ദോഹ ഡിസൈന്‍ ബിനാലെ 2026ന് തുടക്കമായി; മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യന്‍ മേഖലകളിലെ കലാ- കരകൗശല വൈവിധ്യം അവതരിപ്പിച്ച് 20 പ്രദര്‍ശനങ്ങള്‍

Web Desk
6 Min Read

ദോഹ: മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യ (മെനാസ) മേഖലകളില്‍ നിന്നുള്ള ഡിസൈനര്‍മാര്‍, കരകൗശല വിദഗ്ധര്‍, സര്‍ഗാത്മക മേഖലയിലെ പ്രവര്‍ത്തകര്‍ എന്നിവരെ ഒരുമിപ്പിച്ച് ദോഹ ഡിസൈന്‍ ബിനാലെ 2026ന് ഖത്തര്‍ മ്യൂസിയംസ് തുടക്കമിട്ടു. പാരമ്പര്യ വിജ്ഞാനം, പരമ്പരാഗത കൈത്തൊഴില്‍ വൈദഗ്ധ്യം, ആധുനിക സാങ്കേതികവിദ്യ, നൂതന ആശയങ്ങള്‍ എന്നിവ എങ്ങനെ ഭാവിയിലെ ഡിസൈന്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു എന്നതാണ് ബിനാലെയുടെ പ്രധാന പ്രമേയം.

city exchange

2027 ജനുവരി 31 വരെ നീളുന്ന രണ്ടാമത് ബിനാലെയില്‍ 20 പ്രദര്‍ശനങ്ങള്‍, പുതിയ കലാസൃഷ്ടികള്‍, പൊതുജനങ്ങള്‍ക്കായുള്ള ഇന്‍സ്റ്റലേഷനുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മേഖലയിലെ പരമ്പരാഗത ഡിസൈന്‍ പൈതൃകത്തോടൊപ്പം സാമഗ്രികളുടെ ഉപയോഗം, നിര്‍മാണരീതികള്‍, ഉത്പാദന സാങ്കേതികവിദ്യകള്‍ എന്നിവയിലെ നൂതന പരീക്ഷണങ്ങളും പ്രദര്‍ശനത്തില്‍ ഇടംപിടിക്കുന്നു.

‘അറിവിന്റെ പുനരാവിഷ്‌കാരം: പൂര്‍വികരുടെ പാരമ്പര്യത്തില്‍നിന്ന് സാമ്പത്തിക ഭാവിയിലേക്ക്’ എന്ന ക്യൂറേറ്റോറിയല്‍ ആശയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ബിനാലെ ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത അറിവുകളും കൈത്തൊഴില്‍ രീതികളും ആധുനിക ഡിസൈന്‍ മേഖലയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ദോഹയിലുടനീളം വിവിധ വേദികളിലായി പരിപാടികള്‍ നടക്കും. ചരിത്രപ്രാധാന്യമുള്ള ഫരീജ് അല്‍ അസ്മഖ് പ്രദേശമാണ് പ്രധാന കേന്ദ്രം. ബിനാലെയിലെ മുഖ്യപ്രദര്‍ശനമായ ‘അറബ് ഡിസൈന്‍ നൗ 2026’ മഷൈരിബ് ഡൗണ്‍ടൗണ്‍ ദോഹയിലാണ് ഒരുക്കിയിരിക്കുന്നത്.

- Advertisement -
Ad image

ഫരീജ് അല്‍ അസ്മഖിലെ ചരിത്രഭവനങ്ങള്‍ മുതല്‍ നഗരത്തിലെ പുതിയ ഇന്‍സ്റ്റലേഷനുകള്‍ വരെ ഡിസൈനര്‍മാര്‍ക്കും കരകൗശല വിദഗ്ധര്‍ക്കും സമൂഹങ്ങള്‍ക്കും ആശയങ്ങള്‍ പങ്കുവെക്കാനും പുതിയ സൃഷ്ടികള്‍ രൂപപ്പെടുത്താനും പ്രേക്ഷകരുമായി ബന്ധപ്പെടാനും അവസരമൊരുക്കുന്നതായും ഡിസൈനിന് പിന്നിലുള്ള മനുഷ്യരെയും തലമുറകളിലൂടെ കൈമാറിവരുന്ന അറിവുകളെയും ഭാവിയിലെ സാധ്യതകളെയുമാണ് തങ്ങള്‍ ആഘോഷിക്കുന്നതെന്നും ദോഹ ഡിസൈന്‍ ഡയറക്ടര്‍ ഫഹദ് അല്‍ ഒബൈദ്ലി പറഞ്ഞു.

