
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി ടി-20 ഫോര്‍മാറ്റില്‍ സംഘടിപ്പിക്കുന്ന വേള്‍ഡ് മലയാളി ക്രിക്കറ്റ് ലീഗിന്റെ പ്രഖ്യാപനം നടന്നു. കൊച്ചിയിലെ ലെ മെറിഡിയന് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ലീഗിന്റെ ലോഗോയും പ്രകാശനം ചെയ്തു.

മിസ് യൂണിവേഴ്സ് ഇന്ത്യ 2025 വാംഷി ഉദയ് മുഖ്യാതിഥിയായ ചടങ്ങില്‍ റീമാക്സ് സാം സി ഇ ഒ ഫൈസല്‍ കോണ്ട്രാക്ടര്, വാംഷി ഉദയ്, ഡബ്ല്യു എം സി എല്‍ ഡയറക്ടര്‍ അരുണ്‍ എസ് ചന്ദ്രന്, ഗോള്‍ഡന്‍ വിന്‍ഡ് ഗ്രൂപ്പ് സി ഇ ഒയും വേള്‍ഡ് ബോക്സിങ് കൗണ്‍സില്‍ ചാമ്പ്യനുമായ കെ എസ് വിനോദ്, ഡബ്ല്യു എം സി എല്‍ ഡയറക്ടര്‍ കെ ജി ബിജു എന്നിവര്‍ ചേര്‍ന്നാണ് ലോഗോ പ്രകാശനം ചെയ്തത്.

ഐ പി എല്‍ മാതൃകയില്‍ രൂപകല്‍പ്പന ചെയ്യുന്ന ഡബ്ല്യു എം സി എല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ക്ക് ടീമുകള്‍ സ്വന്തമാക്കാന്‍ അവസരമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ആഗോളതലത്തിലുള്ള മലയാളി ക്രിക്കറ്റ് താരങ്ങളെയും സംരംഭകരെയും ഒരേ വേദിയില്‍ എത്തിക്കുകയാണ് ലീഗിന്റെ ലക്ഷ്യം.
ഗോള്‍ഡന്‍ വിന്‍ഡ് ഗ്രൂപ്പ്, ബ്ലൂ ടൈഗര്‍, റീമാക്സ് സാം എന്നിവരുടെ സഹകരണത്തോടെയാണ് ഡബ്ല്യു എം സി എല്‍ സംഘടിപ്പിക്കുന്നത്. മലയാളി സമൂഹത്തെ കായികരംഗത്തിലൂടെ ആഗോളതലത്തില്‍ ബന്ധിപ്പിക്കുന്നതിനൊപ്പം ടീമുടമസ്ഥതയിലൂടെ പുതിയ അവസരങ്ങള്‍ ഒരുക്കുകയാണ് ലീഗിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
ചടങ്ങില്‍ റീമാക്സ് സാം, ഗോള്‍ഡന്‍ വിന്‍ഡ് ഗ്രൂപ്പ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര റിയല്‍ എസ്റ്റേറ്റ് എക്സ്പോയുടെ പ്രഖ്യാപനവും നടന്നു. ദുബായ്, ജോര്‍ജിയ, ഓസ്ട്രേലിയ, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രീമിയം പ്രോപ്പര്‍ട്ടികള്‍, വില്ലകള്‍, ഭൂമി എന്നിവ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു.
ആഗോള നിക്ഷേപകര്‍ക്ക് വിവിധ രാജ്യങ്ങളിലെ റിയല്‍ എസ്റ്റേറ്റ് സാധ്യതകള്‍ പരിചയപ്പെടുന്നതിനും നിക്ഷേപ അവസരങ്ങള്‍ വിലയിരുത്തുന്നതിനുമുള്ള വേദിയായാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. എക്സ്പോയുടെ ഭാഗമായി വിവിധ പ്രോപ്പര്‍ട്ടി ലോഞ്ചുകളും മലബാര്‍ ഫാഷന്‍ വീക്ക് ലോഞ്ചും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

