
ദോഹ: ഖത്തറിലെ അല്‍ ഉത്രുജ എന്‍ഡോവ്മെന്റിന്റെ (വഖഫ്) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ പഠനകേന്ദ്രങ്ങളിലും സ്‌കൂളുകളിലുമായി 34,000ത്തിലധികം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നതായി മതകാര്യ മന്ത്രാലയമായ എന്‍ഡോവ്മെന്റ്സ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളമുള്ള 176 കേന്ദ്രങ്ങളിലായി 1,500ലധികം അധ്യാപകരാണ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്.

എന്‍ഡോവ്മെന്റിന്റെ ജനറല്‍ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. ഖുര്‍ആന്‍ പഠനത്തിനായി സ്ഥിരമായ സാമ്പത്തിക സ്രോതസ്സ് ഉറപ്പാക്കുകയും വഖഫ് സ്വത്തുക്കളില്‍നിന്നുള്ള വരുമാനം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്ന മാതൃകാപരമായ പദ്ധതിയാണ് അല്‍ ഉത്രുജയെന്ന് മന്ത്രാലയത്തിലെ പ്രഭാഷകന്‍ ഡോ. മസ്ഊദ് ജറല്ല അബൂ ഷുറൈദ പറഞ്ഞു.

2022ല്‍ ഉദ്ഘാടനം ചെയ്ത എന്‍ഡോവ്മെന്റിന്റെ റിയല്‍ എസ്റ്റേറ്റ് പദ്ധതിയില്‍ 112 അപ്പാര്‍ട്ട്‌മെന്റുകളുണ്ട്. ഇവയില്‍നിന്നുള്ള പ്രതിമാസ വരുമാനം ഖുര്‍ആന്‍ പഠനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി മുന്നോട്ടുകൊണ്ടുപോകുന്നതിനും പഠനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഡിജിറ്റല്‍- സാങ്കേതിക മേഖലകളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് പഠനാന്തരീക്ഷം നവീകരിക്കാനും ഇതിലൂടെ സാധിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
ഖുര്‍ആന്‍ പഠനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തവും വര്‍ധിച്ചുവരികയാണ്. നിലവില്‍ 9,131 വനിതകളാണ് വിവിധ കേന്ദ്രങ്ങളില്‍ പഠനം നടത്തുന്നത്. സ്ത്രീകളുടെ ഖുര്‍ആനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും മൂല്യങ്ങളും സ്വത്വബോധവും സംരക്ഷിക്കുന്നതിനും പദ്ധതി സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക ശരീഅത്ത് വ്യവസ്ഥകള്‍ക്കും വഖഫ് സ്ഥാപകരുടെ നിബന്ധനകള്‍ക്കും അനുസൃതമായാണ് ജനറല്‍ ഡയറക്ടറേറ്റ് വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുകയും നിക്ഷേപിക്കുകയും ചെയ്യുന്നത്. സ്വത്തുക്കളുടെ പരിപാലനം, വരവ്- ചെലവ് നിരീക്ഷണം, സാമ്പത്തിക അപകടസാധ്യതകള്‍ വിലയിരുത്തല്‍ എന്നിവയും ഡയറക്ടറേറ്റിന്റെ ചുമതലയാണ്. സാമൂഹിക സേവനവും സാമ്പത്തിക നിക്ഷേപവും ഒരുപോലെ ലക്ഷ്യമിടുന്നതാണ് ഇത്തരം റിയല്‍ എസ്റ്റേറ്റ് പദ്ധതികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വഖഫ് പദ്ധതികളിലേക്ക് പൊതുജനങ്ങള്‍ക്കും സംഭാവന നല്‍കാം. 1,000 ഖത്തര്‍ റിയാല്‍ മുതല്‍ തങ്ങളുടെ സാമ്പത്തികശേഷിക്കനുസരിച്ചുള്ള ഏത് തുകയും സംഭാവനയായി നല്‍കാനുള്ള സൗകര്യമുണ്ട്. വഖഫ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതും ഈ പദ്ധതിയുടെ ഭാഗമാകാമെന്ന് അദ്ദേഹം പറഞ്ഞു.
വഖഫ് ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിലൂടെയും ഔഖാഫ് മൊബൈല്‍ ആപ്പിലൂടെയും ഒഴിഞ്ഞുകിടക്കുന്ന വഖഫ് കെട്ടിടങ്ങളും വാടകയ്ക്ക് ലഭ്യമായ യൂണിറ്റുകളും കണ്ടെത്താനും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനും പുതിയ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഖുര്‍ആന്‍ പഠനത്തിന് തലമുറകളോളം പിന്തുണ നല്‍കുന്ന പദ്ധതിക്ക് സംഭാവന ചെയ്യുന്ന വഖഫ് സ്ഥാപകരോടും അഭ്യുദയകാംക്ഷികളോടും അബൂ ഷുറൈദ നന്ദി അറിയിച്ചു.