തലമുറകളിലൂടെയും സംസ്‌കാരങ്ങളിലൂടെയും സമൂഹങ്ങളിലൂടെയും വികസിച്ചുകൊണ്ടിരിക്കുന്ന അറിവിന്റെ രൂപമായാണ് ഡിസൈനിനെ ഈ പതിപ്പ് സമീപിക്കുന്നതെന്നും മെനാസ മേഖലയില്‍ നിലനില്‍ക്കുന്ന പരമ്പരാഗത നിര്‍മാണ വൈദഗ്ധ്യങ്ങള്‍ ആധുനിക ഡിസൈനിന് പുതിയ ആശയങ്ങളും രീതികളും നല്‍കുന്നതായും ബിനാലെയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ഗ്ലെന്‍ ആഡംസണ്‍ പറഞ്ഞു.

ബിനാലെയിലെ പ്രധാന ആകര്‍ഷണമായ ‘അറബ് ഡിസൈന്‍ നൗ 2026’ നൗറ അല്‍ സായേഹാണ് ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. 81 ഡിസൈനര്‍മാര്‍, കരകൗശല വിദഗ്ധര്‍, നിര്‍മാതാക്കള്‍ എന്നിവരുടെ സൃഷ്ടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 78 പുതിയ കലാസൃഷ്ടികളും പ്രത്യേകമായി നിര്‍മിച്ച 17 സിനിമകളും പ്രദര്‍ശനത്തിന്റെ ഭാഗമാണ്.

പരമ്പരാഗത കരകൗശല വൈദഗ്ധ്യവും സമകാലിക ഡിസൈനും തമ്മിലുള്ള ബന്ധമാണ് പ്രദര്‍ശനം പ്രധാനമായും അവതരിപ്പിക്കുന്നത്. അഞ്ച് പ്രമേയങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന പ്രദര്‍ശനം സൃഷ്ടികളുടെ നിര്‍മാണപ്രക്രിയകള്‍, ഉപയോഗിക്കുന്ന സാമഗ്രികള്‍, അതിന് പിന്നിലുള്ള സമൂഹങ്ങള്‍, ഡിസൈനര്‍മാരും കരകൗശല വിദഗ്ധരും തമ്മിലുള്ള സഹകരണം എന്നിവയും പരിചയപ്പെടുത്തുന്നു.

ഇതിനോടനുബന്ധിച്ചുള്ള ‘അറബ് ഡിസൈന്‍ നൗ വാള്യം 2’ എന്ന പുസ്തകവും പുറത്തിറക്കി.

ഫരീജ് അല്‍ അസ്മഖ് ഉള്‍പ്പെടെ ദോഹയിലെ വിവിധ കേന്ദ്രങ്ങളിലായി 19 പ്രദര്‍ശനങ്ങള്‍ കൂടി സംഘടിപ്പിക്കുന്നുണ്ട്. പ്രാദേശികവും അന്തര്‍ദേശീയവുമായ സ്ഥാപനങ്ങളുടെയും സര്‍ഗാത്മക പങ്കാളികളുടെയും സഹകരണത്തോടെയാണ് ഇവ ഒരുക്കിയിരിക്കുന്നത്. ഡിസൈന്‍, വാസ്തുവിദ്യ, കരകൗശലം, സാമഗ്രികളിലെ നൂതന പരീക്ഷണങ്ങള്‍, സാംസ്‌കാരിക പൈതൃകം തുടങ്ങിയ വിഷയങ്ങളാണ് പ്രദര്‍ശനങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

മെക്‌സിക്കന്‍ ഡിസൈനര്‍ ഫെര്‍ണാണ്ടോ ലപ്പോസ്സെയുടെ ‘ദി സോവര്‍’ ശ്രദ്ധേയമായ പ്രദര്‍ശനങ്ങളിലൊന്നാണ്. ഖത്തര്‍- കാനഡ- മെക്‌സിക്കോ 2026 സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി ഒരുക്കിയ ഈ സൃഷ്ടി മെക്‌സിക്കോയിലെയും ഖത്തറിലെയും മരുഭൂമി പരിസ്ഥിതികള്‍ തമ്മിലുള്ള ബന്ധം അവതരിപ്പിക്കുന്നു.

