സിംസ് വര്‍ക്ക് ഓഫ് മേഴ്‌സി അവാര്‍ഡ് 2026 ബഹ്‌റൈനിലെ നഴ്‌സിംഗ് സമൂഹത്തിന്

Web Desk
3 Min Read

മനാമ: മനുഷ്യസ്‌നേഹത്തിന്റെയും നിസ്വാര്‍ഥ സേവനത്തിന്റെയും മഹത്തായ മാതൃകകളെ ആദരിക്കുന്നതിനായി ബഹ്‌റൈന്‍ സീറോ മലബാര്‍ സൊസൈറ്റി (സിംസ്) ഏര്‍പ്പെടുത്തിയ സിംസ് വര്‍ക്ക് ഓഫ് മേഴ്‌സി അവാര്‍ഡ് 2026 ബഹ്‌റൈനിലെ നഴ്‌സിംഗ് സമൂഹത്തിന് സമര്‍പ്പിക്കും. ബഹ്‌റൈന്‍ കാത്തലിക് നഴ്‌സസ് മിനിസ്ട്രിക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരം നല്‍കുന്നത്. കൂടാതെ, ബഹ്‌റൈനിലെ വിവിധ ആശുപത്രികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 100 നഴ്‌സുമാരെയും അവരുടെ നിസ്വാര്‍ഥ സേവനങ്ങളെ മാനിച്ച് പ്രത്യേകം ആദരിക്കുമെന്ന് സിംസ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

രോഗികള്‍ക്ക് ചികിത്സയ്‌ക്കൊപ്പം ആശ്വാസവും കരുതലും ആത്മവിശ്വാസവും പ്രതീക്ഷയും പകര്‍ന്നുനല്‍കുന്ന നഴ്‌സുമാരുടെ സേവനം മനുഷ്യസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉജ്ജ്വല മാതൃകയാണ്. രോഗത്തിന്റെയും വേദനയുടെയും ഭയത്തിന്റെയും നിര്‍ണായക നിമിഷങ്ങളില്‍ രോഗികള്‍ക്ക് താങ്ങും തണലുമായി മാറുന്ന നഴ്‌സുമാരുടെ സമര്‍പ്പണത്തെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷത്തെ പുരസ്‌കാരം ബഹ്‌റൈനിലെ നഴ്‌സിംഗ് സമൂഹത്തിന് സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2026 ഒക്ടോബര്‍ 17 ശനിയാഴ്ച വൈകുന്നേരം 7.30ന് ബഹ്‌റൈനിലെ അദാരി പാര്‍ക്കിലുള്ള ന്യൂ സീസണ്‍ ഹാളിലാണ് പുരസ്‌കാരദാന ചടങ്ങ് നടക്കുന്നത്. നോര്‍ത്തേണ്‍ അറേബ്യയുടെ അപ്പോസ്‌തോലിക് വികാര്‍ ബിഷപ്പ് ആല്‍ദോ ബറാര്‍ഡിയും ഡോ. ഹസ്സന്‍ ഈദ് ബുഖമ്മസ് എം പിയും മുഖ്യാതിഥികളായിരിക്കും. ബി കെ ജി ഹോള്‍ഡിങ് ചെയര്‍മാനും പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവുമായ കെ ജി ബാബുരാജന്‍ വിശിഷ്ടാതിഥിയായിരിക്കും.

സിംസ് പ്രസിഡന്റ് പി ടി ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി നെല്‍സണ്‍ വര്‍ഗീസ് സ്വാഗതം പറയും. സിംസ് വര്‍ക്ക് ഓഫ് മേഴ്‌സി അവാര്‍ഡ് ജനറല്‍ കണ്‍വീനര്‍ ബെന്നി വര്‍ഗീസ്, ലേഡീസ് വിങ് പ്രസിഡന്റ് സ്റ്റെഫി മരിയ അരുണ്‍ എന്നിവരും ബഹ്‌റൈനിലെ സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരും ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ബഹ്‌റൈന്‍ കാത്തലിക് നഴ്‌സസ് മിനിസ്ട്രിയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍മാരായ വിനി ജിമ്മിയും ജിംഷി ജോസും ചേര്‍ന്ന് മുഖ്യാതിഥികളില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങും.

- Advertisement -
Ad image

2012ല്‍ ആരംഭിച്ച സിംസ് വര്‍ക്ക് ഓഫ് മേഴ്‌സി അവാര്‍ഡ്, മനുഷ്യസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും മികച്ച മാതൃകകളെ സമൂഹത്തിന് പരിചയപ്പെടുത്തുകയും അവരുടെ നിസ്വാര്‍ഥ സേവനങ്ങളെ ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നല്‍കിവരുന്നത്.

2012ലെ പ്രഥമ പുരസ്‌കാരം കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാനും അവയവദാന ബോധവല്‍ക്കരണ രംഗത്തെ പ്രമുഖനുമായ റവ. ഫാ. ഡേവിസ് ചിറമേല്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് 2015ല്‍ ബഹ്‌റൈന്‍ ഡിസേബിള്‍ഡ് സൊസൈറ്റി ചെയര്‍മാന്‍ ഷെയ്ഖ് ദുഐജ് അല്‍ ഖലീഫ ബിന്‍ അല്‍ ഖലീഫ, 2016ല്‍ നവജീവന്‍ ട്രസ്റ്റ് സാരഥി പി യു തോമസ്, 2017ല്‍ ഭവന രഹിതര്‍ക്കായി ബൈത്തുറഹ്മ പദ്ധതി നടപ്പാക്കിയ കെ എം സി സി ബഹ്‌റൈന്‍, 2018ല്‍ ഡോ. എം എസ് സുനില്‍, 2019ല്‍ സാമൂഹിക പ്രവര്‍ത്തക ദയാബായി, 2024ല്‍ മഹര്‍ ഫൗണ്ടേഷന്‍ സ്ഥാപക സിസ്റ്റര്‍ ലൂസി കുര്യന്‍ എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.

സിംസ് ഭരണസമിതി അംഗങ്ങളായ ജേക്കബ് വാഴപ്പിള്ളി, ജിമ്മി ജോസഫ്, ജോബി ജോസഫ്, ഷാജി സെബാസ്റ്റ്യന്‍, ജെയ്‌സണ്‍ മഞ്ഞളി, സിബു ജോര്‍ജ്, സോബിന്‍ ജോസ്, ലേഡീസ് വിങ് വൈസ് പ്രസിഡന്റ് ജിന്‍സി ലിയോണ്‍സ്, സെക്രട്ടറി മേരി രഞ്ജിത്ത്, മറ്റ് കമ്മിറ്റി അംഗങ്ങള്‍, സിംസിന്റെ മുന്‍ പ്രസിഡന്റുമാര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കും.

വാര്‍ത്താസമ്മേളനത്തില്‍ സിംസ് പ്രസിഡന്റ് പി ടി ജോസഫ്, ജനറല്‍ സെക്രട്ടറി നെല്‍സണ്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ്, അവാര്‍ഡ് ജനറല്‍ കണ്‍വീനര്‍ ബെന്നി വര്‍ഗീസ്, ഭരണസമിതി അംഗങ്ങളായ ജേക്കബ് വാഴപ്പിള്ളി, ജോബി ജോസഫ്, ഷാജി സെബാസ്റ്റ്യന്‍, ജെയ്‌സണ്‍ മഞ്ഞളി, സിബു ജോര്‍ജ്, സോബിന്‍ ജോസ്, മുന്‍ പ്രസിഡന്റുമാരായ ഫ്രാന്‍സിസ് കൈതാരത്ത്, പോള്‍ ഉറുവത്ത് എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!