
മനാമ: ബഹ്റൈന്‍ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിലെ 50-ലധികം ബഹ്റൈന്‍ സ്വദേശികളായ ഡോക്ടര്‍മാരെ ആദരിച്ചു. മുഹറഖ് ശാഖയിലെ സെലിബ്രേഷന് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രൂപ്പിന്റെ 11 ശാഖകളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പങ്കെടുത്തു.

ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ശരത് ചന്ദ്രന്, വൈസ് പ്രസിഡന്റ് (ബിസിനസ് ആന്‍ഡ് സ്ട്രാറ്റജി) ആസിഫ് മുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കണ്‍സള്‍ട്ടന്റ് ജനറല്‍ സര്‍ജനും ഗ്രൂപ്പ് ഹെഡ് ഓഫ് മെഡിക്കല്‍ സര്‍വീസസുമായ ഡോ. ആമിര്‍ അല്‍ ദെറാസി, കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് അല്‍ അലാവി, കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ഡോ. ഹുദ അല്‍ അന്‍സാരി, കണ്‍സള്‍ട്ടന്റ് എമര്‍ജന്‍സി മെഡിസിന് സ്പെഷ്യലിസ്റ്റ് ഡോ. നബീല്‍ മുഹമ്മദ് മുഹമ്മദ് ബസ്തവിസി, കണ്‍സള്‍ട്ടന്റ് ഫാമിലി മെഡിസിനും സല്‍മാബാദ് ശാഖയുടെ മെഡിക്കല്‍ ഡയറക്ടറുമായ ഡോ. ബുഷ്റ അല്‍ ഷറഫ് എന്നിവരടക്കമുള്ള ഡോക്ടര്‍മാരെ ആദരിച്ചു.
ഡോക്ടര്‍മാരുടെ സേവനങ്ങളെ അംഗീകരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ഉപഹാരങ്ങളും സമ്മാനിച്ചു. രോഗികള്‍ക്ക് തങ്ങളുടെ ഡോക്ടര്‍മാരോടുള്ള നന്ദിയും സ്നേഹവും അറിയിക്കാന്‍ എല്ലാ ശാഖകളിലും ക്യുആര്‍ കോഡ് മുഖേന സന്ദേശങ്ങള്‍ അയക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. രോഗികളില്‍നിന്ന് ലഭിച്ച സന്ദേശങ്ങള്‍ ഓരോ ഡോക്ടര്‍ക്കും പ്രത്യേകം കൈമാറി.
സമൂഹത്തിന്റെ വിശ്വാസം നേടിയെടുക്കുന്നതില്‍ ഡോക്ടര്‍മാര്‍ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണെന്നും രോഗികളുടെ സ്നേഹസന്ദേശങ്ങള്‍ ചടങ്ങിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നുവെന്ന് ഡോ. ശരത് ചന്ദ്രന് പറഞ്ഞു.
ബഹ്റൈന്‍ ഡോക്ടര്‍മാരുടെ തൊഴില്‍പരമായ വളര്‍ച്ചയ്ക്കും നേതൃത്വപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനും പരിശീലനത്തിനും ഗ്രൂപ്പ് തുടര്‍ന്നും പിന്തുണ നല്‍കുമെന്ന് വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ് അറിയിച്ചു.