ഫലസ്തീന്‍ കരകൗശല പാരമ്പര്യത്തെ ആഘോഷിക്കുന്ന ‘അസ്ലാന്റെ ലവ്’ ടര്‍ക്കോയിസ് മൗണ്ടന്‍ അവതരിപ്പിക്കുന്നു. ഗള്‍ഫ് മേഖലയിലെ നിര്‍മാണ- വാസ്തുവിദ്യാ പരിസരത്തെ മാറ്റിമറിച്ച സാമഗ്രികളെക്കുറിച്ച് പഠിക്കുന്ന സൗദി ആധുനികതാ സംരംഭമായ ‘പോസ്റ്റ് ഓയില്‍ 2026’ ബ്രിക്ലാബാണ് ഒരുക്കിയിരിക്കുന്നത്.

അല്‍ ഖോറിന്റെ ചരിത്രപ്രാധാന്യമുള്ള നഗരകേന്ദ്രത്തിന്റെ പുനരുജ്ജീവനത്തിനുള്ള ആദ്യകാല രൂപരേഖ അവതരിപ്പിക്കുന്നതാണ് ‘അല്‍ ഖോര്‍ അര്‍ബന്‍ ഫ്യൂച്ചേഴ്‌സ്’.

പ്രദേശവാസികളുമായി രണ്ടുവര്‍ഷം നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി വികസിപ്പിച്ചത്. ഫരീജ് അല്‍ അസ്മഖിലെ മൂന്ന് പരമ്പരാഗത വീടുകളിലായി ഒരുക്കിയിരിക്കുന്ന പ്രദര്‍ശനത്തില്‍ കെറെ ആര്‍ക്കിടെക്ചര്‍ രൂപകല്‍പ്പന ചെയ്ത പൂര്‍ണവലുപ്പത്തിലുള്ള മേല്‍ക്കൂരാ ഇന്‍സ്റ്റലേഷനും ഉള്‍പ്പെടുന്നു. അല്‍ ഖോര്‍ ഹെറിറ്റേജ് ട്രെയില്‍ പദ്ധതിയുടെ തുടര്‍ഘട്ടത്തിന് സഹായകമാകുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സന്ദര്‍ശകര്‍ക്കും അവസരമുണ്ട്.

പരമ്പരാഗത നെയ്ത്തുരീതിയെ വലിയ വാസ്തുവിദ്യാ ഇന്‍സ്റ്റലേഷനായി പുനരാവിഷ്‌കരിക്കുന്ന ‘ദി മുകര്‍ണാസ് ഓഫ് സാദു’, സന്ദര്‍ശകരെ കൂട്ടായ നെയ്ത്ത് പദ്ധതിയില്‍ പങ്കാളികളാക്കുന്ന ‘ദി ത്രെഡ് ദാറ്റ് ബൈന്‍ഡ്‌സ്’, അറബ് ലോകത്തിന്റെ ദൈനംദിന ജീവിതത്തില്‍ സാധാരണയായി കാണുന്ന പ്ലാസ്റ്റിക് കസേരയെ ശില്‍പസൃഷ്ടിയായി അവതരിപ്പിക്കുന്ന ‘മോണുമെന്റല്‍: എ മോണോബ്ലോക്ക്‌സ് മെമോയര്‍’ എന്നിവയും ശ്രദ്ധേയമാണ്.

