
വടകര: ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ (എച്ച് എം സി) ജോലി ചെയ്യുന്ന ഇന്ത്യന്‍ ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വടകര എം പി ഷാഫി പറമ്പില്‍ ദോഹയിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്തയച്ചു. പ്രധാനമായും കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസി കുടുംബങ്ങളെയാണ് നടപടി ഗുരുതരമായി ബാധിക്കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

എച്ച് എം സി അടുത്തിടെ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ ആരംഭിച്ചതായും സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി രണ്ട് മാസത്തെ നോട്ടീസ് കാലാവധിയാണ് നിലവില്‍ നല്‍കുന്നതെന്നും കത്തില്‍ പറയുന്നു. പിരിച്ചുവിടപ്പെടുന്ന ജീവനക്കാര്‍ക്ക് ഖത്തറില്‍ മറ്റൊരു ജോലി കണ്ടെത്താനാകാത്ത പക്ഷം 60 ദിവസത്തിനകം തൊഴിലുടമ നല്‍കുന്ന താമസസൗകര്യം ഒഴിയേണ്ട സാഹചര്യവുമുണ്ട്.

തൊഴില്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ വലിയ ആശങ്ക കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്ന സാഹചര്യമാണെന്ന് ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി. ബാധിക്കപ്പെട്ട നിരവധി കുടുംബങ്ങളിലെ കുട്ടികള്‍ ഖത്തറിലെ സി ബി എസ് ഇ സ്‌കൂളുകളില്‍ പത്താം ക്ലാസില്‍ പഠിക്കുന്നവരാണ്. അധ്യയനവര്‍ഷം പകുതിയിലേറെ പിന്നിട്ട സാഹചര്യത്തില്‍, മാര്‍ച്ചില്‍ ബോര്‍ഡ് പരീക്ഷ നടക്കാനിരിക്കെ ഇന്ത്യയിലേക്ക് മടങ്ങുന്നത് കുട്ടികളുടെ പഠനത്തെ ഗുരുതരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സി ബി എസ് ഇ ചട്ടങ്ങള്‍ പ്രകാരം അധ്യയനവര്‍ഷത്തിന്റെ മധ്യത്തില്‍ ഇന്ത്യയിലെ സ്‌കൂളുകളില്‍ പ്രവേശനം നേടുന്നത് ഏറെ ബുദ്ധിമുട്ടുള്ളതിനാല്‍ നൂറിലധികം വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യയനവര്‍ഷം തന്നെ നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടെന്നും കത്തില്‍ പറയുന്നു.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ നിലവിലെ അധ്യയനവര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് വരെ ജീവനക്കാരുടെ നോട്ടീസ് കാലാവധിയും തൊഴിലുടമ നല്‍കുന്ന താമസസൗകര്യവും നീട്ടാന്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനോടും ബന്ധപ്പെട്ട ഖത്തര്‍ അധികൃതരോടും ഇടപെടണമെന്ന് എം പി ഇന്ത്യന്‍ അംബാസഡറോട് ആവശ്യപ്പെട്ടു.
അനിവാര്യമായ സാഹചര്യത്തില്‍ കുടുംബങ്ങള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്നാല്‍ കുട്ടികള്‍ക്ക് അധ്യയനവര്‍ഷം നഷ്ടപ്പെടാതെ ഇന്ത്യയിലെ സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുന്നതിന് ഇളവുകള്‍ അനുവദിക്കുന്നതിനായി ഇന്ത്യന്‍ എംബസി, സി ബി എസ് ഇ, കേന്ദ്ര വിദേശകാര്യ മന്ത്രാലയം എന്നിവയുടെ ഏകോപനം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നൂറിലധികം ഇന്ത്യന്‍ കുടുംബങ്ങള്‍ കുട്ടികളുടെ ഭാവിയെക്കുറിച്ച് കടുത്ത ആശങ്ക നേരിടുകയാണെന്നും ഈ വിഷയത്തില്‍ ഇന്ത്യന്‍ എംബസിയുടെ സമയോചിതമായ നയതന്ത്ര ഇടപെടല്‍ പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമാകുമെന്നും ഷാഫി പറമ്പില്‍ കത്തില്‍ വ്യക്തമാക്കി.

