ഇന്‍കാസ് രജത ജൂബിലി; ഗാന്ധിജയന്തി ദിനത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
2 Min Read

ദോഹ: മനുഷ്യസ്‌നേഹത്തിന്റെയും സഹജീവികളോടുള്ള കരുതലിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ഇന്‍കാസ് ഖത്തറിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ ഹമദ് മെഡിക്കല്‍ സിറ്റിയിലെ ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ 150ഓളം പേര്‍ രക്തം ദാനം ചെയ്യുകയും 25ഓളം പേര്‍ പ്ലേറ്റ്‌ലെറ്റ് ദാനം ചെയ്യുകയും ചെയ്തു.

city exchange

ഖത്തറില്‍ കാല്‍നൂറ്റാണ്ടായി കലാ- സാംസ്‌കാരിക- സാമൂഹിക- ജീവകാരുണ്യ മേഖലകളില്‍ സജീവമായ ഇന്‍കാസ് ഖത്തര്‍ രജതജൂബിലി ആഘോഷങ്ങള്‍ കേവലം ആഘോഷപരിപാടികളില്‍ ഒതുക്കാതെ സമൂഹത്തിന് പ്രയോജനകരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മാനവികതയുടെ സന്ദേശം പകരണമെന്ന ലക്ഷ്യത്തോടെയാണ് ഗാന്ധിജയന്തി ദിനത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

സത്യത്തിന്റെയും അഹിംസയുടെയും മാനവികതയുടെയും സന്ദേശം ലോകത്തിന് പകര്‍ന്ന മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍, രക്തദാനത്തിലൂടെ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന മഹത്തായ സന്ദേശം സമൂഹത്തിലെത്തിക്കാനും ക്യാമ്പിലൂടെ സാധിച്ചു. ജാതി, മതം, ഭാഷ, ദേശം എന്നീ അതിര്‍വരമ്പുകള്‍ക്കപ്പുറം മനുഷ്യജീവന് വില കല്‍പ്പിക്കുന്ന സേവന പ്രവര്‍ത്തനമാണ് രക്തദാനമെന്ന സന്ദേശവും ക്യാമ്പ് ഉയര്‍ത്തിപ്പിടിച്ചു.

ക്യാമ്പ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് ആക്ടിംഗ് പ്രസിഡന്റ് വി എസ് അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ വി ബോബന്‍ സ്വാഗതം ആശംസിച്ചു.

- Advertisement -
Ad image

ഐ സി ബി എഫ് ഉപദേശക സമിതി ചെയര്‍മാന്‍ കെ എസ് പ്രസാദ്, ഇന്‍കാസ് രക്ഷാധികാരികളായ ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, മുഹമ്മദ് ഷാനവാസ് എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് കോര്‍ഡിനേറ്റര്‍ ജിഷ ജോര്‍ജ് നന്ദി രേഖപ്പെടുത്തി.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ സി സി ജനറല്‍ സെക്രട്ടറി അബ്രഹാം കെ ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, ഉപദേശക സമിതി ചെയര്‍മാന്‍ പി എന്‍ ബാബുരാജന്‍, ഐ എസ് സി സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, മറ്റ് അപെക്‌സ് ബോഡി ഭാരവാഹികളും വിവിധ സംഘടനാ പ്രതിനിധികളും ക്യാമ്പില്‍ സംബന്ധിച്ചു.

ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍, ലേഡീസ് വിംഗ്, യൂത്ത് വിംഗ് പ്രവര്‍ത്തകര്‍ എന്നിവര്‍ ക്യാമ്പിന്റെ സംഘാടനത്തിന് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!