
ദോഹ: ഹ്രസ്വ സന്ദര്‍ശനത്തിനായി ഖത്തറില്‍ എത്തിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മനോരമ ന്യുസിന്റെ ന്യൂസ് ഡയറക്ടറുമായ ജോണി ലൂക്കോസിന് ഇന്ത്യന്‍ മീഡിയ ഫോറം ഖത്തര്‍ സ്‌നേഹാദരവ് നല്‍കി. സോഷ്യല്‍ മീഡിയ കാലത്ത് മറ്റുള്ളവരുടെ പിഴവുകള്‍ക്ക്‌പോലും മാധ്യമ പ്രവര്‍ത്തകര്‍ പഴികേള്‍ക്കുന്ന സ്ഥിതിയാണെന്ന് ജോണി ലൂക്കോസ് പറഞ്ഞു.

ഏറ്റവും സാധാരണ ജനങ്ങളുടെ മതേതരസ്വഭാവമാണ് സമീപകാലത്ത് നടന്ന കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നും ഐ എം എഫ് അംഗങ്ങളുമായി നടത്തിയ മുഖാമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ജെന്‍സി തലമുറയ്ക്ക് മാധ്യമ പ്രവര്‍ത്തനത്തോട് താല്പര്യം കുറഞ്ഞുവരുന്നതിന് തെളിവാണ് ജേര്‍ണലിസം കോഴ്‌സ്‌കളിലെ വിദ്യാര്‍ഥികളുടെ അനുപാതത്തിലെ കുറവെന്ന് ജോണി ലൂക്കോസ് അഭിപ്രായപ്പെട്ടു. പത്രങ്ങള്‍ ഡിജിറ്റലൈസിലാണ് ഭാവി ഫോക്കസ് ചെയ്യുന്നതെന്നും ടെലിവിഷന്‍ പ്രേക്ഷകര്‍ മൊബൈല്‍ സ്‌ക്രീന്‍ പ്രേക്ഷകരായി മാറികൊണ്ടിരിക്കുന്നതിനാല്‍ ഭാവിയില്‍ ടെലിവിഷന്‍ രംഗം കണ്ടന്റ് പ്രൊഡക്ഷന്‍ ഹൗസുകള്‍ ആയി മാറിയേക്കാമെന്നും പറഞ്ഞ ജോണി ലൂക്കോസ് കേരളത്തില്‍ മൂന്നോ നാലോ ചാനലുകള്‍ മാത്രമാകും നഷ്ടമില്ലാതെ പോകുന്നതെന്നും അഭിപ്രായപെട്ടു.
കോഴിക്കോട് സ്റ്റാര്‍ റെസ്റ്റോറന്റില്‍ നടന്ന പരിപാടിയില്‍ ഐ എം എഫ് പ്രസിഡന്റ് ഓമനക്കുട്ടന്‍ പരുമല അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഐ എം എഫ് അംഗങ്ങള്‍ ചേര്‍ന്ന് ജോണി ലൂക്കോസിന് സ്‌നേഹോപഹാരം കൈമാറി. ഐ എം എഫ് ജനറല്‍ സെക്രട്ടറി ഷഫീക്ക് അറയ്ക്കല്‍ സ്വാഗതവും ട്രഷറര്‍ ആര്‍ ജെ രതീഷ് നന്ദിയും പറഞ്ഞു. ഐ എം എഫ് വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടന്‍, സെക്രട്ടറി അന്‍വര്‍ പാലേരി, എക്സിക്യൂട്ടീവ് അംഗം ആര്‍ ജെ നിസ എന്നിവര്‍ നേതൃത്വം നല്‍കി.

