
ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എ ആലുവ നിയമസഭാ മണ്ഡലത്തിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസവും സാമൂഹിക പ്രതിബദ്ധതയും കരിയര്‍ സ്വപ്നങ്ങളും കൂടുതല്‍ മികവുറ്റതാക്കുന്നതിന് നടപ്പിലാക്കുന്ന ‘അലൈവ്’ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി കൂടുതല്‍ വിപുലമാക്കുന്നു.

വിദ്യാര്‍ഥികളുടെ അഭിരുചികളും കഴിവുകളും തിരിച്ചറിയുന്നതിനും അവര്‍ക്ക് അനുയോജ്യമായ വിദ്യാഭ്യാസ- കരിയര്‍ അവസരങ്ങളിലേക്ക് വഴികാട്ടുന്നതിനുമായി ആരംഭിച്ച ‘അലൈവ് കരിയര്‍ വണ്ടി’ മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിലെത്തി വിദ്യാര്‍ഥികള്‍ക്ക് പുതിയ സാധ്യതകളും ദിശാബോധവും നല്‍കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം വിദ്യാഭ്യാസം, കരിയര്‍, നേതൃത്വം, വ്യക്തിത്വവികസനം, കായികം, സാമൂഹിക പ്രതിബദ്ധത എന്നിവയ്ക്കൊപ്പം ലഹരിവിരുദ്ധ ബോധവത്കരണത്തിനും പ്രത്യേക പ്രാധാന്യം നല്‍കും. കേരള സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ‘ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട്’ ക്യാമ്പയിന് ലഹരിയുടെ അപകടങ്ങളില്‍ നിന്ന് കുട്ടികളെയും യുവതലമുറയെയും സംരക്ഷിക്കുന്നതിന് അലൈവിലൂടെ വിദ്യാലയങ്ങളിലെത്തിക്കും.
സെപ്റ്റംബര്‍ 7ന് തിങ്കളാഴ്ച രാവിലെ 10.30ന് ആലുവ സെന്റ് സേവ്യേഴ്സ് വിമന്‍സ് കോളേജില്‍ നടക്കുന്ന ‘അലൈവ്’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ പുതിയ ഘട്ടത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ നിര്‍വഹിക്കും. ചടങ്ങില്‍ വിശിഷ്ടാതിഥിയായി ചലച്ചിത്ര നടന് ചന്തു സലീംകുമാര്‍ പങ്കെടുക്കും. അദ്ദേഹം പദ്ധതിയുടെ ലോഗോ പ്രകാശനം നിര്‍വഹിക്കും.
ആലുവ നഗരസഭ ചെയര്‍പേഴ്സണ്‍ സൈജി ജോളി, അധ്യാപകര്‍, ജനപ്രതിനിധികള്‍, വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കാളികളാകും.
സോഷ്യല്‍ എഞ്ചിനീയറിംഗ് ടീമായ വി-കാന്‍ സോഷ്യല്‍ ഇന്നവേറ്റേഴ്സാണ് പദ്ധതികളുടെ നടത്തിപ്പിന് നേതൃത്വം നല്‍കുന്നത്.

