
ദോഹ: ബ്രിട്ടനിലെ വ്യോമഗതാഗത നിയന്ത്രണ ശൃംഖലയിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാന സര്‍വീസുകളില്‍ തടസ്സവും വൈകലും നേരിടാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി.

സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയ യാത്രാ അറിയിപ്പിലാണ് ഖത്തര്‍ എയര്‍വേയ്സ് ഇക്കാര്യം അറിയിച്ചത്. യുണൈറ്റഡ് കിംഗ്ഡമിലെ വിവിധ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ക്കും ബ്രിട്ടീഷ് വ്യോമപരിധിയിലൂടെ കടന്നുപോകുന്ന വിമാനങ്ങള്‍ക്കും വൈകലും റൂട്ട് മാറ്റവും നേരിടാന്‍ സാധ്യതയുണ്ടെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി.

ബ്രിട്ടനിലെ നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസിന്റെ (എന്‍ എ ടി എസ്) വിമാന പ്രോസസിംഗ് സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറാണ് പ്രതിസന്ധിക്ക് കാരണമായത്. പ്രധാന വിമാനത്താവളങ്ങളെയും തകരാര്‍ ബാധിച്ചതോടെ വ്യാപകമായ വിമാന വൈകലുകളും റദ്ദാക്കലുകളും ഉണ്ടായി.
തകരാര്‍ പരിഹരിച്ചതായി പിന്നീട് എന്‍ എ ടി എസ് അറിയിച്ചു. എന്നാല്‍, സര്വീസുകളിലുണ്ടായിരുന്ന ബാക്ക്ലോഗ് തീര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനാല്‍ വിമാന സര്‍വീസുകളില്‍ തടസ്സം നിലനില്‍ക്കുകയായിരുന്നു.
തടസ്സം ബാധിച്ച യാത്രക്കാര്‍ ഖത്തര്‍ എയര്‍വേയ്സിന്റെ വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ഏറ്റവും പുതിയ വിമാന വിവരങ്ങള്‍ പരിശോധിക്കണമെന്ന് എയര്‍ലൈന്‍ നിര്‍ദേശിച്ചു.

