നബിയെ ആദ്യം പഠിക്കേണ്ടത് നബിയുടെ അനുയായികളെന്ന് കരുതുന്നവര്‍

Web Desk
2 Min Read

ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള മനുഷ്യന്റെ പ്രയാണമാണ് സ്‌നേഹ നബിയുടെ സന്ദേശം. അപരനോടുള്ള സ്‌നേഹമാണ് നബി വഴിയുടെ പ്രധാനപ്പെട്ട കാല്‍വിളക്ക്. തെറ്റുചെയ്യുന്ന ഒരാളെ കണ്ടാല്‍ പോലും തെറ്റിനെ വെറുക്കുക, അത് ചെയ്യുന്ന ആള്‍ക്ക് മാനസാന്തരമുണ്ടാകാന്‍ പ്രവര്‍ത്തിക്കുക എന്നാണ് നബി കാണിച്ച വഴി. മതവും ജാതിയും ഭാഷയും നിറവും നോക്കിയല്ല, ഉള്ളിലെ നന്മ നോക്കിയാണ് മനുഷ്യരില്‍ ശ്രേഷ്ഠരുണ്ടാകുന്നതെന്ന് നബി പറഞ്ഞു. മനസ്സിലെ നന്മയാകട്ടെ നമുക്ക് നിശ്ചയിക്കാവുന്നതല്ലല്ലോ. അതിനാല്‍ ആരും ആരെയും വിലയിരുത്താന്‍ മെനക്കെടരുതെന്ന് സാരം.

city exchange

ഓരോരുത്തരും അവന്റെ വഴികള്‍ പ്രകാശിപ്പിക്കാന്‍ മുതിരുക. സഹജീവി സ്‌നേഹത്താല്‍ അവരവരുടെ ജീവിതങ്ങള്‍ സുഗന്ധം നിറഞ്ഞതാക്കുക. നബിയുടെ ജീവിത വഴികള്‍ അതുപോലെ പകര്‍ത്തുക സാധ്യമല്ല. പക്ഷെ, സാധാരണ മനുഷ്യര്‍ക്ക് സാധിക്കുന്ന അനവധി കാര്യങ്ങളുണ്ട് താനും. നബി ചര്യയുടെ സാധ്യമായ പിന്തുടരലാണ് നല്ല വിശ്വാസിയുടെ പ്രകാശനം. നല്ല വിശ്വാസിയെന്നാല്‍ നല്ല മനുഷ്യനാവുക എന്നാണ്.

നബിയുടെ ജീവിതമെങ്ങനെയായിരുന്നു എന്നതിനെ സംബന്ധിച്ച് വളരെ കൃത്യതയോടെ എന്നാല്‍ സരളമായി എഴുതപ്പെട്ട ഒരു മനോഹരമായ പുസ്തകമാണ് എന്റെ സുഹൃത്ത് ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ഉസ്താദ് രചിച്ച ‘അനുധാവനത്തിന്റെ ആനന്ദം.’ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാന്‍ കഴിയുന്ന വലിപ്പവും ഭാഷയും അവതരണവുമാണ്. പുറത്തിറങ്ങിയ സന്ദര്‍ഭത്തില്‍ തന്നെ, ഔദ്യോഗിക പ്രകാശനത്തിനും മുന്നേ, ഗ്രന്ഥകാരന്റെ കൈയ്യില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ കഴിഞ്ഞെങ്കിലും വായിക്കുന്നത് ഇക്കഴിഞ്ഞ ദിവസമാണ്.

- Advertisement -
Ad image

നബിയുടെ രൂപവും ഭാവവും മുതല്‍ സംസാരവും സാമൂഹിക ഇടപെടലും വ്യക്തി ജീവിതത്തിലെ ശ്രദ്ധേയ സവിശേഷതകള്‍ വരെയും ലളിതമായി ഈ പുസ്തകം പറയുന്നുണ്ട്. നബിയുടെ പുഞ്ചിരിയെ കുറിച്ചും സംസാരത്തെ പറ്റിയും ഇനിയും ഹകീം അസ്ഹരിക്ക് എഴുതിക്കൂടായിരുന്നോ എന്ന് തോന്നി. അതുപോലെ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഒരു ഭാഗം നബിയുടെ സ്വഭാവത്തെ പറ്റിയുള്ളതാണ്. അതിവിടെ ചേര്‍ക്കാം:

‘തന്റെ പിന്നിലുള്ളവര്‍ പ്രയാസപ്പെടും എന്ന് കരുതി അവിടുന്ന് നിസ്‌കാരം ദീര്‍ഘിപ്പിക്കില്ല. നിസ്‌കാരത്തിനിടെ ഏതോ കുട്ടി കരയുന്നത് നബി കേട്ടു. നിസ്‌കാരം ദീര്‍ഘിപ്പിക്കാന്‍ ഉദ്ദേശിച്ച നബി അത് ചുരുക്കി.’

ഈ നബിദിന സന്തോഷത്തില്‍ വായിക്കേണ്ട ഒരു പുസ്തകമായി ഞാനിത് പരിചയപ്പെടുത്തുന്നു. വിശദമായ ഒരു വായനാകുറിപ്പ് പിന്നീടാവാം. ഇതര വിശ്വാസങ്ങളെയും, ആചാരങ്ങളെയും, മഹദ് വ്യക്തികളെയും അടുത്തറിയാനുള്ള ശ്രമങ്ങള്‍ എപ്പോഴുമുണ്ടാകണം. അങ്ങനെ വരുമ്പോഴാണ് വ്യാജ വ്യവഹാരങ്ങള്‍ നമുക്ക് മനസ്സിലാവുക. അങ്ങനെ ശീലിക്കുമ്പോഴാണ് വെറുപ്പിന് പകരം സ്‌നേഹം നമ്മുടെ മുഖമുദ്രയാവുക.

അതേസമയം, ദുര്‍ഗ്ഗാ പൂജയുടെ ആഘോഷങ്ങള്‍ക്കിടയില്‍ ബംഗ്ലാദേശില്‍ നടക്കുന്ന ഹിന്ദു വിരുദ്ധ കലാപങ്ങള്‍ എത്ര വേദനാജനകമാണ്. നബി ജനിച്ച ഒരു മാസത്തില്‍ തന്നെ നബി പ്രതിനിധാനം ചെയ്ത വിശ്വാസത്തെ എത്ര മോശമായാണ് ചിലര്‍ അവതരിപ്പിക്കുന്നത്. ഒരുപക്ഷെ, നബിയെ ആദ്യം പഠിക്കേണ്ടത് നബിയുടെ അനുയായികള്‍ എന്ന് കരുതുന്നവര്‍ തന്നെയായിരിക്കും.

ഏവര്‍ക്കും നന്മ നിറഞ്ഞ നബിദിന സന്തോഷങ്ങള്‍.

Share This Article
Leave a Comment
error: Content is protected !!