാ- സാഹിത്യ- സാംസ്‌കാരിക മേഖലകളില്‍ സജീവമായിരുന്നു. പ്രാദേശിക സുവനീറുകളിലും ഓര്‍മപ്പുസ്തകങ്ങളിലും ദേശചരിത്രത്തിന്റെ ഓര്‍മകളുമായി അദ്ദേഹം സജീവ സാന്നിധ്യമായി.
ഹുസൈന്‍ കാരാടിയുടെ മയ്യത്ത് വെള്ളിയാഴ്ച രാവിലെ 8.15 മുതല്‍ 9.15 വരെ താമരശ്ശേരി ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും 9.30ന് കെടവൂര്‍ ജുമ മസ്ജിദില്‍ മയ്യത്ത് നമസ്‌ക്കാരം നടക്കും.