ഫരീജ് അല്‍ അസ്മഖിലെ പൊതുഇടങ്ങളില്‍ അഞ്ച് പുതിയ ഡിസൈന്‍ ഇന്‍സ്റ്റലേഷനുകള്‍ കൂടി ഒരുക്കിയിട്ടുണ്ട്. ജനങ്ങള്‍ ഒത്തുചേരുന്നതിനും ആശയവിനിമയം നടത്തുന്നതിനും പൊതുവായി ഉപയോഗിക്കുന്നതിനുമുള്ള ഇടങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

കോണ്‍സെന്‍ട്രിക്കോ ഡയറക്ടര്‍ ഹാവിയര്‍ പെന ഇബാനെസ് ക്യൂറേറ്റ് ചെയ്ത പദ്ധതികള്‍ക്ക് ഖത്തര്‍ പബ്ലിക് വര്‍ക്‌സ് അതോറിറ്റിയായ അഷ്ഗല്‍ വിഷനറി പാര്‍ട്ണറായി പിന്തുണ നല്‍കുന്നു. മേഖലയിലെ വാസ്തുവിദ്യാ പാരമ്പര്യം, കാലാവസ്ഥ, നിര്‍മാണ സാമഗ്രികള്‍ എന്നിവയില്‍നിന്നാണ് ഇന്‍സ്റ്റലേഷനുകള്‍ക്ക് പ്രചോദനം ലഭിച്ചിരിക്കുന്നത്.

സ്റ്റുഡിയോ ബൈ ത്രീയുടെ ‘ഫലജ്സ്‌കേപ്പ്’, പ്ലാറ്റോയുടെ ‘ഷോര്‍ലൈന്‍’, മെറിയം ചബാനി (ന്യൂ സൗത്ത്)യുടെ ‘സല്‍സബീല്‍’, ഹൈതം ദൗദിയും ഓസ്‌കാര്‍ ക്രൂസ് ഗാര്‍സിയയും ചേര്‍ന്നൊരുക്കിയ ‘കൂളിങ് പോട്ട്‌സ്’, അബ്ദുള്ള അല്‍ മുല്ലയുടെ ‘പാം കണ്‍സ്ട്രക്റ്റ്’ എന്നിവയാണ് തെരഞ്ഞെടുത്ത അഞ്ച് പദ്ധതികള്‍.

തണല്‍, തണുപ്പിക്കല്‍ സംവിധാനങ്ങള്‍, ജലത്തിന്റെ ഉപയോഗം, പൊതുജനങ്ങള്‍ക്കായുള്ള കൂട്ടായ ഇടങ്ങള്‍ എന്നിവയില്‍ സമകാലിക ഡിസൈന്‍ സാധ്യതകളാണ് ഇവ അവതരിപ്പിക്കുന്നത്.

നാല് വിഭാഗങ്ങളിലായി 20 പേരെ ഉള്‍പ്പെടുത്തി ദോഹ ഡിസൈന്‍ പ്രൈസ് 2026നും തുടക്കമായി. കരകൗശലം, ഉത്പന്ന രൂപകല്‍പ്പന, ഫര്‍ണിച്ചര്‍ ഡിസൈന്‍, വളര്‍ന്നുവരുന്ന പ്രതിഭകള്‍ എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം.

ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്‌സണ്‍ ശൈഖ അല്‍ മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയാണ് പുരസ്‌കാരത്തിന്റെ അധ്യക്ഷ. പ്രശസ്ത ഡിസൈനര്‍ ഇന്ത്യ മഹ്ദവിയുടെ നേതൃത്വത്തിലുള്ള 24 അംഗ അന്താരാഷ്ട്ര ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.

നാല് വിഭാഗങ്ങളിലെയും വിജയികളെ നവംബര്‍ ഏഴിന് ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയത്തില്‍ പ്രഖ്യാപിക്കും. വിജയികള്‍ക്ക് ആകെ എട്ട് ലക്ഷം ഖത്തര്‍ റിയാലിന്റെ സാമ്പത്തിക പിന്തുണയ്‌ക്കൊപ്പം മെന്റര്‍ഷിപ്പ്, റെസിഡന്‍സി, ഉത്പാദന- വാണിജ്യ അവസരങ്ങളും ലഭിക്കും.

