

ദോഹ: പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ അല്‍ മീറാദിലെയും തെക്കുപടിഞ്ഞാറന്‍ മുഐതറിലെയും റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ 60 ശതമാനം ജോലികള്‍ പൂര്‍ത്തിയാക്കി. വികസന പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്ത റോഡിന്റെ 55 ശതമാനം ഗതാഗതത്തിനായി തുറന്നുകൊടുത്തു.

നിരവധി റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ, വാണിജ്യ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഭാഗത്തിന്റെ വികസനം അശ്ഗാല്‍ നിലവില്‍ നടപ്പിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നായാണ് കണക്കാക്കുന്നത്. ആന്തരിക റോഡുകളുടെയും അടിസ്ഥാന സൗകര്യ ശൃംഖലകളുടെയും നിരവധി പദ്ധതികള്‍ അവതരിപ്പിക്കുകയും ചെയ്യും.

പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് മുമ്പ്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന അസൗകര്യങ്ങള്‍ ലഘൂകരിക്കുന്നതിനും ഓരോ ഘട്ടത്തിന്റെയും പൂര്‍ത്തീകരണം ത്വരിതപ്പെടുത്തുന്നതിനുമായി പദ്ധതിയുടെ ഭൂമിശാസ്ത്രപരമായ വ്യാപ്തി നാല് ഘട്ടങ്ങളായി വിഭജിച്ചിരുന്നു.
10,000 കാര്‍ പാര്‍ക്കിങ്ങിനു പുറമേ 1,185 തെരുവ് വിളക്കുകള്‍, ദിശാസൂചനകള്‍, റോഡ് അടയാളങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ലൈറ്റിംഗ് സംവിധാനങ്ങള്‍ പോലുള്ള ട്രാഫിക് സുരക്ഷാ ഘടകങ്ങളുടെ ക്രമീകരണത്തോടൊപ്പം മൊത്തം 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സംയോജിത റോഡ് ശൃംഖലയും പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. ആറു കിലോമീറ്റര്‍ ദൈര്‍ഘ്യം കാല്‍നടയ്ക്കും സൈക്കിള്‍ പാതയ്ക്കുമായുണ്ട്. കൂടാതെ ഏകദേശം 37,455 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് ലാന്‍ഡ്‌സ്‌കേപ്പിംഗ് ജോലികളും ഹരിത ഇടങ്ങളും നടപ്പിലാക്കും.
അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചിടത്തോളം മൊത്തം 18 കിലോമീറ്റര്‍ മലിനജല ശൃംഖല, 28 കിലോമീറ്റര്‍ ഉപരിതല, ഭൂഗര്‍ഭ ജല ഡ്രെയിനേജ് ശൃംഖല, 14 കിലോമീറ്റര്‍ ടി എസ് ഇ ശൃംഖല എന്നിവയുടെ നിര്‍മ്മാണം ഉള്‍പ്പെടുന്നു.
എല്ലാ പ്രോജക്ട് ജോലികളും 2023 നാലാം പാദത്തില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

