
ദോഹ: ഇടുക്കി- കോട്ടയം എക്‌സ്പാട്രിയേറ്റ് സര്‍വീസ് അസോസിയേഷന്‍ ഖത്തര്‍ (ഐകെസാഖ്) സംഘടിപ്പിച്ച ‘ഓണാരവം’ വിവിധ കലാപരിപാടികളോടും ഓണസദ്യയോടും കൂടി ആഘോഷിച്ചു. പ്രവാസി മലയാളികളുടെ സൗഹൃദവും സ്‌നേഹവും കൂട്ടായ്മയും വിളിച്ചോതിയ ആഘോഷം ശ്രദ്ധേയമായി.
കേരളത്തിന്റെ തനത് ഓണപ്പാരമ്പര്യത്തിന്റെ നിറം പകര്‍ന്ന ചടങ്ങില്‍ ഓണസദ്യ, ഗാനങ്ങള്‍, നൃത്തങ്ങള്‍, തിരുവാതിര, ചെണ്ടമേളം, മാജിക്‌മെന്റലിസം ഷോ തുടങ്ങിയ വിവിധ പരിപാടികള്‍ അരങ്ങേറി.

ചടങ്ങില്‍ ഐ സി ബി എഫ് സെക്രട്ടറി ജാഫര്‍ തറയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഐ സി ബി എഫ് പ്രതിനിധി മിനി സിബി, ഐ സി സി വൈസ് പ്രസിഡന്റ് ശന്തനു ദേശ്പാണ്ഡെ, ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സെപ്രോടെക് സി ഇ ഒ ജോസ് ഫിലിപ്പ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. മഹേഷ് മോഹനന്‍ അധ്യക്ഷത വഹിച്ചു. ഐകെസാഖ് ജനറല്‍ സെക്രട്ടറി ജെയ്‌മോന്‍ കുര്യാക്കോസ് സ്വാഗതവും വിനോദ് ടി പി നന്ദിയും രേഖപ്പെടുത്തി.

പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും സാമൂഹിക സുരക്ഷയ്ക്കും പ്രാധാന്യം നല്‍കി ഐകെസാഖ് വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. മെഡിക്കല്‍ വിംഗ്, പ്രവാസി വെല്‍ഫെയര്‍, ലീഗല്‍ സെല്‍, വനിതാ വിംഗ് എന്നിവയുടെ നേതൃത്വത്തില്‍ വിവിധ സേവനങ്ങളും ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നു.
പ്രവാസികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ജോബ് പ്രൊഫൈല്‍/ ജോബ് ഗ്രൂപ്പുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, പ്രവാസി സുരക്ഷാ പ്രവര്‍ത്തനങ്ങള്‍, നോര്‍ക്ക ഇന്‍ഷുറന്‍സ് ക്യാമ്പയിനുകള്‍ തുടങ്ങിയവയും സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്.
അര്‍ഹരായ കുടുംബങ്ങള്‍ക്ക് സ്വന്തമായി ഒരു വീട് ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഐകെസാഖ് നടപ്പാക്കിവരുന്ന ‘സ്‌നേഹനിലയം’ പദ്ധതിയും ചടങ്ങില്‍ പ്രത്യേകമായി പരാമര്‍ശിക്കപ്പെട്ടു. സമൂഹത്തില്‍ യഥാര്‍ഥത്തില്‍ അര്‍ഹരായ ഒരു കുടുംബത്തിന് സുരക്ഷിതമായ ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി മുന്നോട്ടുപോകുന്നത്.
പ്രവാസികളുടെ ക്ഷേമത്തിനും സമൂഹത്തിന്റെ നന്മയ്ക്കുമായി സേവനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ‘നമ്മള്‍ ഒരുമിച്ച്’ എന്ന ഐകെസാഖിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച ഓണാരവം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും ആഘോഷമായി മാറി.