നവംബര്‍ അഞ്ച് മുതല്‍ ഏഴ് വരെ നീളുന്ന ഉദ്ഘാടന പരിപാടികളില്‍ പ്രത്യേക പ്രദര്‍ശന സന്ദര്‍ശനങ്ങള്‍, സംവാദങ്ങള്‍, ശില്‍പശാലകള്‍, കലാപരിപാടികള്‍, നെറ്റ്വര്‍ക്കിങ് സംഗമങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡിസൈന്‍ ദോഹ ഹബ്ബില്‍ ‘ആര്‍ട്ട് ഫോര്‍ ടുമാറോ’യുടെ നേതൃത്വത്തില്‍ കല- ഡിസൈന്‍ മേഖലയുടെ ഭാവിയെക്കുറിച്ചുള്ള അന്താരാഷ്ട്ര സംവാദങ്ങള്‍ നടക്കും. ഹൗസ് ഓഫ് മേക്കിനില്‍ സന്ദര്‍ശകര്‍ക്ക് നേരിട്ട് പങ്കെടുക്കാവുന്ന ശില്‍പശാലകളും ഡിസൈനര്‍മാരുമായും ക്യൂറേറ്റര്‍മാരുമായും അനൗപചാരിക ആശയവിനിമയത്തിനുള്ള അവസരങ്ങളും ഒരുക്കിയിട്ടുണ്ട്.

ഡിസൈനര്‍മാര്‍, കലാസൃഷ്ടികളുടെ ശേഖരകര്‍, വാങ്ങുന്നവര്‍, വ്യവസായ പ്രതിനിധികള്‍ എന്നിവര്‍ക്കായി പ്രൊഫഷണല്‍ ബന്ധങ്ങള്‍ വികസിപ്പിക്കാനുള്ള വേദിയാണ് ‘ഡിസൈന്‍ ദോഹ കണക്ട്’. ഫരീജ് അല്‍ അസ്മഖിലെ വിവിധ കേന്ദ്രങ്ങളില്‍ തത്സമയ കലാപരിപാടികള്‍, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, മാര്‍ഗനിര്‍ദേശത്തോടെയുള്ള സന്ദര്‍ശനങ്ങള്‍ എന്നിവയും നടക്കും.

ഖത്തറിന്റെ കഴിഞ്ഞ 50 വര്‍ഷത്തെ സാംസ്‌കാരിക യാത്രയെ ആദരിക്കുന്ന ‘എവല്യൂഷന്‍ നേഷന്‍’ പ്രചാരണപരിപാടിയുടെ ഭാഗമായാണ് ദോഹ ഡിസൈന്‍ ബിനാലെ 2026 സംഘടിപ്പിക്കുന്നത്. ഖത്തര്‍ നാഷണല്‍ മ്യൂസിയം സ്ഥാപിതമായതുമുതലുള്ള സാംസ്‌കാരിക വളര്‍ച്ചയാണ് ഈ സംരംഭം അടയാളപ്പെടുത്തുന്നത്. ഖത്തര്‍ ക്രിയേറ്റ്‌സ് ക്യൂറേറ്റ് ചെയ്യുന്ന ദേശീയ പദ്ധതിയിലൂടെ കല, സംസ്‌കാരം, സര്‍ഗാത്മകത എന്നിവയുടെ ആഗോള കേന്ദ്രമായി ഖത്തറിനെ ഉയര്‍ത്തിക്കാട്ടുകയാണ് ലക്ഷ്യം.

ഖത്തര്‍ റെയില്‍, ഖത്തര്‍ ടൂറിസം, ഖത്തര്‍ കലണ്ടര്‍, പബ്ലിക് വര്‍ക്‌സ് അതോറിറ്റി (അഷ്ഗല്‍), പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ്, ദോഹ ഡിസൈന്‍ ഡിസ്ട്രിക്ട്, ജോതുന്‍, ബ്രിട്ടീഷ് കൗണ്‍സില്‍, ദാന അല്‍ ഫര്‍ദാന്‍ മ്യൂസിക് തുടങ്ങിയ സ്ഥാപനങ്ങളും സംഘടനകളും ബിനാലെയുടെ പങ്കാളികളും സ്‌പോണ്‍സര്‍മാരുമാണ്. ദോഹയിലുടനീളമുള്ള പ്രദര്‍ശനങ്ങളും പൊതുഇടങ്ങളിലെ ഇന്‍സ്റ്റലേഷനുകളും സാംസ്‌കാരിക പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഇവരുടെ പിന്തുണ നിര്‍ണായകമായി.

Share This Article
Leave a Comment
error: Content is protected !!