
ഭുവനേശ്വര്‍: നിര്‍ണായക ധാതുക്കളുടെ മേഖലയിലും സുസ്ഥിര സാങ്കേതികവിദ്യകളിലും കേരളത്തിന് വലിയ സാധ്യതകളുണ്ടെന്ന് ഭുവനേശ്വറിലെ ശാസ്ത്ര വ്യവസായ ഗവേഷണ കൗണ്‍സിലിന്റെ ധാതുവസ്തു സാങ്കേതിക ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ഡോ. രാമാനുജ് നാരായണ്‍. തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിച്ച ഒഡീഷ മാധ്യമ പര്യടനത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള മാധ്യമ സംഘം സ്ഥാപനം സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിര്‍ണായക ധാതുമേഖലയിലെ മികവിന്റെ കേന്ദ്രമായി കേന്ദ്ര ഖനി മന്ത്രാലയം സ്ഥാപനത്തെ അംഗീകരിച്ചിട്ടുണ്ടെന്നും തന്ത്രപ്രധാനമായ ഈ രംഗത്ത് രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലൊന്നാണിതെന്നും ഡോ. രാമാനുജ് പറഞ്ഞു. നിര്‍ണായക ധാതുക്കളുടെ വേര്‍തിരിച്ചെടുക്കല്‍, സംസ്‌കരണം, പരമാവധി പ്രയോജനപ്പെടുത്തല്‍ എന്നിവ ദേശീയ മുന്‍ഗണനകളിലൊന്നാണെന്നും ഇതിനായി അത്യാധുനിക ഗവേഷണ സംവിധാനങ്ങള്‍ സ്ഥാപനത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കളിമണ്‍ അധിഷ്ഠിത വ്യവസായ മേഖലയിലും കേരളത്തിന് വലിയ അവസരങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ വനവിസ്തൃതി പ്രധാന കാര്‍ബണ്‍ സംഭരണിയായി പ്രവര്‍ത്തിക്കുന്നതായും ശാസ്ത്രഎന്‍ജിനീയറിങ് മേഖലയിലെ പുരോഗതി കുറഞ്ഞ മലിനീകരണമുള്ള സാങ്കേതികവിദ്യകളുടെ വികസനത്തിന് സഹായിക്കുന്നതായും അദ്ദേഹം പറഞ്ഞു. പരിസ്ഥിതിക്കും പ്രാദേശിക സമൂഹങ്ങള്‍ക്കും കുറഞ്ഞ ആഘാതം മാത്രമുണ്ടാക്കുന്ന ഇത്തരം സാങ്കേതികവിദ്യകള്‍ സുസ്ഥിര വിഭവ വിനിയോഗത്തിന് സഹായകമാകുമെന്നും കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായി സ്ഥാപനം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളില്‍ വാഴപ്പിണ്ടിയില്‍നിന്നുള്ള അവശിഷ്ടം ഉപയോഗിച്ച് നിര്‍മിക്കുന്ന ജൈവകല്‍ക്കരി അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇത് മണ്ണിലെ പൊട്ടാസ്യത്തിന്റെ അളവ് വര്‍ധിപ്പിക്കാനും സുസ്ഥിര കൃഷിക്ക് സഹായിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യം വെറും മാലിന്യമല്ല; അത് ഒരു വിഭവം
സുസ്ഥിര വികസനത്തിന്റെയും ചാക്രിക സമ്പദ്വ്യവസ്ഥയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ ഡോ. രാമാനുജ്, മാലിന്യം വെറും മാലിന്യമല്ലെന്നും അതൊരു വിഭവമാണെന്നും പറഞ്ഞു. കാര്‍ഷിക, വ്യവസായിക ഉപോത്പന്നങ്ങളെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള സാങ്കേതികവിദ്യകളാണ് സ്ഥാപനം വികസിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
നവീന ആശയങ്ങള്‍, വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം, വിവിധതരം മാലിന്യങ്ങളുടെ സമഗ്ര പുനരുപയോഗം എന്നിവയിലൂടെ 2040ഓടെ ഇന്ത്യയെ മാലിന്യമുക്ത രാഷ്ട്രമാക്കുക എന്ന ദീര്‍ഘകാല കാഴ്ചപ്പാടോടെയാണ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉയര്‍ന്ന ഗുണനിലവാരമുള്ള ഹൈഡ്രജന്‍ ഉത്പാദനം ഉള്‍പ്പെടെയുള്ള പുതിയ ഗവേഷണ മേഖലകളെക്കുറിച്ചും ഡയറക്ടര്‍ വിശദീകരിച്ചു. തന്ത്രപ്രധാന ധാതുക്കളിലും അസംസ്‌കൃത വസ്തുക്കളിലും ഇന്ത്യയുടെ ശേഷി കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശാസ്ത്രവും ശാസ്ത്രബോധവും പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് ഡോ. രാമാനുജ് പറഞ്ഞു. നവീനാശയം, ശാസ്ത്രഗവേഷണം, സാങ്കേതികവിദ്യാധിഷ്ഠിത പരിഹാരങ്ങള്‍ എന്നിവയിലൂടെ വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ ഇത്തരം ഗവേഷണ സ്ഥാപനങ്ങള്‍ക്ക് പ്രധാന പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്ലാറ്റിനം വിഭാഗത്തില്‍പ്പെടുന്ന മൂലകങ്ങളും ഇരുമ്പയിരും കൈകാര്യം ചെയ്യുന്ന ഗവേഷണ സംവിധാനങ്ങള്‍ക്കും ഇലക്ട്രോണിക് മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും പുനരുപയോഗിക്കുന്നതിനുള്ള പ്രാരംഭ ഉത്പാദനശാലകള്‍ക്കും മാധ്യമസംഘം സന്ദര്‍ശനം നടത്തി.

