
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ രക്ഷാകര്‍ത്തൃത്വത്തിലും സാന്നിധ്യത്തിലും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് (എഐഐബി) ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെ 11-ാമത് വാര്‍ഷിക യോഗത്തിന് ദോഹയില്‍ തുടക്കമായി.

‘ടുമാറോസ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍: ഇംപാക്ട് ആന്‍ഡ് ഇന്നൊവേഷന്‍’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ വാര്‍ഷിക യോഗം നടക്കുന്നത്.

ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗവര്‍ണര്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, പങ്കാളിത്ത സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
അടിസ്ഥാന സൗകര്യ വികസനത്തിനായി വര്‍ധിച്ചുവരുന്ന ആവശ്യങ്ങളോട് ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍, സര്‍ക്കാരുകള്‍, സ്വകാര്യ മേഖല എന്നിവയുടെ പ്രതികരണം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ വാര്‍ഷിക യോഗത്തില്‍ ചര്‍ച്ച ചെയ്യും.
സ്വകാര്യ മൂലധനം കൂടുതല്‍ സമാഹരിക്കുക, സ്ഥാപനങ്ങളും വിപണികളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക, സുസ്ഥിര അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് പിന്തുണ നല്‍കുക എന്നിവയ്ക്കാണ് യോഗത്തില്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നത്.
ഭാവിയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ നൂതന സമീപനങ്ങളും നിക്ഷേപ സാധ്യതകളും സംബന്ധിച്ചും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ ആശയവിനിമയം നടത്തും.

