അറുപതാം വാര്‍ഷികം: സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും 25 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ച് താഴയില്‍ ഗ്രൂപ്പ്

Web Desk
2 Min Read

തിരുവല്ല: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി 1937 ജനുവരി 20-ന് ഇലന്തൂര്‍ സന്ദര്‍ശിച്ചതിന്റെ ചരിത്രസ്മരണകള്‍ പുതുക്കി ഇലന്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച താഴയില്‍ ഗ്രൂപ്പിന്റെ 60-ാം വാര്‍ഷികാഘോഷം ഒക്ടോബര്‍ 2ന് തിരുവല്ലയില്‍ നടക്കും. വാര്‍ഷികാഘോഷത്തിനു മുന്നോടിയായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജനപ്പെടുന്ന വിവിധ ആരോഗ്യക്ഷേമ പദ്ധതികള്‍ക്കും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്കും ഗ്രൂപ്പ് തുടക്കമിടുകയാണെന്ന് ചെയര്‍മാന്‍ ഡോ. തോമസ് ജോണ്‍, മാനേജിംഗ് ഡയറക്ടര്‍ ജിനോയ് ജോണ്‍, ഡയറക്ടര്‍ പ്രൊഫ. കോശി തോമസ് എന്നിവര്‍ അറിയിച്ചു. ഇതനുസരിച്ച് കേരളത്തിലെ പ്രമുഖ ആശുപത്രികളുടെ സഹകരണത്തോടെ ആദ്യഘട്ടത്തില്‍ മൂന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

city exchange

പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗസാധ്യതകള്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ആവശ്യമായ പരിശോധനകളും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും സൗജന്യമായി നല്‍കും. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് തുടര്‍ ചികിത്സാ സഹായവും നല്‍കും. സ്ഥാപക ചെയര്‍മാന്‍ യോഹന്നാന്‍ തോമസിന്റെ സ്മരണാര്‍ഥം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠനത്തില്‍ മികവ് തെളിയിച്ച 25 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ചു. മെഡിക്കല്‍ ക്യാമ്പുകളുടെ ലൊക്കേഷനുകളും തിയ്യതികളും സ്‌കോളര്‍ഷിപ്പ് വിജയികളുടെ പേരു വിവരങ്ങളും ഒക്ടോബര്‍ 2ന് നടക്കുന്ന വാര്‍ഷികാഘോഷത്തില്‍ പ്രഖ്യാപിക്കും.

60-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സമൂഹത്തിന് മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്നവരെ ആദരിക്കുന്ന പ്രത്യേക ആദരിക്കല്‍ ചടങ്ങും സംഘടിപ്പിക്കുമെന്നും ജിനോയ് ജോണ്‍ പറഞ്ഞു. രാജ്യത്തിനു വേണ്ടി ജീവന്‍ നല്‍കിയ ഇലന്തൂരിന്റെ ധീരപുത്രന്‍ ജവാന്‍ തോമസ് ചെറിയാന്റെ ഓര്‍മകള്‍ക്കു മുന്നില്‍ ആദരവര്‍പ്പിച്ചു കൊണ്ടാകും ചടങ്ങിന്റെ തുടക്കം. ഹിമാചല്‍ ദേശിലെ മഞ്ഞുമലകളില്‍ രാജ്യസേവനത്തിനിടെ കാണാതായ തോമസ് ചെറിയാന്റെ ഭൗതികശരീരം ഏറെ നാളുകള്‍ക്കുശേഷം അടുത്തിടെ കണ്ടെത്തുകയും പത്തനംതിട്ട ജില്ലയില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുകയും ചെയ്തിരുന്നു.

പരിപാടിയില്‍ തുടര്‍ന്ന് ആശാവര്‍ക്കര്‍മാര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, ഗാന്ധിയന്‍മാര്‍, ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്‍ മോളുടെ മാതാപിതാക്കള്‍, വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവരേയും ചടങ്ങില്‍ ആദരിക്കും.

- Advertisement -
Ad image

60-ാം വാര്‍ഷികത്തിനു മുന്നോടിയായി സംഘടിപ്പിക്കുന്ന താഴയിലിന്റെ വായനക്കളരി പദ്ധതി നിലവില്‍ വിവിധ സ്‌കൂളുകളില്‍ വിജയകരമായി നടന്നു വരികയാണ്. വിദ്യാര്‍ഥികളില്‍ വായനാശീലവും അറിവിനോടുള്ള താത്പര്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ജിനോയ് ജോണ്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!