350 ഗ്രാം എം ഡി എം എ പിടിച്ച കേസ്; തുമ്പിപ്പെണ്ണിനും സുഹൃത്തിനും പത്ത് വര്‍ഷം കഠിനതടവും പിഴയും

Web Desk
2 Min Read

കൊച്ചി: എറണാകുളം ടൗണില്‍ എം ഡി എം എ എത്തിച്ച് മൊത്ത വിതരണം നടത്തി വന്ന സംഘത്തിലെ പ്രധാന കണ്ണികളായ രണ്ട് പേര്‍ക്ക് എറണാകുളം സെവന്‍ത് അഡിഷണല്‍ ജില്ല സെഷന്‍ കോടതി പത്ത് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിഷ വിധിച്ചു.

city exchange

കോട്ടയം ചിങ്ങവനം മുട്ടത്താട്ട്ചിറ വീട്ടില്‍ സൂസിമോള്‍ എം സണ്ണി (തുമ്പിപ്പെണ്ണ്- 26), ആലുവ ചെങ്ങമനാട് കല്ലൂക്കാടന്‍ പറമ്പില്‍ വീട്ടില്‍ അമീര്‍ സൊഹൈല്‍ (പൂത്തിരി)- 25) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ മൂന്നും നാലും പ്രതികളായ വൈപ്പിന്‍ സ്വദേശി കുറുമ്പനാട്ട് പറമ്പില്‍ അജ്മല്‍ കെ എ (24), അങ്കമാലി പുളിയിനം സ്വദേശി എല്‍റോയ് വര്‍ഗ്ഗീസ് (22) എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. സെവന്‍ത് അഡിഷണല്‍ ഡിസ്ട്രിക്ട് ജഡ്ജ് പി എം സുരേഷ് ബാബുവാണ് വിധി പറഞ്ഞത്.

2023 ഒക്ടോബര്‍ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി സമയം ആഡംബര ബൈക്കുകളില്‍ കറങ്ങി നടന്ന് ആവശ്യക്കാര്‍ക്ക് മയ്ക്ക് മരുന്ന് കറുത്ത പോളിത്തിന്‍ കവറുകളില്‍ കെട്ടി മാലിന്യ കൂമ്പാരങ്ങളില്‍ ഡ്രോപ്പ് ചെയ്ത് ശരവേഗത്തില്‍ പാഞ്ഞ് പോകുന്നതായിരുന്നു തുമ്പിപ്പെണ്ണിന്റെ സംഘത്തിന്റെ രീതി. നഗരത്തിലെ മയക്ക് മരുന്ന് വിതരണത്തിന് ചുക്കാന്‍ പിടിച്ചിരുന്ന തുമ്പിപ്പെണ്ണായിരുന്നു മയക്ക് മരുന്ന് വിതരണത്തിന് സംഘാംഗങ്ങളെ ചുമതലപ്പെടുത്തിയിരുന്നത്.

തലയില്‍ ഷാള്‍ ധരിച്ച് ആര്‍ക്കും മുഖം കൊടുക്കാതെ രാത്രി സമയം ഇരുചക്ര വാഹനങ്ങളില്‍ പുറത്തിറക്കുന്ന തുമ്പിപ്പെണ്ണ് ആവശ്യക്കാരുടെ പക്കല്‍ നിന്ന് നേരിട്ട് പണം വാങ്ങിയതിന് ശേഷം ഇവരുടെ സംഘത്തിലെ മയക്ക് മരുന്ന് വിതരണക്കാര്‍ മുഖേന ആവശ്യക്കാര്‍ക്ക് സാധനം എത്തിച്ച് നല്‍കുയാണ് ചെയ്തിരുന്നത്.

- Advertisement -
Ad image

തുമ്പിപ്പെണ്ണ് മയക്ക് മരുന്ന് നേരിട്ട് നല്‍കാത്തതിനാല്‍ പിടിക്കപ്പെടുന്നത് എപ്പോഴും വിതരണക്കാര്‍ ആയിരിക്കും. സംഭവ ദിവസം രാത്രി മഴ പെയ്തതിനാല്‍ ഇരുചക്ര വാഹനത്തിന് പകരം ഇവരുടെ തന്നെ വിതരണ സംഘത്തിലെ ആഡംബര കാറില്‍ മയക്ക് മരുന്ന് കൈമാറാന്‍ കലൂര്‍ ജെ എല്‍ എന്‍ സ്റ്റേഡിയത്തിന് സമീപം എത്തിയതോടെയാണ് തുമ്പിപ്പണ്ണ് ശിങ്കിടികള്‍ക്കൊപ്പം എക്‌സൈസിന്റെ പിടിയിലായത്.

പിടിയിലാകുമ്പോള്‍ കാറില്‍ പല ബാഗുകളിലായാണ് എം ഡി എം എ സൂക്ഷിച്ചിരുന്നത്. അമീറിന്റെ വസ്ത്രത്തിന്റെ പോക്കറ്റുകളില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തു. ഇവരുടെ പക്കല്‍ 25 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 350 ഗ്രാം രാസലഹരി ഉണ്ടായിരുന്നു.

പിടികൂടുന്ന സമയത്ത് മയക്ക്മരുന്ന് സംഘത്തിലുള്ളവര്‍ സ്പ്രിംഗ് ബാറ്റണ്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചത് അന്ന് വലിയ വാര്‍ത്തയായിരുന്നു.

സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ പി പ്രമോദ്, സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ഡി ടോമി, ഐ ബി പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി അജിത്ത് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അന്ന് കാറടക്കം കസ്റ്റഡിയില്‍ എടുത്തത്.

മാലിന്യ കൂമ്പാരത്തിനുള്ളില്‍ മയക്ക് മരുന്ന് നിക്ഷേപിക്കുക എന്ന ബുദ്ധി തുമ്പിപ്പെണ്ണിന്റെതായിരുന്നു. എറണാകുളം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി എന്‍ സുദീര്‍ ആണ് തെളിവുകള്‍ ശേഖരിച്ച് കേസന്വേഷണം പൂര്‍ത്തിയാക്കി നാല് പ്രതികളും റിമാന്റില്‍ കഴിയവേ തന്നെ കുറ്റപത്രം സമര്‍പ്പിച്ചത്. 2023 ഒക്ടോബറില്‍ പിടിയിലായതിന് ശേഷം ഇവര്‍ നാല് പേരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റില്‍ കഴിഞ്ഞ് വരുകയായിരുന്നു. 26 സാക്ഷികള്‍ ഉണ്ടായിരുന്നതില്‍ കോടതി 14 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോളി ജോര്‍ജ് ഹാജരായി. പ്രതികളെ എറണാകുളം സബ് ജയിലേക്ക് മാറ്റി.

Share This Article
Leave a Comment
error: Content is protected !!