

അബൂദാബി: അഫ്ഗാനിസ്ഥാനില്‍ നിന്നും യു എസ് പൗരന്മാരേയും ഒഴിയുന്നവരേയും കൊണ്ടു പറന്ന ചാര്‍ട്ടര്‍ വിമാനത്തിന് യു എസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അബൂദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി.

വിമാനത്തിലുള്ളവരെല്ലാം യു എസ് പൗരന്മാരോ നിയമപരമായി സ്ഥിരം താമസരേഖയുള്ളവരോ പ്രത്യേക കുടിയേറ്റ വിസയ്ക്ക് അപേക്ഷിച്ചവരോ ആണെന്ന് ഫ്‌ളോറിഡയിലെ അഭിഭാഷകനും യു എസ് മുന്‍ സൈനിക ഉദ്യോഗസ്ഥനുമായ സ്റ്റാന്‍ ബന്നര്‍ പറഞ്ഞു. 18 വയസ്സിന് താഴെയുള്ള 59 കുട്ടികള്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ട്.

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതോടെ അഫ്ഗാനികളെ പുറത്തേക്കെത്തിക്കാന്‍ സഹായിക്കുന്നതിന് രൂപീകരിച്ച പ്രൊജക്ട് ഡൈനാമോ എന്ന അമേരിക്കന്‍ താത്ക്കാലിക ഗ്രൂപ്പിന്റെ ഭാഗമാണ് ബന്നര്‍.
അവസാന നിമിഷം തങ്ങളുടെ ചാര്‍ട്ടര്‍ വിമാനത്തിന് ഇറാഖിനു മുകളിലൂടെ പറക്കാനുള്ള അനുമതി യു എസ് സര്‍ക്കാര്‍ നിഷേധിച്ചെന്നു പറഞ്ഞ ബന്നര്‍ അഫ്ഗാനിസ്ഥാനിലെ സ്വകാര്യ വിമാനക്കമ്പനിയായ കാം എയറില്‍ നിന്ന് വിമാനം ചാര്‍ട്ടര്‍ ചെയ്താണ് യാത്രക്കാരെ കയറ്റി അബൂദാബിയിലേക്ക് പുറപ്പെട്ടതെന്നും അറിയിച്ചു.
അമേരിക്കന്‍ പൗരന്മാര്‍ക്ക് ചാര്‍ട്ടര്‍ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയുന്ന യാതൊരു നടപടി ക്രമവുമില്ലെന്ന ന്യായീകരണം തങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെന്നും ബന്നര്‍ പറഞ്ഞു.
കാബൂളില്‍ നിന്നുള്ള വിമാനത്തില്‍ 26 യു എസ് പൗരന്മാര്‍, 83 ഗ്രീന്‍ കാര്‍ഡ് ഉടമകള്‍, ആറ് പ്രത്യേക കുടിയേറ്റ വിസ അപേക്ഷകര്‍ എന്നിവരാണുള്ളത്. ബാക്കിയുള്ള രണ്ടുപേര്‍ വിമാനത്തിന്റെ യു എസില്‍ നിന്നുള്ള സംഘാടകരുമാണ്.
യാത്രക്കാര്‍ക്ക് അഞ്ചാംപനിയുണ്ടാകുമോ എന്ന ആശങ്കയും യു എസ് അധികൃതര്‍ ഉയര്‍ത്തി. എന്നാല്‍ എല്ലാ യാത്രക്കാര്‍ക്കും അഞ്ചാംപനി പ്രതിരോധ കുത്തിവയ്പും കോവിഡ് പരിശോധനകളും പൂര്‍ത്തിയാക്കിയതാണെന്നും സംഘാടകര്‍ പറയുന്നു.

