
മനാമ: അര്‍ബുദബാധയും സാമ്പത്തിക പ്രയാസങ്ങളും മൂലം നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ബഹ്റൈനില്‍ പ്രയാസത്തിലായിരുന്ന മലയാളി വീട്ടമ്മയ്ക്ക് തുണയായി ബഹ്റൈന്‍ പ്രവാസി സമൂഹവും ഇന്ത്യന്‍ എംബസിയും. പ്രവാസി വെല്‍ഫെയര്‍ ബഹ്റൈന്റെയും വിവിധ സാമൂഹിക സംഘടനകളുടെയും സമയോചിതമായ ഇടപെടലിലൂടെ നാട്ടിലെത്തിച്ച വീട്ടമ്മയെ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാട്ടിലേക്ക് യാത്ര ചെയ്യുന്നതില്‍ പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ ഇന്ത്യന്‍ എംബസി നല്‍കിയ പിന്തുണ ദൗത്യം വേഗത്തിലാക്കാന്‍ സഹായിച്ചു. എംബസി ഉദ്യോഗസ്ഥരുടെ ഇടപെടലും സഹകരണവും പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമായി.

പ്രവാസി വെല്‍ഫെയര്‍ വിഷയം ഏറ്റെടുത്തതോടെ ‘ഹോപ്പ് ബഹ്റൈന്‍’ സൗജന്യ വിമാന ടിക്കറ്റ് നല്‍കാന്‍ മുന്നോട്ടുവന്നു. ഇതോടൊപ്പം ചികിത്സാ സഹായവുമായി നിരവധി വ്യക്തികളും രംഗത്തെത്തി. ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ പ്രയാസങ്ങളില്‍ സഹായഹസ്തവുമായി എത്തുന്ന ബഹ്റൈനിലെ സാമൂഹിക സംഘടനകളുടെയും മലയാളി സമൂഹത്തിന്റെയും കൂട്ടായ പ്രവര്‍ത്തനമാണ് വീട്ടമ്മയുടെ നാട്ടിലേക്കുള്ള മടക്കയാത്രയും തുടര്‍ ചികിത്സയും സാധ്യമാക്കിയതെന്ന് പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് മജീദ് തണല്‍ പറഞ്ഞു.
നാട്ടില്‍ ചികിത്സയില്‍ കഴിയുന്ന വീട്ടമ്മ പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തട്ടെയെന്ന് ആശംസിക്കുന്നതായും ഈ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, ‘ഹോപ്പ് ബഹ്റൈന്‍’, സാമൂഹിക പ്രവര്‍ത്തകര്‍, സഹായം നല്‍കിയ വ്യക്തികള്‍ തുടങ്ങി എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും പ്രവാസി വെല്‍ഫെയര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

